ഗൂഢാലോചന നടത്തിയത് മോഡിക്ക് വധശിക്ഷ കിട്ടാന്‍, ടീസ്റ്റക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

അഹമ്മദാബാദ്-  ഗുജറാത്ത് 2002 ലുണ്ടായ കലാപക്കേസുമായി ബന്ധപ്പെട്ട് അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദിനും മറ്റ് രണ്ട് പേര്‍ക്കുമെതിരെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. റിട്ട. ഡി.ജി.പി ആര്‍.ബി ശ്രീകുമാര്‍, മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് എന്നിവരും ടീസ്റ്റയും ചേര്‍ന്ന് വ്യാജ വിവരങ്ങള്‍ ചമച്ച് നരേന്ദ്ര മോഡിയെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

2002 ലെ ഗുജറാത്ത് കലാപക്കേസില്‍ ഉള്‍പ്പെടുത്തി മോഡിക്ക് വധശിക്ഷ വാങ്ങിക്കൊടുക്കാനാണ്  പ്രതികള്‍ ഗൂഢാലോചന നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
പ്രതികള്‍ക്കെതിരെ വ്യാജരേഖ ചമയ്ക്കല്‍, വധശിക്ഷ ലഭിക്കുന്നതിന് വേണ്ടി തെറ്റായ തെളിവ് നല്‍കല്‍ തുടങ്ങിയ  വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ജൂണ്‍ അവസാനവാരം അറസ്റ്റിലായ ടീസ്റ്റ സെതല്‍വാദ് സെപ്റ്റംബര്‍ രണ്ടിലെ സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ഇടക്കാല ജാമ്യത്തില്‍ പുറത്തിറങ്ങിയെങ്കിലും മറ്റ് രണ്ട് പ്രതികള്‍ ഇപ്പോഴും ജയിലിലാണ്. ഭട്ട് കസ്റ്റഡി മരണ കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുകയുമാണ്.

 

Latest News