Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയിൽ ബിഗ് സ്‌ക്രീൻ മിഴി തുറന്നപ്പോൾ

ഏതൊരു സമൂഹത്തെയും കൂടുതൽ ഊർജസ്വലമാക്കുന്നതിൽ വിനോദോപാധികൾക്ക് ഏറെ പങ്കുണ്ട്. ഒരു രാജ്യത്തിന്റെ പൗരന്മാരിൽ പകുതിയിലേറെ പേരും യുവജനങ്ങളാകുമ്പോൾ ഇതിന് പ്രസക്തിയേറെയാണ്. ഈ മേഖല പുഷ്പിക്കുന്നതോടെ വരുമാന സ്രോതസ്സിന് അത് ശക്തിയേകുമെന്നു മാത്രമല്ല, രാജ്യത്തിന്റെ സാംസ്‌കാരിക പാരമ്പര്യം ഇതര സമൂഹങ്ങളിലേക്ക് എത്തിക്കാനും കഴിയും. ഇതോടൊപ്പം നന്മയുടെയും കരുത്തിന്റെയും കഠിനാധ്വാനത്തിന്റെയും സന്ദേശം പകരുന്നതിനും ഇതുപകരിക്കും. സൗദി അറേബ്യയിലെ ഭരണാധികാരികളെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ച ഘടകമിതാണ്. കായിക, വിനോദ, ഉല്ലാസ മേഖലയിൽ സൗദി അറേബ്യ പുതുയുഗ പിറവിയിലാണ്. 2018 ഏപ്രിൽ 18 സൗദിയുടെ സാംസ്‌കാരക ചരിത്രത്തിൽ പുത്തൻ ഏട് രചിക്കപ്പെട്ട ദിനമാണ്. മൂന്നര പതിറ്റാണ്ടിലേറെക്കാലത്തെ ഇടവേളക്കു ശേഷം സൗദിയിൽ പൊതുജനങ്ങൾക്കായി സിനിമാ തിയേറ്റർ തുറന്നുകൊടുത്തത് ലോക മാധ്യമങ്ങൾക്ക് വാർത്തയാകാൻ കാരണവും ഇതു തന്നെയാണ്. 
സത്യത്തിൽ സിനിമാ മേഖല സൗദി അറേബ്യക്ക് പൂർണമായും അന്യമായിരുന്നുവെന്ന് പറയാനാവില്ല. 1970 കളിൽ അത്ര വ്യാപകമായിരുന്നില്ലെങ്കിലും പല ഭാഗത്തും സിനിമാ പ്രദർശനം നടന്നിരുന്നു. പിന്നീടത് ചില കോണുകളിൽ നിന്നുള്ള എതിർപ്പിനെ തുടർന്ന് നിർത്തിവെക്കുകയായിരുന്നു. അപ്പോഴും വീഡിയോ ഷോപ്പുകൾ അനുവദിച്ചുകൊണ്ട് വീടുകളിലിരുന്ന് സിനിമ കാണാൻ അനുമതി നൽകിയിരുന്നു. സാറ്റലൈറ്റ് ചാനലുകൾ വ്യാപകമായതോടെ വീഡിയോകൾക്ക് പ്രസക്തിയില്ലാതാവുകയും ഇത്തരം ഷോപ്പുകൾ അപ്രത്യക്ഷമാവുകയുമായിരുന്നു.  ചാനലുകളിലൂടെ ലോകത്തെ ഏതു സിനിമയും ലഭ്യമായിരുന്നുവെന്നതിനാൽ സൗദിയിലെ സിനിമാ പ്രേമികൾക്ക് ഹോളിവുഡും ബോളിവുഡുമെല്ലാം സുപരിചിതമാണ്. 
ഇതിനിടെ വളരെ വിരളമായിട്ടാണെങ്കിലും സൗദിയിൽ സിനിമാ നിർമാണവും നടന്നിട്ടുണ്ട്. സൗദിയുടെ ആദ്യ സിനിമയായി പരിഗണിക്കുന്നത് 2006 ൽ പുറത്തിറങ്ങിയ 'കൈഫൽ ഹാൽ' ആണ്. യു.എ.ഇയിൽ ഷൂട്ട് ചെയ്ത ഈ സിനിമയിൽ ജോർദാൻ നടിയാണ് നായികയായി അഭിനയിച്ചത്. സൗദിയിൽ പൂർണമായും ചിത്രീകരിച്ച ആദ്യ സിനിമ ഹൈഫ അൽ മൻസൂർ സംവിധാനം ചെയ്ത് 2012 ൽ പുറത്തിറങ്ങിയ 'വജ്ദ'യാണ്. ഈ സിനിമ വിദേശ ഭാഷാ ചലച്ചിത്ര വിഭാഗത്തിൽ ഓസ്‌കറിനായി സമർപ്പിച്ചിരുന്നുവെങ്കിലും നോമിനേറ്റ് ചെയ്യപ്പെട്ടില്ല. എന്നാലിത് മികച്ച വിദേശ ചിത്രം എന്ന നിലയിൽ 2014 ൽ ബാഫ്റ്റ അവാർഡിനും ദുബായ് ഇന്റർനാഷണൽ ഫിലിം അവാർഡിനും അർഹമായിരുന്നു. 
പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് നിലനിന്ന സംവിധായിക ഹൈഫയെ രാജ്യത്തിന്റെ സാംസ്‌കാരിക ഉന്നതാധികാര സമിതിയായ സൗദി അറേബ്യൻ ജനറൽ അതോറിറ്റി ഫോർ കൾച്ചറൽ ഡയറക്ടർ ബോർഡിലേക്ക് തെരഞ്ഞെടുത്തുകൊണ്ട് രാജ്യമിപ്പോൾ ആദരിച്ചിരിക്കുകയാണ്. 2015 ൽ ജിദ്ദയിൽ ചിത്രീകരിച്ച മഹമൂദ് സബാഗ് സംവിധാനം ചെയ്ത 'ബറക്ക യുക്കബിൽ ബറക്ക' എന്ന ചിത്രം ബെർലിൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയും ഫീച്ചർ ഫിലിം വിഭാഗത്തിൽ ജൂറി അവാർഡ് നേടുകയും ചെയ്തിരുന്നു. ഇതിനു പുറമെ ഒട്ടേറെ ഷോർട്ട് ഫിലിമുകളും ഡോക്യുമെന്ററികളും സൗദിൽ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെ കലാ, സാംസ്‌കാരിക പാരമ്പര്യമുള്ള സൗദി അറേബ്യക്ക് പുതിയ നയനിലപാടുകളിലൂടെ സിനിമാ മേഖലയിൽ വൻ വളർച്ച കൈവരിക്കാൻ പ്രയാസമുണ്ടാവില്ല.  
35 വർഷത്തെ ഇടവേളക്കു ശേഷം റിയാദിലെ കിംഗ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലാണ് സിനിമാ വ്യവസായ മേഖലയിലെ പ്രശസ്ത കമ്പനിയായ എ.എം.സി എൻറർടൈൻമെൻറുമായി സഹകരിച്ച് ആദ്യ സിനിമ തിയേറ്റർ തുറന്നിട്ടുള്ളത്. ഈ വർഷത്തെ ഹോളിവുഡ് ബ്ലോക്ക് ബസ്റ്റർ ബ്ലാക്ക്പാന്തറാണ് ഇവിടെ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്നത്. സിനിമയുടെ തിരിച്ചുവരവ് സൗദിയുടെ ആധുനിക ചരിത്രത്തിലെയും സാംസ്‌കാരിക ജീവിതത്തിലെയും വിനോദ വ്യവസായ വികസനത്തിലെയും സുപ്രധാന നിമിഷമായാണ് തിയേറ്റർ ഉദ്ഘാടനം ചെയ്ത സാംസ്‌കാരിക ഇൻഫർമേഷൻ മന്ത്രി ഡോ. അവാദ് അൽഅവാദ് വിശേഷിപ്പിച്ചത്. സിനിമാ പ്രദർശനം വ്യാപകമാകുന്നതോടെ പ്രതിവർഷം 100 കോടിയിലേറെ ഡോളറിന്റെ വരുമാനം  ടിക്കറ്റ് വിൽപനയിലൂടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിനോദ പദ്ധതികളിലൂടെ ധനവിനിയോഗം വർധിപ്പിക്കുന്നതിനും ജനങ്ങൾക്ക് വ്യത്യസ്തമായ വിനോദോപാധികൾ ലഭ്യമാക്കുന്നതിനും വിഷൻ 2030 പദ്ധതി വിഭാവനം ചെയ്തിരുന്നു. അതിനനുസൃതമായാണ് വിനോദ മേഖലയിലെ പുതിയ പദ്ധതികൾ. ലോകത്തെ ഏറ്റവും വലിയ തിയേറ്റർ ശൃംഖലയുടെ ഉടമകളായ എ.എം.സി എന്റർടൈൻമെന്റ് കമ്പനിയും സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെൻറ് ഫണ്ടിനു കീഴിലെ ഡെവലപ്‌മെന്റ് ആന്റ് ഇൻവെസ്റ്റ്‌മെന്റ് എന്റർടൈൻമെന്റ് കമ്പനിയും ചേർന്ന് 2030 ഓടെ 1000 കോടി റിയാലിന്റെ നിക്ഷേപമാണ് വിനോദ മേഖലയിൽ ലക്ഷ്യമിടുന്നത്. മറ്റു തിയേറ്റർ കമ്പനികളും സൗദിയിൽ നിക്ഷേപത്തിനു സന്നദ്ധമായിട്ടുണ്ട്. 2030 ഓടെ 350 മൾട്ടിപ്ലക്‌സുകളിൽ 2500 ലേറെ സിനിമ പ്രദർശനശാലകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സിനിമാ മേഖലയിലെന്ന പോലെ മറ്റു വിനോദ മേഖലകളിലും ഒട്ടേറെ പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ശനിയാഴ്ച തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് റിയാദിൽ ശിലാസ്ഥാപനം നിർവഹിക്കാനിരിക്കുന്ന ഖിദിയ പദ്ധതി ഇതിലൊന്നാണ്. പദ്ധതി പൂർത്തിയാകുന്നതോടെ ലോകോത്തര സാംസ്‌കാരിക, സ്‌പോർട്‌സ്, വിനോദ കേന്ദ്രമായി ഇതു മാറും. ലോക പ്രശസ്ത ഗുസ്തി താരങ്ങൾ പങ്കെടുക്കുന്ന നാളെ ജിദ്ദയിൽ നടക്കുന്ന റോയൽ റംബിളും വിനോദ മേഖലയിലെ മാറ്റത്തെയാണ് കാണിക്കുന്നത്. സൗദിയുടെ സാംസ്‌കാരിക, വിനോദ, ഉല്ലാസ മേഖല വരും നാളുകളിൽ മറ്റേതൊരു വികസിത രാജ്യത്തോടുമൊപ്പം  നിൽക്കാനാവുംവിധം സമ്പന്നമാകും.
 

Latest News