രണ്ടാം ടെസ്റ്റ്: ചിറകൊടിഞ്ഞ് ഇന്ത്യ

ഇശാന്ത് ശർമ്മയുടെ വിക്കറ്റെടുത്ത നഥാൻ ലിയോണിന്റെ ആഹ്ലാദം

ബംഗളൂരു- ആദ്യടെസ്റ്റിലെ പരാജയത്തിന്റെ പ്രേതം രണ്ടാം ടെസ്റ്റിലും ഇന്ത്യയെ വിട്ടൊഴിയുന്നില്ല. ഓസീസിനെതിരായ ഒന്നാം ടെസ്റ്റിൽ നാണം കെട്ട തോൽവി ഏറ്റുവാങ്ങിയ ഇന്ത്യക്ക് രണ്ടാം ടെസ്റ്റിലും കാര്യങ്ങൾ അത്രപന്തിയല്ല. നഥാൻ ലിയോണാണ് രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യയുടെ കഥ കഴിച്ചത്. 22.2 ഓവറിൽ 50 റൺസ് വഴങ്ങി ലിയോൺ എട്ടു വിക്കറ്റ് കൊയ്തു. ഇന്ത്യൻ നിരയിൽ ലോകേഷ് രാഹുൽ മാത്രമാണ് തിളങ്ങിയത്. 205 പന്തിൽ 90 റൺസെടുത്ത രാഹുലിനെ ലിയോണാണ് പുറത്താക്കിയത്. പുകൾപെറ്റ ഇന്ത്യൻ ബാറ്റിംഗ് നിരയിൽ ഒരാൾക്ക് പോലും മുപ്പത് റൺസ് ഏറ്റെടുക്കാനായില്ല.

അഭിനവ് മുകുന്ദ് (0), ചേതേശ്വർ പൂജാര (17), വിരാട് കോഹ്‌ലി (12), അജിൻക്യരഹാനെ (17), കരുൺ നായർ (26), അശ്വിൻ (7), വൃദ്ധിമാൻ സാഹ(1), ജദേജ (3), ഉമേഷ് യാദവ്(0), ഇശാന്ത് ശർമ(0) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സമ്പാദ്യം. കോഹ്‌ലി, ചേതേശ്വർ പൂജാര, രഹാനെ, അശ്വിൻ, സാഹ, ജദേജ, ഇശാന്ത് ശർമ, ലോകേഷ് രാഹുൽ എന്നിവരുടെ വിക്കറ്റുകളാണ് ലിയോൺ എറിഞ്ഞെടുത്തത്. സ്റ്റാർക്, സ്റ്റീവ് ഒ കഫേ എന്നിവരാണ് അവശേഷിച്ച രണ്ടു വിക്കറ്റുകൾ നേടിയത്. 

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് പതിനാറ് ഓറിൽ വിക്കറ്റൊന്നും നഷ്ടമാകാതെ 40 റൺസ് നേടിയിട്ടുണ്ട്. ഡേവിഡ് വാർണറും മാറ്റ് റെൻഷോയുമാണ് ക്രീസിൽ. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് തുടക്കം മുതൽ പിഴക്കുന്ന കാഴ്ച്ചക്കാണ് ബംഗളൂരുവിലെ എം.ചിന്നസാമി സ്റ്റേഡിയം സാക്ഷിയായത്. മൂന്നാമത്തെ ഓവറിൽ അഭിനവ് മുകുന്ദിലൂടെ തുടങ്ങിയ പതർച്ച 71.2 ഓവറിൽ ഇശാന്ത് ശർമയിലൂടെ പൂർത്തിയാകുകയായിരുന്നു. ഇന്ത്യയുടെ ആദ്യത്തെയും അവസാനത്തെയും വിക്കറ്റ് വീഴ്ത്തിയ ലിയോണാണ് ആതിഥേയരെ തകർത്തത്. 


 

Latest News