Sorry, you need to enable JavaScript to visit this website.

പുരോഗതിയുടെ സൗദി കാഴ്ചകൾ

ലോകത്തിലെ ഏറ്റവും വലിയ വിനോദവാണിജ്യ പദ്ധതിയായ നിയോം യാഥാർത്ഥ്യമാവുന്നതോടെ ദേശീയവും അന്തർദേശീയവുമായ ടൂറിസ്റ്റ് കേന്ദ്രമായി ഇത് മാറും. സൗദിയും ജോർദ്ദാനും ഈജിപ്തും ചേർന്ന കടൽത്തീരത്താണ് നിയോം പദ്ധതി. മൂന്ന് രാജ്യങ്ങളുടെ സംയുക്താഭിമുഖ്യത്തിലെ ആദ്യ സംരംഭമെന്ന പ്രത്യേകതയും ഈ പദ്ധതിക്കുണ്ട്. സാമ്പത്തിക വളർച്ചയും വൈവിധ്യ വൽക്കരണത്തിലൂടെ പ്രാദേശിക വ്യവസായ മേഖലയെ ലോക നിലവാരത്തിലേക്കു ഉയർത്തുക എന്നതും നിയോം ലക്ഷ്യമാക്കുന്നു. 

 

പുരോഗതിയുടെ പാതയിൽ അതിവേഗം മുന്നോട്ട് കുതിക്കുന്ന സൗദി അറേബ്യക്ക് മറ്റൊരു പിറന്നാൾ ദിനം കൂടി. വികസന പാതയിൽ പുരാതന 
സംസ്‌കൃതിയുടെയും പൈതൃകത്തിന്റെയും ഉണർത്തുപാട്ടുമായാണ് ഓരോ ദേശീയ ദിനവും കടന്നുവരുന്നത്. പകിട്ടാർന്ന ആഘോഷങ്ങൾക്കപ്പുറം അഭിമാനിക്കാൻ ഒരോ സൗദി പൗരനും ഒട്ടേറെ കാര്യങ്ങളുണ്ട്. തരിശായ മണൽക്കാടുകളിലൂടെ ഒട്ടക യുഗത്തിന്റെ കടുത്ത യാതനകളും പിന്നിട്ട് വികസിത രാജ്യങ്ങളുടെ മുൻനിരയിൽ കുതിച്ചെത്തിയ ഒരു ജനതയുടെ മുന്നേറ്റത്തിന്റെ കഥ. കുടിൽ തൊട്ട് കൊട്ടാരം വരെ പുരോഗതി കൈവരിച്ച ഒരു സമൂഹത്തിന്റെ വിജയകരമായ തേരോട്ടത്തിന്റെ കഥ. ഏതാനും വർഷങ്ങൾക്കപ്പുറത്തേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഭരണാധികാരികൾക്ക് ചാരിതാർത്ഥ്യം; ഭരണീയർക്ക് സംതൃപ്തിയും. എണ്ണ സമ്പത്ത് രാജ്യ പുരോഗതിക്ക് എങ്ങിനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താം എന്ന് സൗദി ഭരണകൂടം ലോകത്തിന് കാണിച്ചു കൊടുത്തു. ലോകോത്തര രാജ്യങ്ങളെ വെല്ലുന്ന ജീവിത സൗകര്യങ്ങളാണ് ഇന്ന് സൗദിയിലുള്ളത്. പുരോഗതിയെ കുറിച്ചു പറയുമ്പോൾ ലോകം സൗദിയിലേക്കാണ് ഉറ്റുനോക്കുന്നത്. ഇരുഹറമുകളുടെയും സേവകൻ സൽമാൻ രാജാവിന്റെയും പുത്രനും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും സുശക്ത നേതൃത്വത്തിൽ അതിവേഗ മാറ്റത്തിനാണ് സൗദി സാക്ഷ്യം വഹിക്കുന്നത്.
കൊറോണ ലോകത്തിന്റെ എല്ലാ മേഖലയുടെയും താളം തെറ്റിച്ചപ്പോൾ വികസിത രാജ്യങ്ങളടക്കം എല്ലാ രാഷ്ട്രങ്ങളും വൻ സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടു. അവിടെയും പരുക്കുകൾ ഏൽക്കാതെ പിടിച്ചു നിൽക്കാൻ സൗദി അറേബ്യക്ക് സാധിച്ചു. രാജ്യം വൻ സാമ്പത്തിക സാമൂഹിക പരിഷ്‌കരണങ്ങളുമായി മുന്നേറുമ്പോഴാണ് കോവിഡ് ദുരന്തം വന്നു പെട്ടത്. പെട്രോൾ ഇതര വരുമാനം തേടലിന്റെ പരീക്ഷണഘട്ടം ശൈശവ ദശയിലിരിക്കുമ്പോഴാണ് മഹാമാരിയുടെ രംഗപ്രവേശം. എങ്കിലും തുടങ്ങി വെച്ച പരിഷ്‌കരണങ്ങളുമായി ഭരണകൂടം മുന്നോട്ട് തന്നെ പോയി . രാജ്യത്തിന്റെ സാമൂഹിക, കലാ-സാംസ്‌കാരിക സാമ്പത്തിക രംഗത്തെ പരിഷ്‌കരണങ്ങൾ ലക്ഷ്യം വെച്ചു കൊണ്ട് ആവിഷ്‌കരിച്ച വിഷൻ 2030 വമ്പിച്ച മാറ്റങ്ങൾ തന്നെ രാജ്യത്ത് സൃഷ്ടിക്കാൻ പോകുന്നു. 
വിഷൻ 2030 ലക്ഷ്യം കാണുമ്പോൾ ഒരു പുതിയ രാജ്യത്തെയാവും ലോകത്തിന്ന് കാണാൻ സാധിക്കുക. സൗദിയിലെ അഭ്യസ്തവിദ്യരായ തൊഴിൽരഹിതർക്ക് മുമ്പിലേക്ക് സൗദിയിലെ തൊഴിൽ വിപണി തുറന്ന് നൽകിയതോടെ തൊഴിലിടങ്ങൾ അറബി യുവതീ യുവാക്കളെ കൊണ്ട് നിറഞ്ഞു. 
സ്ത്രീകൾക്ക് വാഹനമോടിക്കാനുള്ള സ്വാതന്ത്ര്യവും ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യവും വിപ്ലവകരമായ തീരുമാനങ്ങളാണ്. മറ്റേതൊരു സമൂഹത്തെയും പോലെ ഏത് തരം ജോലികളും ചെയ്യാൻ തങ്ങൾ പ്രാപ്തരാണെന്ന് സൗദി യുവത ലോകത്തിന് കാണിച്ചു കൊടുത്തു. പരിഷ്‌കാരങ്ങളെ നിറമനസ്സോടെയാണ് ഒരോ സൗദി പൗരനും സ്വാഗതം ചെയ്യുന്നത്. 2018 ന്റെ ആരംഭത്തിൽ നടപ്പാക്കായ സാമ്പത്തിക പരിഷ്‌കാരങ്ങൾ പെട്രോളിതര വരുമാന സ്രോതസുകൾ തേടുന്നതിനോടൊപ്പം രാജ്യത്തിന്റെ അടിത്തറ ഭദ്രമാക്കുന്നത് കുടി ആയിരുന്നു. 
കോവിഡ് പ്രതിസന്ധിയെ തുടർന്ന് അഞ്ച് ശതമാനമായിരുന്ന 'വാറ്റ്' പിന്നീട് പതിനഞ്ച് ശതമാനമായി ഉയർത്തി. കലാസാംസ്‌കാരിക രംഗത്തും കാതലായ മാറ്റങ്ങൾ വന്ന് കഴിഞ്ഞു. വിനോദോപാധികളായിരുന്ന സിനിമയും നാടകവുമെല്ലാം വളരെ പരിമിതമായി മാത്രമായിരുന്ന കാലത്ത് നിന്നും മാറി ഇന്ന് പ്രധാന പട്ടണങ്ങളിലെല്ലാം ഇതിനുള്ള അവസരങ്ങൾ ഉണ്ട്. 
ഈ യാഥാർത്ഥ്യങ്ങളെ മുമ്പിൽ കണ്ട് കൊണ്ടാണ് രാജ്യത്തിന്റെ സ്വപ്‌ന പദ്ധതിയായ നിയോം വിഭാവനം ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ വിനോദവാണിജ്യ പദ്ധതിയായ നിയോം യാഥാർത്ഥ്യമാവുന്നതോടെ ദേശീയവും അന്തർദേശീയവുമായ ടൂറിസ്റ്റ് കേന്ദ്രമായി ഇത് മാറും.
സൗദിയും ജോർദ്ദാനും ഈജിപ്തും ചേർന്ന കടൽത്തീരത്താണ് നിയോം പദ്ധതി. മൂന്ന് രാജ്യങ്ങളുടെ സംയുക്താഭിമുഖ്യത്തിലെ ആദ്യ സംരംഭമെന്ന പ്രത്യേകതയും ഈ പദ്ധതിക്കുണ്ട്. സാമ്പത്തിക വളർച്ചയും വൈവിധ്യവൽക്കരണത്തിലൂടെ പ്രാദേശിക വ്യവസായ മേഖലയെ ലോക നിലവാരത്തിലേക്കു ഉയർത്തുക എന്നതും നിയോം ലക്ഷ്യമാക്കുന്നു. വൻ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും അഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും ഇത് നിമിത്തമാവും .ലോക വ്യാപാരത്തിന് പത്ത് ശതമാനം കടന്നു പോവുന്ന ചെങ്കടലിന്റെ തീരത്താണ് നിയോം വിഭാവനം ചെയ്യുന്നത്. വൻകരകളുടെ സംഗമസ്ഥാനം കൂടിയാണിത്. സൗദിയിൽ നടപ്പാക്കി കൊണ്ടിരിക്കുന്ന പരിഷ്‌കാരങ്ങളെ പ്രതീക്ഷാ പൂർവ്വമാണ് ലോകം കാത്തിരിക്കുന്നത്. ഒരു പുതിയ വ്യാപാര മേഖല രൂപപ്പെട്ടു വരും.. സാധാരണക്കാരന്ന് പ്രാപ്യമല്ലങ്കിലും പുതുതായി നടപ്പാക്കിയ പ്രീമിയം ഇഖാമ രാജ്യത്ത് ബിനാമി സംവിധാനത്തിൽ കച്ചവടം ചെയ്തിരുന്ന പ്രമുഖർക്ക് സൗദിയിൽ സ്വതന്ത്രമായി നിക്ഷേപം നടത്തുന്നതിനുള്ള അവസരമാണ് തുറന്ന് കൊടുത്തത്. ഇത് വഴി മലയാളികളടക്കം അനേകം ആളുകൾ ഈ അവസരം ഉപയോഗപ്പെടുത്തുകയും അവരുടെ കച്ചവട സംരംഭങ്ങൾ നിയമ വിധേയമായി വികസിപ്പിച്ചു. ഇത് വഴി രാജ്യത്തിന്ന് സാമ്പത്തികനേട്ടവും നിക്ഷേപകർക്ക് സുരക്ഷിതത്വവും ഉറപ്പു വരുത്താനായി. പൗരൻമാർക്ക് ഏറെ വില കൽപ്പിക്കുന്ന രാജ്യമാണ് സൗദി അറേബ്യ ഓരോ പൗരന്റെയും മാന്യമായ അവകാശങ്ങൾ നിബന്ധനകൾ ഒന്നു മില്ലാതെ ഭരണകൂടം സാധിപ്പിച്ചു കൊടുക്കുന്നുണ്ട്. രാജ്യപുരോഗതിയും പൗരന്മാരുടെ ക്ഷേമവും മുൻനിർത്തിയുള്ളവൻ പരിഷ്‌കാരങ്ങളുമായി ഭരണകൂടം മുന്നേറുമ്പോൾ വരുംകാലം വൻ മാറ്റങ്ങൾക്ക് സാക്ഷിയാവും. ഉയർന്ന നിലവാരത്തിലുള്ള ഈ സാമ്പത്തിക പരിഷ്‌കരണങ്ങളോട് ചേർന്ന് നിന്ന് തങ്ങളുടെ തൊഴിൽ വ്യാപാര മേഖലകളിൽ മാറ്റങ്ങൾ നടത്തുന്നുവെങ്കിൽ വിദേശികൾക്കും ഇവിടെ അവസരങ്ങളുണ്ട്. വൃത്തിയും വെടുപ്പും ഒത്തുചേർന്ന പാതയോരങ്ങളും ന്യൂയോർക്കിനോടും പാരീസിനോടും കിടപിടിക്കുന്ന ഭീമാകാരൻ കെട്ടിടങ്ങളും മോട്ടോർ മുതൽ മൊട്ടുസൂചി വരെ ഒരെ കുടക്കീഴിൽ ലഭിക്കുന്ന ഷോപ്പിൻമാളുകളും ആധുനിക സൗദിയുടെ നൂതന മുഖങ്ങളാണ്. 
കലാ സാംസ്‌കാരിക രംഗത്തും തൊഴിൽ രംഗത്തും വ്യാപാര രംഗത്തും സമൂലമായ പരിഷ്‌കരണങ്ങളോടെയാണ് സൗദി മുന്നേറുന്നത്. ഇതിന്റെ ഗുണഫലങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഏതെങ്കിലും മേഖലകളിൽ മാത്രം പരിമിതപ്പെട്ടു കിടക്കുന്നതല്ല സൗദിയുടെ പുരോഗതി. സമസ്ത മേഖലകളിലും ഈ മുന്നേറ്റത്തിന്റെ പ്രതിഫലനമുണ്ട്, ഒരോ ചലനത്തിലും പുരോഗതിയുടെ സ്പന്ദനമുണ്ട്.

 

Latest News