ബസില്‍നിന്ന് തെറിച്ചുവീണ ഒന്‍പതാം ക്ലാസുകാരനെ വഴിയിലുപേക്ഷിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍

കൊല്ലം- എഴുകോണില്‍ ബസില്‍നിന്ന് തെറിച്ചുവീണ ഒന്‍പതാംക്ലാസുകാരനെ വഴിയിലുപേക്ഷിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ക്രൂരത. ഓടുന്ന ബസില്‍നിന്ന് റോഡിലേക്കു തെറിച്ചുവീണ് പരിക്കേറ്റ എഴുകോണ്‍ ടെക്‌നിക്കല്‍ സ്‌കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥി, കുണ്ടറ നാന്തരിക്കല്‍ ഷീബാഭവനില്‍ നിഖിലല്‍ സുനിലിനെ പിന്നാലെ വന്ന ഹോംഗാര്‍ഡാണ് ആശുപത്രിയിലെത്തിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് 4.15ഓടെ ചീരങ്കാവ് പെട്രോള്‍ പമ്പിനുസമീപമായിരുന്നു അപകടം. സ്‌കൂള്‍ വിട്ട് കൊട്ടാരക്കര-കരുനാഗപ്പള്ളി കെ.എസ്.ആര്‍.ടി.സി ബസില്‍ കുണ്ടറയ്ക്കു വരുമ്പോള്‍ വാതിലില്‍നിന്ന് പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. നിഖിലിനൊപ്പമുണ്ടായിരുന്ന സഹപാഠികള്‍ കരഞ്ഞ് ബഹളമുണ്ടാക്കിയെങ്കിലും കണ്ടക്ടറും ഡ്രൈവറും ബസ് നിര്‍ത്താന്‍ കൂട്ടാക്കിയില്ല. ചീരങ്കാവിലെത്തിയപ്പോള്‍ വിദ്യാര്‍ഥികളെ സ്‌റ്റോപ്പിലിറക്കിയശേഷം ജീവനക്കാര്‍ യാത്ര തുടരുകയായിരുന്നു. വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തി വിവരമറിയിച്ചതിനെ തുടര്‍ന്നു അധ്യാപകരാണ് നിഖിലിന്റെ മാതാപിതാക്കളെ വിവരമറിയിച്ചത്. എഴുകോണിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി കുണ്ടറ താലൂക്ക് ആശുപത്രിലെത്തിച്ചുവെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ ഉടന്‍തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടാരക്കര പോലീസ് സ്‌റ്റേഷന്‍ ഹോംഗാര്‍ഡ് ചീരങ്കാവ് സ്വദേശി സുരേഷ് ബാബുവാണ് നിഖിലിനെ ആശുപത്രിയിലെത്തിച്ചത്.

 

Latest News