വിളിക്കാന്‍ ഫോണ്‍ വാങ്ങിയ ശേഷം സിം കാര്‍ഡുമായി മുങ്ങി, പലരേയും വിളിച്ച് പണം തട്ടി

തലശ്ശേരി -ഓട്ടോ ഡ്രൈവറെ ഓട്ടം വിളിച്ചു കബളിപ്പിച്ചതായി പരാതി. ധര്‍മ്മടം ബ്രണ്ണന്‍ കോളേജിനു സമീപം  കടുമ്പേരി ഹൗസില്‍ മല്ലീശന്‍(70) ആണ് കബളിക്കപ്പെട്ടത്. മീത്തലെ പീടികയില്‍നിന്ന് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലേക്കെന്നു പറഞ്ഞ് മല്ലീശന്റെ  ഓട്ടോ വിളിക്കുകയായിരുന്നു. ഏകദേശം 32 വയസുതോന്നിക്കുന്നയാളാണ്  ഓട്ടം വിളിച്ചത്.     
യാത്രക്കിടെ ഡ്രൈവറായ മല്ലീശന്റെ ഫോണ്‍ വാങ്ങി യാത്രക്കാരന്‍  ഉപയോഗിച്ചിരുന്നുവത്രെ. തന്റെ ഫോണ്‍ കാറില്‍ വെച്ചു മറന്നുവെന്നും കാര്‍ വര്‍ക് ഷോപ്പിലാണെന്നും പറഞ്ഞാണ് ഫോണ്‍ വാങ്ങിയത്. അല്‍പസമയത്തിനുള്ള ഫോണ്‍ തിരികെ നല്‍കുകയും ചെയ്തു.
കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തിറങ്ങിയ അപരിചിതനെ ഏറെ നേരം കാത്തു നിന്നും കാണാതായപ്പോഴാണ് വഞ്ചിക്കപ്പെട്ടതായി അറിഞ്ഞതെന്ന് ഡ്രൈവര്‍ പറയുന്നു. ഇയാളില്‍  നിന്നും അഞ്ഞൂറു രൂപയും കൈക്കലാക്കിയിരുന്നു. പിന്നീട് ഫോണ്‍ ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് വിരുതന്‍ സിം കാര്‍ഡുമായി മുങ്ങിയ വിവരം മനസ്സിലായത്. തുടര്‍ന്ന് ധര്‍മടം പോലീസില്‍ പരാതി നല്‍കാന്‍ എത്തിയപ്പോള്‍ പരാതി തന്നിട്ട് കാര്യമില്ലെന്ന് പറഞ്ഞ് അവിടെ നിന്ന് മല്ലീശനെ മടക്കിയയക്കുകയായിരുന്നു.
ഓട്ടോ ഡ്രൈവര്‍ ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് എടുത്തതിനു പിന്നാലെ  നിരവധി നമ്പരുകളില്‍ നിന്നായി പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് കോളുകള്‍ വന്നു തുടങ്ങി.  വഞ്ചിച്ചയാള്‍ തന്റെ ഫോണില്‍ നിന്ന് പലരെയും വിളിച്ച് പണം കൈപ്പറ്റിയതായി അപ്പോഴാണ് മനസ്സിലായതെന്ന് മല്ലീശന്‍ പറയുന്നു. തലശ്ശേരിയിലെ പ്രമുഖ ക്ലബ്ബിലെ ജീവനക്കാരനാണെന്ന് പറഞ്ഞ് ഒരാള്‍ വിളിക്കുകയും തന്റെ 16,500 തിരികെ തരണമെന്നും ആവശ്യപ്പട്ടുവത്രെ. താന്‍ കബളിപ്പിക്കപ്പെട്ടതാണെന്ന് ഓട്ടോഡ്രൈവര്‍ അയാളെ ധരിപ്പിച്ചു.  പണവും സിംകാര്‍ഡും തട്ടിയെടുത്തതു സംബന്ധിച്ച് മല്ലീശന്‍ ധര്‍മ്മടം പോലീസില്‍ രേഖാമൂലം പരാതി നല്‍കി.

 

Latest News