Sorry, you need to enable JavaScript to visit this website.

ഹിമാചല്‍ പ്രദേശിലെ ആദ്യ സ്ഥാനാര്‍ഥി പട്ടിക ആം ആദ്മി പ്രഖ്യാപിച്ചു

സിംല- ഹിമാചല്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യ സ്ഥാനാര്‍ഥി പട്ടിക ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചു. 68 അംഗ നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലെ നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ആദ്യം പ്രഖ്യാപിച്ചത്. 

ബി. ജെ. പി മുന്‍ എം. പി രാജന്‍ സുശാന്ത്, ഉമാകാന്ത് ദോഗ്ര, മനീഷ് താക്കൂര്‍, സുദര്‍ശന്‍ ജസ്പ എന്നിവരാണ് ആപ്പിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടിയത്. മുന്‍ ബി. ജെ. പി എം. പിയായ രാജന്‍ സുശാന്ത് ഹിമാചല്‍ രാഷ്ട്രീയത്തിലെ അറിയപ്പെടുന്ന വ്യക്തിത്വമാണ്. 

അഞ്ച് തവണ എം. എല്‍. എയായിട്ടുള്ള സുശാന്ത് പ്രേം കുമാര്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു. 2009-2014 വരെ കാംഗ്ര ലോക്സഭ മണ്ഡലത്തില്‍ നിന്നുള്ള എം. പിയായിരുന്നു. 2012ല്‍ മന്ത്രിസഭയെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് ബി. ജെ. പി അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നു. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പാണ് ആപ്പില്‍ ചേര്‍ന്നത്. ലഹാവുല്‍- സ്പിതി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന സുദര്‍ശന്‍ ജസ്പ വിദ്യാര്‍ഥി നേതാവായാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത്. എസ്. എഫ്. ഐ നേതാവായിരുന്നു. 2017ല്‍ സി. പി. എം ജസ്പയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചെങ്കിലും സ്വതന്ത്രനായി മത്സരിക്കാനാണ് തീരുമാനിച്ചത്. നിലവില്‍ ജില്ല പഞ്ചായത്തായംഗമായ ജസ്പ ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സഹകരണ സ്ഥാപനത്തിന്റെ ചെയര്‍മാനാണ്. പഞ്ചാബില്‍ ആപ് വിജയം നേടിയതിന് ശേഷമാണ് ജസ്പ പുതിയ പാര്‍ട്ടിയിലെത്തിയത്. മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്നു പവോന്ത മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന മനീഷ് താക്കൂര്‍. മാര്‍ച്ചിലാണ് മനീഷ് ആപ്പിലെത്തിയത്.

Tags

Latest News