Sorry, you need to enable JavaScript to visit this website.
Tuesday , November   29, 2022
Tuesday , November   29, 2022

ഉംറ കമ്പനികൾക്ക് സൗദി മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

മക്ക - നികുതി വെട്ടിപ്പിന് ശ്രമിച്ച് കൃത്രിമം കാണിക്കുന്ന ഉംറ സർവീസ് കമ്പനികൾക്ക് ഹജ്, ഉംറ മന്ത്രാലയം ശക്തമായ മുന്നറിയിപ്പ് നൽകി. കൃത്രിമം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം പറഞ്ഞു. നികുതി വെട്ടിപ്പിന് ശ്രമിച്ച് ചില ഉംറ സർവീസ് കമ്പനികളും സ്ഥാപനങ്ങളും ഉംറ തീർഥാടകർ എത്തുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളിൽ കൃത്രിമങ്ങൾ കാണിക്കുകയാണ്. 
വിദേശ തീർഥാടകർക്കുള്ള സേവന പാക്കേജിൽ നിന്ന് ഗതാഗത സേവനം ഒഴിവാക്കി, കരാതിർത്തി പോസ്റ്റുകൾ വഴിയാണ് തീർഥാടകർ രാജ്യത്ത് പ്രവേശിക്കുന്നത് എന്ന നിലക്ക് തെറ്റായ വിവരങ്ങൾ സിസ്റ്റത്തിൽ നൽകിയാണ് ചില ഉംറ സർവീസ് കമ്പനികൾ നികുതി വെട്ടിപ്പ് നടത്തുന്നത്. ഗതാഗത സേവനത്തിനുള്ള നിരക്കിനൊപ്പം അടക്കേണ്ടിവരുന്ന മൂല്യവർധിത നികുതി ലാഭിക്കാനാണ് കമ്പനികൾ ഇങ്ങിനെ കൃത്രിമം കാണിക്കുന്നത്. കരാതിർത്തി പോസ്റ്റുകൾ വഴി ബസ് മാർഗവും മറ്റും എത്തുന്ന തീർഥാടകർ സൗദിയിൽ ഗതാഗത സേവനങ്ങൾക്കുള്ള നിരക്കുകൾ അടക്കൽ നിർബന്ധമല്ല. എന്നാൽ വിമാന, കപ്പൽ മാർഗങ്ങളിൽ എത്തുന്ന തീർഥാടകർ ഗതാഗത സേവനങ്ങൾക്കുള്ള നിരക്കുകൾ അടക്കണം. 
വിമാന മാർഗം ഇന്തോനേഷ്യ, ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഉസ്‌ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് വലിയ ഗ്രൂപ്പുകളായി എത്തുന്ന തീർഥാടകർ കരാർത്തി പോസ്റ്റുകൾ വഴിയാണ് രാജ്യത്ത് പ്രവേശിക്കുന്നത് എന്ന നിലക്ക് ഉംറ വിസയുമായി ബന്ധപ്പെട്ട ഹജ്, ഉംറ മന്ത്രാലയത്തിന്റെ സിസ്റ്റത്തിൽ വ്യാജ വിവരങ്ങൾ രേഖപ്പെടുത്തിയാണ് കമ്പനികൾ നികുതി വെട്ടിപ്പ് നടത്തുന്നത്.
 

Tags

Latest News