റിയാദില്‍ പുതിയ സ്റ്റേഡിയം നിര്‍മിക്കുന്നു

റിയാദ് - തലസ്ഥാന നഗരിയില്‍ 40,000 സീറ്റുകളോടെ പുതിയ സ്റ്റേഡിയം നിര്‍മിക്കുമെന്നും 2027 ഓടെ സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തിയാകുമെന്നും സ്‌പോര്‍ട്‌സ് മന്ത്രാലയ അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ ഥാമിര്‍ ബാസുന്‍ബുല്‍ പറഞ്ഞു. ഉത്തര റിയാദില്‍ പ്രിന്‍സസ് നൂറ യൂനിവേഴ്‌സിറ്റിക്കു പിന്നിലാണ് ഉയര്‍ന്ന സാങ്കേതികവിദ്യകളോടെ പുതിയ സ്റ്റേഡിയം നിര്‍മിക്കുക. 2027 ലെ ഏഷ്യന്‍ കപ്പിനു മുമ്പായി മത്സരങ്ങള്‍ നടത്താന്‍ സ്റ്റേഡിയം സജ്ജമാകും.
ആഗോള മാനദണ്ഡങ്ങള്‍ക്കും രൂപകല്‍പനകള്‍ക്കും അനുസൃതമായി നിര്‍മിക്കുന്ന പുതിയ സ്റ്റേഡിയത്തിന് റിയാദ് സ്റ്റേഡിയം എന്നാണ് നാമകരണം ചെയ്യുക. അല്‍ശബാബ്, അല്‍ഇത്തിഫാഖ്, അല്‍ഫതഹ് ക്ലബ്ബുകളുടെ സ്റ്റേഡിയങ്ങളുടെ നിര്‍മാണം അടുത്ത വര്‍ഷം പൂര്‍ത്തിയാകും. ട്രാക്കുകള്‍ ഇല്ലാത്ത സ്റ്റേഡിയങ്ങളാകും ഇവ. ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കു വേണ്ടി മാത്രമുള്ളതായിരിക്കും ഈ സ്റ്റേഡിയങ്ങള്‍ എന്നും എന്‍ജിനീയര്‍ ഥാമിര്‍ ബാസുന്‍ബുല്‍ പറഞ്ഞു. 2034 ഏഷ്യന്‍ ഗെയിംസിന് സൗദി അറേബ്യ ആതിഥ്യം വഹിക്കും. കൂടാതെ 2027 ഏഷ്യന്‍ കപ്പിന് ആതിഥേയത്വം വഹിക്കാന്‍ സൗദി അറേബ്യ അപേക്ഷ സമര്‍പ്പിച്ചിട്ടുമുണ്ട്.

 

 

Latest News