ഹലാ അല്‍തുവൈജിരി സൗദി മനുഷ്യാവകാശ കമ്മീഷന്‍ മേധാവി

ജിദ്ദ - സൗദി മനുഷ്യാവകാശ കമ്മീഷന്‍ പ്രസിഡന്റ് പദവിയില്‍ ഡോ. ഹലാ ബിന്‍ത് മസീദ് ബിന്‍ മുഹമ്മദ് അല്‍തുവൈജിരിയെ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് നിയമിച്ചു. മന്ത്രി റാങ്കോടെയാണ് നിയമനം. ഡോ. അവാദ് ബിന്‍ സ്വാലിഹ് അല്‍അവാദിന്റെ പിന്‍ഗാമിയായാണ് ഡോ. ഹലാ അല്‍തുവൈജിരിയെ മനുഷ്യാവകാശ കമ്മീഷന്‍ പ്രസിഡന്റ് പദവിയില്‍ നിയമിച്ചത്. മനുഷ്യാവകാശ കമ്മീഷന്‍ പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കിയ ഡോ. അവാദ് അല്‍അവാദിനെ റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവായി രാജാവ് നിയമിച്ചിട്ടുണ്ട്. സൗദിയില്‍ ആദ്യമായാണ് മനുഷ്യാവകാശ കമ്മീഷന്‍ തലപ്പത്ത് ഒരു വനിത നിയമിതയാകുന്നത്.
ഡോ. ഹലാ അല്‍തുവൈജിരി 2017 ജൂണ്‍ മുതല്‍ ഫാമിലി അഫയേഴ്‌സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ പദവി വഹിച്ചുവരികയായിരുന്നു. ജി-20 ല്‍ വനിതാ ശാക്തീകരണ ടീം അധ്യക്ഷയാണ്. 2021 ഏപ്രില്‍ മുതല്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഉപദേഷ്ടാവായും സേവമനുഷ്ഠിച്ചുവരുന്നു.
നേരത്തെ കിംഗ് സൗദ് യൂനിവേഴ്‌സിറ്റി ആര്‍ട്‌സ് കോളേജ് വൈസ്-ഡീന്‍, ഇതേ കോളേജിലെ ഇംഗ്ലീഷ്, ലിറ്ററേച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് വൈസ്-ഡീന്‍, ലെക്ചറര്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കിംഗ് അബ്ദുല്‍ അസീസ് മെഡല്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തില്‍ കിംഗ് സൗദ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബാച്ചിലര്‍, മാസ്റ്റര്‍, ഡോക്ടറേറ്റ് ബിരുദങ്ങള്‍ നേടിയിട്ടുണ്ട്.

 

Latest News