രാഹുല്‍ ഗാന്ധിയോടൊപ്പം പദയാത്രയില്‍ എം.എല്‍.എയുടെ മകളും

നെടുമ്പാശ്ശേരി- ആദ്യം നിരാശ പൂണ്ടെങ്കിലും സഫ ഭാരത് ജോഡോ യാത്രയിലെ താരമായി.  അന്‍വര്‍സാദത്ത് എം.എല്‍.എയുടെ ഇളയമകളും, ആലുവ വിദ്യാധിരാജ സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുമായ സഫ ഫാത്തിമ വ്യാഴാഴ്ചയിലെ  ഭാരത് ജോഡോ യാത്രയിലെ ശ്രദ്ധേയ താരമായി. എം.എല്‍.എയുടെ വീടിന് സമീപം ദേശീയപാത ചെങ്ങമനാട് പറമ്പയം കവലയില്‍ നിന്നാണ് വ്യാഴാഴ്ച പദയാത്ര ആരംഭിച്ചത്. പദയാത്രയില്‍ കുടുംബ സമേതം പെങ്കടുക്കണമെന്ന പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം എം.എല്‍.എയുടെ ഭാര്യ സബീനയും, സഫയും ബുധനാഴ്ചയും പദയാത്രയില്‍ അണിചേര്‍ന്നിരുന്നു. എം.എല്‍.എയുടെ കുടുംബത്തെ രാഹുലും, സ്റ്റാഫും പരിചയപ്പെട്ടിരുന്നു. യാത്രയില്‍ പങ്കെടുക്കാന്‍ സഫ വെളുപ്പിനെ കുളിച്ചൊരുങ്ങി റോഡിലെത്തി. രാഹുല്‍ എത്തിയതോടെ ഒപ്പം നിന്ന് ഫോട്ടോ എടുത്തു. തൊട്ടുപിറകിലെ നിരയില്‍ സ്ഥാനം പിടിച്ച സഫ യാത്ര ആരംഭിച്ചതോടെ തിരക്ക് മൂലം ഏറെ ദൂരം പിന്നിലാവുകയായിരുന്നു. നിരാശപൂണ്ട സഫയുടെ മുഖം വാടി. കരയുന്ന മട്ടിലായി. അതോടെ രാഹുലിന്റെ പ്രധാന സ്റ്റാഫ് കണ്ടു. സംഭവം രാഹുലിന്റെ ശ്രദ്ധയില്‍പ്പെടുത്തി. അതോടെയാണ്  ഒപ്പം നിര്‍ത്തി പഠന കാര്യങ്ങളും, കുശലാന്വേഷണങ്ങുമായി സഫയെ രാഹുല്‍ സന്തോഷിപ്പിച്ചത്. പറമ്പയം മുതല്‍ അങ്കമാലി വരെ രാഹുലിനും, പിതാവിനുമൊപ്പം ആഹ്‌ളാദഭരിതയായി നടന്നു നീങ്ങിയ ജീവിത സാഫല്യം നേടിയ ഉന്മേഷത്തിലാണ് വീട്ടിലേക്ക് മടങ്ങിയത്.

 

Latest News