റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ പുറത്ത് പോകേണ്ടി വന്നത് പെട്ടെന്നൊരു ദിവസമല്ല. രാജ്യസഭയിൽ ബി.ജെ.പിക്കായി ഏറ്റവും വാചാലനാവുന്ന സുബ്രഹ്മണ്യം സ്വാമിയാണ് റിസർവ് ബാങ്ക് ഗവർണറെ കാലാവധി കഴിയുന്ന മുറയ്ക്ക് ഷിക്കാഗോയിലേക്ക് തിരിച്ചയക്കണമെന്നാവശ്യപ്പെട്ടത്. റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനെ സ്ഥാനത്തുനിന്ന് ഉടനടി നീക്കണമെന്നതായിരുന്നു ബിജെപി ദേശീയ നിർവാഹക സമിതി അംഗവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യം സ്വാമിയുടെ ആവശ്യം.
കേന്ദ്രത്തിലെ മോഡി സർക്കാരിന്റെ ഏറ്റവും വലിയ വീഴ്ചയെന്തെന്ന് ചോദിച്ചാൽ നോട്ട് നിരോധനമെന്നതായിരിക്കും ഉത്തരം. കഴിഞ്ഞ ദിവസം മധ്യ കേരളത്തിൽ ഒരു സ്ത്രീ ആത്മഹത്യ ചെയ്തതിനെ കുറിച്ച് വന്ന പത്രവാർത്തയിൽ പറയുന്നതിങ്ങനെ. സ്വന്തമായി ബ്യൂട്ടി പാർലർ തുടങ്ങി ജീവിതം മെച്ചപ്പെടുത്താൻ ആലോചിച്ചു വരുന്നതിനിടെ നോട്ട് നിരോധനമുണ്ടാക്കിയ സാമ്പത്തിക തകർച്ചയും ഈ കടുംകൈക്ക് കാരണമായിട്ടുണ്ടെന്നാണ്. നൂറ്റി ഇരുപത് കോടിയിലേറെ വരുന്ന ഇന്ത്യക്കാരുടെ ജീവിതത്തെയാകെ ബാധിച്ച മറ്റൊരു പ്രതിഭാസം വേറെയുണ്ടാവില്ല.
കേന്ദ്ര സർക്കാർ നോട്ട് നിരോധിക്കുന്നതിന് മുമ്പെയാണ് റിസർവ് ബാങ്ക് ഗവർണർ സ്ഥാനത്തു നിന്ന് രഘുറാം രാജനെ തഴഞ്ഞത്. മോഡി സർക്കാർ ഊർജിത് പട്ടേലിനെ റിസർവ് ബാങ്ക് ഗവർണറാക്കുകയും ചെയ്തു. അതോടെയാണ് നോട്ടു നിരോധനം എന്ന അബദ്ധം സംഭവിച്ചത്. വിവാദമായ നോട്ടു നിരോധനത്തെ എതിർത്ത ആളായിരുന്നു രഘുറാം രാജൻ എന്നതും ഇന്ത്യക്കാർക്ക് മറക്കാനാവില്ല.
നോട്ട് നിരോധനം ഒരു നല്ല ആശയമായിരുന്നില്ലെന്നും നല്ല രീതിയിൽ ആസൂത്രണം ചെയ്യാതെയാണ് അത് നടപ്പിലാക്കിയതെന്നുമുള്ള അഭിപ്രായക്കാരനാണ് രഘുറാം രാജൻ. അതുകൊണ്ട് തന്നെയാണ് അദ്ദേഹം മോഡിയുടെ കരിമ്പട്ടികയിൽ ഇടംപിടിച്ചത്. നോട്ട് നിരോധനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആർബിഐയുമായി സർക്കാർ ചർച്ച നടത്തിയില്ല. രാജ്യത്ത് പ്രചാരത്തിലുള്ള ആകെ നോട്ടുകളുടെ 87.5 ശതമാനവും റദ്ദാക്കാനുള്ള നീക്കം നല്ല ആശയമായിരുന്നില്ല -അദ്ദേഹം പറഞ്ഞു. ഇങ്ങനെ ഒരാശയം ഉരുത്തിരിഞ്ഞു വന്നപ്പോൾ തന്നെ താൻ ഇത് സർക്കാരിനോട് പറഞ്ഞതായിരുന്നുവെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക മേഖലയെ നോട്ട് നിരോധനം സഹായിച്ചിട്ടുണ്ടോ എന്നറിയാൻ പുതിയ സാമ്പത്തിക സിദ്ധാന്തം രൂപപ്പെടുത്തേണ്ടി വരും. ഏറ്റവും വലിയ പ്രശ്‌നം പണമില്ലാതെ ജനങ്ങൾ ബുദ്ധിമുട്ടും എന്നതാണ്. ഇത് ചെറുകിട വ്യവസായ മേഖലയെ കാര്യമായി ബാധിക്കും. അസംഘടിത മേഖലയിൽ തൊഴിൽ നഷ്ടപ്പെട്ടവർ ഏറെയാണെന്നും അത് കണക്കുകൂട്ടാൻ പ്രയാസമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
റിസർവ് ബാങ്ക് ഗവർണറായിരുന്ന രഘുറാം രാജനെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മേധാവിയായി പരിഗണിക്കുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വാർത്തയുണ്ട്. കനേഡിയൻ പൗരനായ മാർക്ക് കാർണിയാണ് ഇപ്പോൾ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണർ. എട്ടു വർഷമാണ് കാലാവധി. അഞ്ചു വർഷം പൂർത്തിയാകുമ്പോൾ അദ്ദേഹം സ്വയം സ്ഥാനം ഒഴിയുകയാണ്. അടുത്ത വർഷമാണ് അദ്ദേഹം സ്ഥാനം ഒഴിയുക. ഈ സാഹചര്യത്തിലാണ് പുതിയ ഗവർണറെ തേടുന്നത്. ഇന്ത്യയിലെ ബാങ്കിങ് മേഖലയിൽ കർശന അച്ചടക്കം കൊണ്ടുവരാൻ ശ്രമിച്ച രഘുറാം രാജനെ മോഡി സർക്കാർ ഗവർണർ സ്ഥാനത്ത് നിന്ന് കാലാവധി നീട്ടിക്കൊടുക്കാതെ ഒഴിവാക്കുകയായിരുന്നു. സാമ്പത്തിക രംഗത്തെ പല കാര്യങ്ങളിലും സർക്കാരുമായി അദ്ദേഹത്തിന് കടുത്ത വിയോജിപ്പുണ്ടായിരുന്നു.
ഉന്നത പദവിയിൽ രഘുറാം രാജനെ നിയമിക്കാനാണ് ആലോചനയെന്ന് പ്രമുഖ സാമ്പത്തിക പത്രമായ ഫൈനാൻഷ്യൽ ടൈംസും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരിക്കേ 2013 ലാണ് റിസർവ് ബാങ്ക് ഗവർണറായി രഘുറാം രാജനെ നിയമിക്കുന്നത്. മികച്ച പ്രകടനവുമായി കാലാവധി പൂർത്തിയാക്കിയ രഘുറാം രാജനെ വീണ്ടും തുടരാൻ മോഡി സർക്കാർ ക്ഷണിക്കാതിരുന്നത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ ഗവർണറായിരിക്കേ അദ്ദേഹം കൈവരിച്ച നേട്ടങ്ങളും കേന്ദ്രീകൃത ബാങ്കിംഗിൽ അദ്ദേഹത്തിനുള്ള പരിചയവുമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പരിഗണിക്കുന്നത്. സാമ്പത്തിക വിദഗ്ധൻ എന്ന നിലയിൽ അന്താരാഷ്ട്ര തലത്തിൽ നേടിയ അംഗീകാരങ്ങളും രഘുറാം രാജനെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മേധാവിയായി പരിഗണിക്കുന്നതിൽ നിർണായക ഘടകങ്ങളായി. ലോക പ്രശസ്ത സാമ്പത്തിക വിദഗ്ധനായ രഘുറാം രാജന് ഈ സ്ഥാനം ലഭിക്കാൻ വലിയ സാധ്യതയാണുള്ളത്.
ബാങ്കിന്റെ മേധാവിയായി പുതിയ ആളെ തെരഞ്ഞെടുക്കുന്നതിന് പരിഗണിക്കാൻ ആറു പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അതിൽ പ്രധാന പരിഗണന രഘുറാം രാജനാണ്.
മോഡി സ്റ്റൈലിനുള്ള പ്രധാന ന്യൂനത രാജ്യം ഏറ്റവും ചർച്ച ചെയ്യുന്ന വിവാദ വിഷയങ്ങളെ കുറിച്ച് അദ്ദേഹം പ്രതികരിക്കാറേ ഇല്ലെന്നതാണ്. കശ്മീരിലെ പെൺകുട്ടിയ്ക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് ഒന്നും പറയാതെയാണ് പ്രധാനമന്ത്രി അടുത്തിടെ വിദേശ പര്യടനം പൂർത്തിയാക്കിയത്. ഇതൊരു പുതിയ കാര്യമല്ല.
ജീവിക്കാനാവാത്ത സാഹചര്യത്തിലാണ് ദളിത് വിദ്യാർഥി രോഹിത് വെമുല ആത്മഹത്യ ചെയ്തത്. അന്താരാഷ്ട്ര മാധ്യമങ്ങളിൽ സജീവ ചർച്ചാ വിഷയമായ കാമ്പസ് വിഷയത്തിലും പ്രധാനമന്ത്രി മൗനം പാലിക്കുകയാണ് ചെയ്തത്.
റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ പുറത്ത് പോകേണ്ടി വന്നത് പെട്ടെന്നൊരു ദിവസമല്ല. രാജ്യസഭയിൽ ബി.ജെ.പിക്കായി ഏറ്റവും വാചാലനാവുന്ന സുബ്രഹ്മണ്യം സ്വാമിയാണ് റിസർവ് ബാങ്ക് ഗവർണറെ കാലാവധി കഴിയുന്ന മുറയ്ക്ക് ഷിക്കാഗോയിലേക്ക് തിരിച്ചയക്കണമെന്നാവശ്യപ്പെട്ടത്. റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനെ സ്ഥാനത്തുനിന്ന് ഉടനടി നീക്കണമെന്നതായിരുന്നു ബിജെപി ദേശീയ നിർവാഹക സമിതി അംഗവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യം സ്വാമിയുടെ ആവശ്യം. രാജ്യതാൽപര്യങ്ങൾക്ക് വിരുദ്ധമായാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നാണ് സ്വാമിയുടെ ആരോപണം. റിസർവ് ബാങ്ക് ഗവർണർ സ്ഥാനത്ത് മൂന്ന് വർഷത്തേക്കാണ് അദ്ദേഹത്തെ നിയമിച്ചത്. രഘുറാം രാജനെ മാറ്റാൻ പ്രധാനമായും ആറു കാരണങ്ങളാണ് സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അയച്ച കത്തിൽ പറഞ്ഞിരുന്നത്.
രഘുറാം രാജൻ പൂർണ ഇന്ത്യക്കാരനല്ലെന്നതാണ് പ്രധാന ആരോപണം. അമേരിക്കയിലെ ഗ്രീൻ കാർഡ് ഹോൾഡറായ രഘുറാം ഷിക്കാഗോ സർവകലാശാലയുടെ ഇ-മെയിലിലൂടെയാണ് അതീവ രഹസ്യ സ്വഭാവമുള്ള സുപ്രധാന വിവരങ്ങൾ കൈമാറുന്നത്. ഉത്തരവാദിത്തമില്ലായ്മാണ് ഇതിലൂടെ വ്യക്തമാവുന്നത്. പലിശ നിരക്ക് വർധിപ്പിക്കുമ്പോൾ ഉടലെടുക്കാൻ സാധ്യതയുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ശ്രദ്ധിക്കാത്തതിനാൽ സമ്പദ്‌വ്യവസ്ഥ കുഴപ്പത്തിലായി. ബിജെപി സർക്കാരിനെതിരെ അസഹിഷ്ണുതാ പരാമർശം നടത്തി തുടങ്ങിയവയാണ് രാജനെതിരെ സ്വാമിയുടെ കുറ്റപത്രത്തിലുള്ളത്. അസഹിഷ്ണുതയുടെ കാര്യമെടുത്തിട്ടാൽ സംഘ പരിവാറിന്റെ പിന്തുണ ലഭിക്കുമെന്നറിഞ്ഞാണ് സ്വാമി അത് കൂടി ഉൾപ്പെടുത്തിയത്.
വർധിച്ചുവന്ന അസഹിഷ്ണുതകൾക്കെതിരെ പ്രതികരിക്കാൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനും ഇൻഫോസിസ് സ്ഥാപകൻ എൻ ആർ നാരായണമൂർത്തിയും സജീവമായി രംഗത്തുണ്ടായിരുന്നു.
രാജ്യത്തെ ന്യൂനപക്ഷങ്ങൾ ഭയത്തോടെയാണ് കഴിയുന്നത്. അവരിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചെയ്യേണ്ടതെന്ന് അദ്ദേഹം ഓർമിപ്പിച്ചിരുന്നു. സർക്കാരിന്റെ ലക്ഷ്യം ജനങ്ങൾക്കിടയിൽ ഈ രാജ്യം നമ്മുടേതാണ് എന്ന ഊർജവും ഉത്സാഹവും ആവേശവും സൃഷ്ടിക്കുകയാണെന്ന് പ്രമുഖ ദേശീയ മാധ്യമത്തിന് അക്കാലത്ത് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ആരെയെങ്കിലും ആക്രമിക്കുന്നതും ഒരു പ്രത്യേക വിഭാഗത്തെ അധിക്ഷേപിക്കുന്നതും സമൂഹത്തിൽ അവരുടെ പ്രാതിനിധ്യം കുറക്കും. സമാധാനവും ഐക്യവും ഉണ്ടെങ്കിൽ മാത്രമേ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാവൂ എന്നും രഘുറാം രാജൻ അഭിപ്രായപ്പെട്ടിരുന്നു. ഇതോടെയാണ് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി അദ്ദേഹത്തിനെതിരെ പോരിനിറങ്ങിയത്.
രഘുറാം രാജൻ തന്റെ പണി നോക്കിയാൽ മതി. അല്ലാതെ മുത്തച്ഛനാകാൻ നോക്കേണ്ടെന്ന് സ്വാമി പ്രതികരിച്ചിരുന്നു. സാമ്പത്തിക വിദഗ്ധനായ രഘുറാം രാജൻ തന്റെ പ്രാഗത്ഭ്യം വിവിധ നടപടികളിലൂടെ വ്യക്തമാക്കിയിരുന്നു. പ്രതിസന്ധികളിൽ പിടിച്ചു നിൽക്കാൻ ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് സാധിച്ചതിന് പിന്നിൽ അദ്ദേഹത്തിന്റെ മിടുക്കാണെന്ന് പറയാം.
ദോശ വില കുറയാത്തതിനു കാരണം ദോശ തവിയാണെന്ന് കൊച്ചിയിലെ വിദ്യാർഥിനിക്ക് ഉത്തരം നൽകിയ ആർബിഐ ഗവർണ്ണർ രഘുറാം രാജനെ മറക്കുന്നതെങ്ങനെ? ഫെഡറൽ ബാങ്ക് സംഘടിപ്പിച്ച പരിപാടിയിൽ ഒരു വിദ്യാർഥിയുടെ ചോദ്യത്തിനാണ് രഘുറാം ഇങ്ങനെ പറഞ്ഞത്. തെക്കേ ഇന്ത്യയിലെ പ്രധാന ഭക്ഷണമാണല്ലോ ദോശ. ദോശ വില കുത്തനെ കൂടിക്കൊണ്ടിരിക്കുകയാണ്. ഇതിനു കാരണം ദോശ തവിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്നും ദോശയുണ്ടാക്കാൻ ഇലക്ട്രിക് ഉപകരണങ്ങൾ വന്നിട്ടില്ല. ഇപ്പോഴും പരമ്പരാഗതമായിട്ടാണ് ഹോട്ടലുകളിലും മറ്റും ദോശ ചുടുന്നത്. കൂടുതൽ അധ്വാനവും സമയവും ആവശ്യമായി വരുന്നു. മാവ് തവിയിലേക്ക് ഒഴിച്ച് ഉണ്ടാക്കുന്ന പ്രക്രിയ ഉള്ളിടത്തോളം കാലം ദോശ വില കുറയില്ലെന്നും രഘുറാം വിശദീകരിച്ചു. തൊഴിലാളികൾക്ക് കൂടുതൽ അധ്വാനം ആവശ്യമുള്ള ജോലികൾക്ക് ഉയർന്ന വേതനം നൽകണം. അതിന്റെ ഫലമായി ഉൽപന്നത്തിന്റെ വില വർദ്ധിക്കുക സ്വാഭാവികമാണ്. ബാങ്കിംഗ് ഇടപെടലുകളിലൂടെ പണപ്പെരുപ്പം കുറയുമ്പോൾ ദോശയുടെ വില കുറയുന്നില്ല, ഇതെന്ത്‌കൊണ്ടാണെന്നായിരുന്നു വിദ്യാർഥിയുടെ ചോദ്യം.
ബന്ധങ്ങൾ വഷളാവുന്നതിന് മുമ്പ് രാജനെ സാമ്പത്തിക കാര്യങ്ങൾ പഠിപ്പിച്ച് തരുന്ന മികച്ച അധ്യാപകൻ എന്ന് മോഡി പറഞ്ഞിരുന്നു. അവിടെ നിന്നാണ് മോഡി- രഘുറാം രാജൻ സൗഹൃദം തുടങ്ങുന്നത്.
ഭരണം നിയന്ത്രിക്കുന്ന കേന്ദ്രങ്ങളുടെ താൽപര്യ പ്രകാരം ഊർജിത് പട്ടേൽ ആർ.ബി.ഐ ഗവർണറായി ചുമതലയേൽക്കുകയും ചെയ്തു. രഘുറാം രാജന്റെ മുൻഗാമികൾക്ക് കാലാവധി നീട്ടി അഞ്ചു വർഷം തികയ്ക്കാൻ സർക്കാരുകൾ അനുവദിച്ച പതിവ് പാലിക്കപ്പെട്ടതുമില്ല. ഇതോടെയാണ് ഇന്ത്യൻ സമ്പദ്ഘടനയെക്കുറിച്ച് യു.എസ് സർവകലാശാലകളിൽ ഗവേഷണം നടത്തുകയെന്ന പദ്ധതിയുമായി അദ്ദേഹം നീങ്ങിയത്.
നിലവിൽ ഷിക്കാഗോ സർവകലാശാലയിൽ പ്രൊഫസറാണ് അദ്ദേഹം. ഐ എം എഫ്, ലോക ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളിൽ ഉയർന്ന പദവികൾ വഹിച്ചിട്ടുണ്ട്. റിസർവ് ബാങ്ക് ഗവർണറായിരിക്കേ അദ്ദേഹം കൈവരിച്ച നേട്ടങ്ങളും കേന്ദ്രീകൃത ബാങ്കിംഗിൽ അദ്ദേഹത്തിനുള്ള പരിചയവും സാമ്പത്തിക വിദഗ്ധൻ എന്ന നിലയിൽ അന്താരാഷ്ട്ര തലത്തിൽ നേടിയിട്ടുള്ള അംഗീകാരങ്ങളും രഘുറാം രാജന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തലപ്പത്തിരിക്കാനുള്ള അർഹതയാണ്.
ഗവർണർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് ആറു പേരുടെ പട്ടിക തയ്യാറാക്കിയതിൽ വലിയ പ്രാധാന്യമാണ് രാജന് നൽകിയിരിക്കുന്നത്. ആൻഡ്രൂ ബെയ്‌ലി, ബെൻ ബ്രോഡ്‌ബെന്റ്, ഇന്ത്യൻ വംശജയായ ബാരോൺസ് ശ്രിതീ വധേര, ആൻഡി ഹാൾഡനെ, മിനോച്ചി ഷാഫി എന്നീ പേരുകളാണ് രഘുറാം രാജനൊപ്പം ഫിനാൻഷ്യൽ ടൈംസ് മുന്നോട്ട് വെച്ചിരിക്കുന്നത്. നമ്മുടെ നഷ്ടം ഇംഗ്ലണ്ടിന്റെ നേട്ടമാവുമോയെന്ന് കണ്ടറിയാം.