Sorry, you need to enable JavaScript to visit this website.
Monday , September   26, 2022
Monday , September   26, 2022

മടങ്ങാം പൊതുഗതാഗതത്തിലേക്ക്


ഇന്ന് ലോക കാർരഹിതദിനം 

 

ഇന്ന് രാജ്യത്ത് ഏറ്റവുമധികം കാറുകൾ വിറ്റഴിയുന്ന സംസ്ഥാനമാണ് കേരളം. റോഡുകളുടെ കാര്യത്തിലാകട്ടെ വളരെ പിറകിലും. ജനസാന്ദ്രത കൂടിയ കേരളത്തിൽ റോഡുകളുടെ വികസനത്തിനു വലിയ പരിമിതിയുണ്ട്. പൊതുവഴിയിലൂടെ സ്വകാര്യവാഹനങ്ങൾ ഓടിച്ചുപോകുമ്പോൾ നാം മറക്കുന്ന പ്രധാനപ്പെട്ട ഒന്ന്. എത്രയോ കാലത്തെ കഠിനാധ്വാനത്തിന്റെ ഫലമായി ജീവിതം പച്ചപിടിപ്പിക്കാൻ ശ്രമിക്കുന്ന വലിയൊരു വിഭാഗത്തിന്റെ ഭൂമിയും സ്വപ്നവും ചവിട്ടി മെതിച്ചാണ് നാം മുന്നോട്ടുപോകുന്നത്.  

 

കാറുകളുടെ അമിതമായ ഉപയോഗത്തിനു കടിഞ്ഞാണിടുക എന്ന ലക്ഷ്യത്തോടെ സെപ്തംബർ 22 ന് ലോകം ഒരിക്കൽ കൂടി കാർരഹിത ദിനം ആചരിക്കുകയാണ്. സ്വകാര്യകാറുകളുടെ ഉപയോഗം കുറച്ച് അന്തരീക്ഷ മലിനീകരണത്തിന്റെയും ആഗോളതാപനത്തിന്റേയും ഗതാഗതകുരുക്കിന്റെയും അളവു കുറക്കുക എന്നതാണ് ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. 1994-ൽ അമേരിക്കൻ പൊളിറ്റിക്കൽ സയന്റിസ്റ്റ്  എറിക് ബ്രിട്ടണാണ് ഈ ആശയം ആദ്യമായി മുന്നോട്ടുവെച്ചത്. അന്നത് കാര്യമായി ആരും പരിഗണിച്ചില്ല. യൂറോപ്പിലെ രണ്ട് നഗരങ്ങൾ മാത്രമാണ് അതിനോട് ഗുണാത്മകമായി പ്രതികരിച്ചത്. അവർ ഒരു പ്രവർത്തനം നടത്തുമെന്ന് പ്രഖ്യാപിച്ചത്. 

പിന്നീട് വേൾഡ് കാർ ഫ്രീ ഡേസ് അസോസിയേഷൻ രൂപം കൊണ്ടു.  1997 ൽ യുകെ സംസ്ഥാന തലത്തിൽ സെപ്റ്റംബർ 22 കാർ രഹിത ദിനമായി പ്രഖ്യാപിച്ചു. അടുത്ത വർഷം ഫ്രാൻസും ഈ പാത പിന്തുടർന്നു.  2000-ൽ യൂറോപ്പ് മുഴുവൻ വ്യാപിച്ചു. എന്നാൽ ഇന്ത്യയിലോ കേരളത്തിലോ ഈ ആശയത്തിനു കാര്യമായ ചലനമുണ്ടാക്കാൻ ഇതുവരേയും കഴിഞ്ഞിട്ടില്ല. ലോകത്തുതന്നെ കാർ വിപണി ഏറ്റവുമധികം വികസിക്കുന്ന രാജ്യമാണല്ലോ നമ്മുടേത്. കൊവിഡിനുശേഷം അത് കൂടുതൽ ശക്തമായിരിക്കുന്നു. കേരളമാകട്ടെ അക്കാര്യത്തിൽ രാജ്യത്തുതന്നെ ഒ്ന്നാമതാണ്. എന്നിട്ടും ഈ സന്ദേശം ഏറ്റെടുക്കപ്പെട്ടിട്ടില്ല.

ഇന്നു വളരെ പ്രകടമായ, ആഗോളതാപനം സൃഷ്ടിക്കുന്ന ദുരന്തങ്ങളാണ് കാർ രഹിത ദിനത്തെ ഏറ്റവും ശ്രദ്ധേയമാക്കുന്നത്. ആഗോളതാപനത്തിനു ഏറ്റവുമധികം സംഭാവന ചെയ്യുന്നത് വാഹനങ്ങളാണല്ലോ. അതുകൊണ്ടുതന്നെ തെരുവിലെ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കേണ്ടതുണ്ട്. പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് അതിനുള്ള ഏകമാർഗ്ഗം. തീവണ്ടിയാത്രയും ബസ് യാത്രയും തന്നെ പ്രധാനം. കൂടാതെ ചെറിയ ദൂരങ്ങൾ കാൽനടയായോ സൈക്കിളിലോ യാത്ര ചെയ്യാനുള്ള സന്ദേശവും ഈ ദിനാചരണം നൽകുന്നു. അതുവഴി ശാരീരികാരോഗ്യവും ഇന്ന് മനുഷ്യനു ഭീഷണിയായിരിക്കുന്ന ജീവിതചര്യ രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവും നേടാനാകുന്നു എന്നതും ഈ ദിനത്തിന്റെ സന്ദേശമാണ്. നഗരങ്ങളിലെ വൻതോതിലുള്ള ഗതാഗത സ്തംഭനം, അനുദിനം വർദ്ധിക്കുന്ന ഇന്ധനചിലവ്, ഇന്ധനക്ഷാമം തുടങ്ങിയവക്കുള്ള മറുപടി കൂടിയാണ് പൊതുഗതാഗതം പ്രോത്സാഹിപ്പിക്കൽ.
തീർച്ചയായും കാർ നിർമ്മാണരംഗത്ത് ഗുണകരമായ ചില മാറ്റങ്ങൾ കാണാനുണ്ട്. പല ആധുനിക കാർ മോഡലുകളിലേക്കും ഇക്കോ ഫംഗ്ഷൻ ചേർത്തിട്ടുണ്ട്.  5 സെക്കൻഡിൽ കൂടുതൽ നിൽക്കുമ്പോൾ കാർ എഞ്ചിൻ ഓഫ് ആകുന്നത് ഉദാഹരണം. വൈദ്യുതിയും സൗരോർജ്ജവും ഉപയോഗിക്കുന്ന കാറുകളും വ്യാപകമാകുന്നു. അതെല്ലാം സ്വാഗതാർഹമാണ്. എന്നാൽ ഇന്ത്യയെപോലുള്ള രാജ്യത്ത് ഇതെല്ലാം സാധാരണക്കാരിലെത്താൻ വർഷങ്ങളെടുക്കും. അതുവരെ ആഗോളതാപനം കാത്തിരിക്കുമെന്ന് കരുതാനാകില്ല.

നിർഭാഗ്യകരമെന്നു പറയട്ടെ നമ്മുടെ നാട്ടിലെ ഗതാഗത പരിഷ്‌കാരങ്ങളെല്ലാം സ്വകാര്യകാറുകൾക്കുവേണ്ടി സൃഷ്ടിക്കുന്നവയാണെന്നേ തോന്നൂ. ഇതുമായി ബന്ധപ്പെട്ട ഒരു ചർച്ചകളിലും പരിഗണിക്കപ്പെടാതെ പോകുന്ന വിഭാഗങ്ങളാണ് സൈക്കിൾ യാത്രക്കാരും കാൽ നടക്കാരും ബസ് യാത്രക്കാരും. കാൽനടക്കാർക്കു പൊതുവഴിയിൽ യാതൊരവകാശവുമില്ല എന്നു ധരിച്ചു വെച്ചിരിക്കുന്നവരിൽ വാഹനങ്ങൾ ഓടിക്കുന്നവർ മാത്രമല്ല, പോലീസും ഗതാഗതവകുപ്പ് അധികൃതരും ഉൾപ്പെടും. അവർക്കു നടക്കാനെന്നപേരിൽ നിർമ്മിച്ച ഫുട്പാത്തുകൾ പോലും വാഹനങ്ങൾ കൈയ്യേറുന്നു. പ്രധാന പാതകളിലും നഗരങ്ങളിലും റോഡുമുറിച്ചുകടക്കാനുള്ള സംവിധാനങ്ങൾ വളരെ കുറവാണ്. പല നഗരങ്ങളിലും  മാലിന്യങ്ങൾ പലയിടത്തായി ഫുട്പാത്തുകളിൽ കൂട്ടിയിട്ടിരിക്കുകയാണ്. 
സൈക്കിൾ യാത്രക്കാരുടെ പ്രശ്നങ്ങളും സമാനമാണ്. അടുത്ത കാലം വരെ സാധാരണക്കാരന്റെ വാഹനമായിരുന്ന സൈക്കിളിനും സൈക്കിൾ യാത്രക്കാരനും ഇന്നു പൊതുവഴിയിൽ ലഭിക്കുന്നത് അവഗണനയും പുച്ഛവും മാത്രം. സൈക്കിൾ യാത്രക്കാരൻ നമുക്ക് പ്രാകൃതനാണ്. . ചൈനയെപോലുള്ള രാജ്യങ്ങളിലെ തെരുവുകളിൽ സൈക്കിളുകളുടെ പ്രവാഹമാണ്. പല യൂറോപ്യൻ നഗരങ്ങളിലും മൊബിലിറ്റി ഹബ്ബുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് അവിടെനിന്ന് ഓഫീസുകളിലേക്ക് സൈക്കിളിൽ പോകുന്ന രീതിയുണ്ടായിട്ടുണ്ട്. വലിയ റോഡുകളിൽ സൈക്കിളുകൾക്കും കാൽനടക്കാർക്കും പ്രത്യേക ട്രാക്കുകൾ വെണമെന്ന നിയമം ഇവിടേയുമുണ്ട്. എന്നാൽ നടപ്പാക്കപ്പെടുന്നില്ല എന്നു മാത്രം. ടോൾ റോഡുകൾ പോലും അപവാദമല്ല.

റോഡിലൂടെ ഓടുന്ന വാഹനങ്ങളിൽ ഏറ്റവും കൂടുതൽ യാത്രക്കാരെ കൊണ്ടുപോകുന്ന പൊതുവാഹനമാണ് ബസ്. അതുകൊണ്ടുതന്നെ പൊതുവഴികളിൽ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത് ബസിനാണ്. എന്നാൽ സംഭവിക്കുന്നത് തിരിച്ചാണ്. നഗരങ്ങളിൽ എന്തെങ്കിലും ഗതാഗതതടസ്സമുണ്ടായാൽ ആദ്യം വഴി തിരിച്ചുവിടുക ബസാണ്. കാറുകൾക്കും ബൈക്കുകൾക്കും പരമാവധി അവസരം നൽകും. ബസുകളാകട്ടെ യാത്രക്കാരെ എവിടെയെങ്കിലും ഇറക്കിവിടും. പിന്നീട് എല്ലാവരും ഓട്ടോ വിളിക്കാനും മറ്റും നിർബന്ധിതരാകും. ഗതാഗതകുരുക്ക് കൂടുകയാണ് ഫലം. ചുരുങ്ങിയപക്ഷം ഗതാഗതതടസ്സമുള്ള സമയങ്ങളിലെങ്കിലും കാറുകൾ നഗരത്തിനു പുറത്തു പാർക്കുചെയ്ത് ബസുകളിൽ യാത്രചെയ്യാൻ തയ്യാറാകുകയാണ് വേണ്ടത്. ആധുനിക സമൂഹങ്ങളിൽ പലയിടത്തും റെയിൽസ്റ്റേഷനുകളിലേക്കും എയർപോർട്ടിലേക്കും മറ്റും ബസുകൾ കടത്തിവിടും. സ്വകാര്യവാഹനങ്ങളാണ് നിയന്ത്രിക്കുക. 
ഇന്ന് രാജ്യത്ത് ഏറ്റവുമധികം കാറുകൾ വിറ്റഴിയുന്ന സംസ്ഥാനമാണ് കേരളം. റോഡുകളുടെ കാര്യത്തിലാകട്ടെ വളരെ പിറകിലും. ജനസാന്ദ്രത കൂടിയ കേരളത്തിൽ റോഡുകളുടെ വികസനത്തിനു വലിയ പരിമിതിയുണ്ട്. പൊതുവഴിയിലൂടെ സ്വകാര്യവാഹനങ്ങൾ ഓടിച്ചുപോകുമ്പോൾ നാം മറക്കുന്ന പ്രധാനപ്പെട്ട ഒന്ന്. എത്രയോ കാലത്തെ കഠിനാധ്വാനത്തിന്റെ ഫലമായി ജീവിതം പച്ചപിടിപ്പിക്കാൻ ശ്രമിക്കുന്ന വലിയൊരു വിഭാഗത്തിന്റെ ഭൂമിയും സ്വപ്നവും ചവിട്ടി മെതിച്ചാണ് നാം മുന്നോട്ടുപോകുന്നത്.  
റോഡിന്റെ വശങ്ങളിൽ കച്ചവടവും മറ്റും നടത്തി ജീവിച്ചിരുന്ന പലരുടേയും ജീവിതം വഴിമുട്ടുന്നതിനും ആരും കാര്യമായ പ്രാധാന്യം കൊടുക്കുന്നില്ല. ഈ സാഹചര്യത്തിൽ കാർ രഹിത ദിനാചരണം ഇവിടെ ഏറെ പ്രസക്തമാണ്. കാറുകളുടെ എണ്ണം കുറച്ചു കൊണ്ടുവരിക എന്നതു തന്നെയാകണം അതിന്റെ ലക്ഷ്യം. 

Latest News