Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദഹ്‌റാനിൽ മരിച്ച സിസ്റ്റർ ലിനിയുടെ മൃതദേഹം ഇന്ന് നാട്ടിൽ സംസ്‌കരിക്കും


അസീർ- ഓഗസ്റ്റ് 28 ന് അസീർ റീജ്യനിലെ ദഹ്‌റാൻ ജുനൂബ് ഹോസ്പിറ്റൽ ഹോസ്റ്റലിൽ മരണമടഞ്ഞ കൊല്ലം ആയൂർ ഒഴുകുപാറക്കൽ സ്വദേശിനി ലിനി വർഗീസിന്റെ മൃതദേഹം നാട്ടിലേക്കയച്ചു. ഇന്ന് ഉച്ചയ്ക്ക് സംസ്‌കരിക്കും. 
ഓഗസ്റ്റ് 28ന് അതേ ദിവസം മണിക്കൂറുകൾക്ക് മുമ്പ് നാട്ടിൽ മരണപ്പെട്ട ഭർതൃപിതാവിന്റെ മരണവാർത്ത അറിയിക്കാൻ നാട്ടിൽ നിന്നും വിളിച്ചപ്പോൾ ഫോൺ എടുക്കാത്തതിനെ തുടർന്ന് വീട്ടുകാർ സഹപ്രവർത്തകരെ വിളിച്ചു പറയുകയും, അവർ റൂമിന്റെ വാതിലിൽ മുട്ടിയിട്ടും തുറക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്ത് കടന്നു നോക്കുകയുമായിരുന്നു. 
താമസ സ്ഥലത്ത് കസേരയിൽ അബോധാവസ്ഥയിൽ ഇരിക്കുകയായിരുന്ന ലിനിയെ സഹപ്രവർത്തകരായ മലയാളി നഴ്‌സുമാർ ഉടനെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ലിനിയുടെ ഭർത്താവ് റെജി ചാക്കോ ആവശ്യപ്പെട്ടതനുസരിച്ച് സാമൂഹിക പ്രവർത്തകനും ഒ.ഐ.സി.സി സൗദി ദക്ഷിണ മേഖലാ കമ്മിറ്റി പ്രസിഡന്റുമായ അഷ്‌റഫ് കുറ്റിച്ചൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതശരീരം നാട്ടിലേക്ക് അയക്കുന്നതിന്റെ ചുമതല ഏറ്റെടുക്കുകയായിരുന്നു. 
സൗദി ആരോഗ്യ വിഭാഗവും, അസീർ റീജ്യൻ നഴ്‌സിംഗ് ഡയറക്ടർ ജനറൽ മിസ്ഫർ മാന അൽയാമിയും, ദഹറാൻ ജുനൂബ് ഹോസ്പിറ്റൽ നഴ്‌സിംഗ് ഡയറക്ടർ അസ്മ ഉമേർ അൽ വാദയിയും സഹായത്തിന് കൂടെയുണ്ടായിരുന്നു. അസ്മയുടെ നിർദേശത്തെ തുടർന്ന് ലിനിയുടെ സുഹൃത്തും സഹപ്രവർത്തകയുമായ സിസ്റ്റർ ഡിൻസി പുലിപ്പാറയത്ത് 10 ദിവസത്തെ അവധിക്ക് മൃതശരീരത്തെ അനുഗമിച്ച് നാട്ടിലേക്ക് പോകുന്നുണ്ട്. 
നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനെ തുടർന്ന് ലിനിയുടെ സുഹൃത്തുക്കളായ സഹപ്രവർത്തകർ ജീജ തോമസും, മറിയക്കുട്ടി ജോസഫും, ഡിൻസിയും ദഹ്‌റാൻ ജുനൂബിൽ നിന്നും അബഹയിൽ എത്തി മൃതദേഹത്തെ കുളിപ്പിക്കുന്നതിനും മറ്റു കാര്യങ്ങൾക്കും നേതൃത്വം നൽകി. 
തുടർന്ന് പൈലി ജോസിന്റെ നേതൃത്വത്തിൽ പ്രർഥനയ്ക്കു ശേഷം ബുധനാഴ്ചത്തെ സൗദി എയർലൈൻസ് വിമാനത്തിൽ അബഹയിൽ നിന്നും ജിദ്ദയിൽ എത്തിച്ച ശേഷം വ്യാഴം രാവിലെ 10 മണിക്ക് കൊച്ചിയിൽ എത്തിച്ചേരും. ലിനിയുടെ ഭർത്താവ് റെജി ചാക്കോയും ബന്ധുക്കളൂം ഏറ്റുവാങ്ങുന്ന മൃതദേഹം ഇന്ന് മതാചാര ചടങ്ങുകൾക്കു ശേഷം ഉച്ചയ്ക്കു രണ്ടു മണിയോടെ ഒഴുകുപാറക്കൽ സെന്റ് സെബാസ്റ്റ്യൻ മലങ്കര കത്തോലിക്ക ചർച്ച് സെമിത്തേരിയിൽ സംസ്‌കരിക്കും. 
അഷ്‌റഫ് കുറ്റിച്ചലിനൊപ്പം സഹായത്തിന് ഒ.ഐ.സി.സി ഖമീസ് ടൗൺ കമ്മിറ്റി പ്രസിഡന്റ് റോയി മൂത്തേടം, സൗദി നാഷണൽ കമ്മിറ്റി ജന. സെക്രട്ടറി ബിനു ജോസഫ്, അൻസാരി റഫീക്ക്, നജ്‌റാൻ ഒ.ഐ.സി.സി ജന. സെക്രട്ടറി പോളി റാഫേൽ, റസാഖ് കിണാശ്ശേരി, ജോസ് പൈലി തുടങ്ങിയവരും ഉണ്ടായിരുന്നു. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന്റേയും, എംബാമിംഗിന്റേയും മുഴുവൻ ചെലവുകളും സൗദി ആരോഗ്യ വകുപ്പ് വഹിച്ചു. ലിനി വർഗീസിന്റെ മാതാപിതാക്കൾ വേങ്ങൂർ മാങ്കാട്ട് കുടുംബാംഗമാണ്. 
ലിനിയുടെ ഭർത്താവ് റെജി ചാക്കോ അടുത്ത കാലത്താണ് പ്രവാസം മതിയാക്കി നാട്ടിൽ സ്ഥിരതാമസം ഉറപ്പിച്ചത്. ലിനിയുടെ പിതാവ് പി.കെ വർഗീസ്, മാതാവ് അമ്മിണിക്കുട്ടി. കൃപയും ദയയും ലിനിയുടെ രണ്ടു പെൺമക്കളാണ്. ഏക സഹോദരൻ: അനിൽ വർഗീസ്.

Tags

Latest News