മ്യാന്‍മറില്‍ ഇന്ത്യന്‍ ഐ.ടി പ്രൊഫഷണലുകളെ ബന്ദിയാക്കി, നടപടിയെന്ന് കേന്ദ്രം

ന്യൂദല്‍ഹി- മ്യാന്‍മറില്‍ ഇന്ത്യന്‍ ഐ.ടി പ്രൊഫഷനലുകളെ ബന്ദിയാക്കിയതില്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. അടിയന്തര നടപടികളെടുക്കാന്‍ ഇന്ത്യന്‍ എംബസിക്കു നിര്‍ദേശം നല്‍കിയെന്നു കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചു. അംബാസഡര്‍ വിനയ്കുമാറുമായി വിഷയം സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
30 മലയാളികള്‍ അടക്കം 300 ഇന്ത്യക്കാരാണ് മ്യാന്‍മറില്‍ തടങ്കലിലുള്ളത്. ഇവരെ നിര്‍ബന്ധപൂര്‍വം സൈബര്‍ കുറ്റങ്ങള്‍ ചെയ്യിക്കുകയും വിസമ്മതിച്ചാല്‍ ക്രൂരമായി ഉപദ്രവിക്കുകയുമാണെന്നും വിവരങ്ങള്‍ പുറത്തുവന്നിരുന്നു. തായ്ലന്‍ഡില്‍ ഡാറ്റ എന്‍ട്രി ജോലിക്കെന്ന പേരില്‍ റിക്രൂട്ട് ചെയ്ത ഇടുക്കി, പത്തനംതിട്ട, കൊല്ലം, കോട്ടയം, പാലക്കാട് സ്വദേശികള്‍ ഉള്‍പ്പെടെയുള്ളവരെയാണു കുറ്റവാളികളുടെ സംഘം തട്ടിക്കൊണ്ടുപോയി റോഡ് മാര്‍ഗം മ്യാന്‍മറില്‍ എത്തിച്ചത്.
തോക്കേന്തിയ ഗുണ്ടാസംഘത്തിന്റെ തടവില്‍ കഴിയുന്നവരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നയുടന്‍ തന്നെ മ്യാന്‍മറിലെ ഇന്ത്യന്‍ എംബസി രക്ഷാശ്രമം തുടങ്ങിയതായും ഇതിനകം 30 പേരെ രക്ഷപ്പെടുത്തിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

 

Latest News