ന്യൂദൽഹി- വിളിക്കാനും സന്ദേശം അയക്കാനും സൗകര്യം നൽകുന്ന വാട്‌സാപ്പ്, സൂം, സ്‌കൈപ് പോലുള്ള ആപ്ലിക്കേഷനുകൾക്ക് രാജ്യത്ത് പ്രവർത്തിക്കാൻ ലൈസൻസ് നിർബന്ധമാക്കുന്നു. ഇക്കാര്യങ്ങൾ വ്യവസ്ഥ ചെയ്യുന്ന ടെലികമ്യൂണിക്കേഷൻ ബില്ലിന്റെ കരട് ടെലികോം മന്ത്രാലയം അവതരിപ്പിച്ചു. ഒ.ടി.ടി ആപ്പുകളെയും ടെലി കമ്യൂണിക്കേഷൻ സേവനമായി ഉൾപ്പെടുത്തി.
ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കണമെങ്കിൽ ലൈസൻസ് നേടിയിരിക്കണമെന്നാണ് വ്യവസ്ഥ. ടെലികോം, ഇന്റർനെറ്റ് സേവനദാതാക്കൾക്ക് ഫീസും പിഴയും ഒഴിവാക്കാനുള്ള വ്യവസ്ഥയും കരട് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ ടെലികോം ബിൽ 2022 സംബന്ധിച്ച് നിങ്ങളുടെ കാഴ്ച്ചപ്പാട് തേടുന്നു എന്ന കുറിപ്പോടെ കേന്ദ്ര ടെലികോം മന്ത്രി അശ്വനി വൈഷ്ണവ് കരട് ബില്ലിന്റെ ലിങ്ക് സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവെച്ചു.