Sorry, you need to enable JavaScript to visit this website.

ഗവർണറെ മെരുക്കാൻ ആരുണ്ട്? 


കേരള ചരിത്രത്തിൽ ഇതാദ്യമായാണ് 'സ്വന്തം' സർക്കാരിനെതിരെ പോരിനിറങ്ങുന്നത്. ഗവർണർ രാഷ്ട്രീയം പറയുന്നത് ശരിയോ തെറ്റോ എന്നതൊക്കെ നമുക്ക് ഡിബേറ്റ് ചെയ്യാവുന്ന വിഷയമാണ്. എന്നാൽ അദ്ദേഹം ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമേറിയതാണ്. 

കോൺഗ്രസ് ഭരിക്കുന്ന കാലത്തും തുടർന്നും ഗവർണർ പദവിയെന്നത് ചെറിയ മാതിരി റബർ സ്റ്റാമ്പായി മാത്രമാണ് എല്ലാവരും കണ്ടിരുന്നത്. പാർട്ടി നേതാക്കളുടെ സ്യൂട്ട് കേസും പേറി നടക്കുന്നവർക്ക് വയസ്സുകാലത്ത് കിട്ടുന്ന ഒരു സമ്മാനമാണ് പലർക്കും ഗവർണർ പദവി. എണീറ്റു നടക്കാൻ ശേഷിയില്ലാത്ത ഹൈദരാബാദിലെ കോൺഗ്രസ് ഗവർണർ ചെയ്തു കൂട്ടിയത് നമ്മൾ കണ്ടതാണ്. കേരളത്തിൽ തന്നെ രാം ദുലാരി സിൻഹയ്‌ക്കെതിരെ പാർട്ടിക്കാരുടെ നീക്കമുണ്ടായിട്ടുണ്ട്. ഇ.എം.എസ് ഭരിച്ച വേളയിൽ കേരള നിയമസഭ പശ്ചിമ ബംഗാൾ ഗവർണർ ജനാധിപത്യത്തെ വധിക്കാൻ ശ്രമിക്കുന്നതിനെതിരെ പ്രതിഷേധമുണ്ടായിട്ടുണ്ട്. കേരളത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന പദവിയായി ഗവർണർ മാറിയിട്ടുണ്ട്. 
ഇന്ത്യയെ സംസ്ഥാനങ്ങളുടെ യൂനിയൻ ആയാണ് ഭരണഘടനയുടെ ഒന്നാം അനുഛേദം നിർവചിച്ചിരിക്കുന്നത്. യൂനിയനും സംസ്ഥാനങ്ങളും തമ്മിലുള്ള ഏകോപനം രാജ്യത്തിന്റെ കെട്ടുറപ്പിനും അനിവാര്യമാണ്. ഇത് തുല്യതയിലും സ്വാതന്ത്ര്യത്തിലും അധിഷ്ഠിതമായ ബന്ധമായിരിക്കുകയും വേണം. അതു തന്നെയാണ് ഫെഡറലിസം കൊണ്ടും ലക്ഷ്യമിടുന്നത്. ഇത്തരമൊരു നല്ല ബന്ധം നിലനിർത്തുകയാണ് ഗവർണർമാരുടെ  ബാധ്യത. സർക്കാറിയ കമ്മീഷനും എം എം പഞ്ചി കമ്മീഷനും ശിപാർശ ചെയ്തത് രാഷ്ട്രീയക്കാരെ ഗവർണർമാരായി നിയമിക്കരുതെന്നാണ്. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച നിഷ്പക്ഷമതികളായ ഉന്നത വ്യക്തികളായിരിക്കണം ഗവർണർമാർ എന്നും  ശിപാർശ ചെയ്തിരുന്നു. എന്നാൽ ഇപ്പോഴും കേന്ദ്ര ഭരണത്തോടുള്ള വിധേയത്വമാണ് ഗവർണർ നിയമനത്തിനുള്ള പ്രധാന മാനദണ്ഡമായി കണക്കാക്കുന്നത്. കോൺഗ്രസ് ഭരിച്ചപ്പോഴും പിന്നീട് ബി.ജെ.പി വന്നപ്പോഴും ഇതിൽ മാറ്റമില്ല. 
കുറച്ചു കാലമായി കേരള ഗവർണർ സംസ്ഥാന സർക്കാരിനെതിരെ വാചാലനാവാറുണ്ട്. എന്നാൽ ഈ കോലാഹലമൊന്നും അധികം നീണ്ടു നിൽക്കാറില്ലെന്നത് വേറെ കാര്യം. ഇതിന്റെയൊക്കെ പിന്നിലെ ഡീലുകളും മധ്യസ്ഥരാരാണെന്നും നമുക്കാർക്കും അറിയില്ല. സർവകലാശാല വിഷയത്തിലും ലോകായുക്തയുടെ ചിറകരിഞ്ഞതിലും കേരള സർക്കാരിനെ ഒരു പാഠം പഠിപ്പിക്കാൻ ഇറങ്ങിതിരിച്ചിരിക്കുകയാണ് ഗവർണർ.  തിങ്കളാഴ്ച തലസ്ഥാനത്ത് ഗവർണർ നടത്തിയ വാർത്താ സമ്മേളന ട്രെയിലറിൽ കണ്ട പോലെ അത്രയ്ക്കില്ലെന്നാണ് പലരും സങ്കടപ്പെടുന്നത്. എന്നാൽ കേരള ചരിത്രത്തിൽ ഇതാദ്യമായാണ് 'സ്വന്തം' സർക്കാരിനെതിരെ പോരിനിറങ്ങുന്നത്. ഗവർണർ രാഷ്ട്രീയം പറയുന്നത് ശരിയോ തെറ്റോ എന്നതൊക്കെ നമുക്ക് ഡിബേറ്റ് ചെയ്യാവുന്ന വിഷയമാണ്. എന്നാൽ അദ്ദേഹം ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമേറിയതാണ്. 
കണ്ണൂർ വിസി പുനർ നിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടെന്നതാണ് പ്രധാന  ആരോപണം.  മുഖ്യമന്ത്രി നേരിട്ട് രാജ് ഭവനിലെത്തി തന്നെ കണ്ടിരുന്നെന്നും വെയിറ്റേജ് നൽകാമെന്ന് പറഞ്ഞിരുന്നെന്നും ഗവർണർ വ്യക്തമാക്കി. തന്നോട് ചോദിക്കാതെ എജി വിഷയത്തിൽ നിയമോപദേശം നൽകിയെന്നും അദ്ദേഹം പറയുന്നു. വിസിയുടെ പുനർ നിയമനത്തിന് തന്റെ മേൽ സമ്മർദ്ദം ചെലുത്തിയെന്നും ഗവർണർ ആരോപിക്കുന്നു. തെളിവുകളും അദ്ദേഹം പുറത്തു വിട്ടു. 
ഇതിന്റെ  ഭാഗമായി മുഖ്യമന്ത്രി കത്തയച്ചിരുന്നു. ആദ്യ കത്ത് 2021 ഡിസംബർ 8നാണ് എത്തിയത്. ഇത്തരത്തിൽ മൂന്ന് കത്ത് മുഖ്യമന്ത്രി അയച്ചിരുന്നതായും ഗവർണർ ചൂണ്ടിക്കാട്ടി. ഈ ആരോപണത്തിന്റെ വ്‌സ്തുത തെളിയിക്കപ്പെടേണ്ടതുണ്ട്. ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇങ്ങിനെ സ്വജനപക്ഷപാതം കാണിക്കുമോ? സ്വന്തം ജില്ലക്കാരനാണെന്നൊക്കെ മുഖ്യമന്ത്രി പറഞ്ഞുവെന്നാണല്ലോ ഗവർണർ ആരോപിക്കുന്നത്. കേരളത്തിലെ സർവകലാശാലകളിലെ ഉയർന്ന സ്ഥാനങ്ങളെല്ലാം പാർട്ടി നേതാക്കളുടെ ബന്ധുക്കൾക്ക് മാത്രമേ ലഭിക്കൂവെന്ന ധാരണ പൊതുസമൂഹത്തിനുണ്ട്. 
കേരളത്തിലെ രാഷ്ട്രീയക്കാരുടെ കൊള്ള തുറന്നു കാട്ടുന്നതിൽ ആരിഫ് മുമ്പും മിടുക്ക് കാട്ടിയിട്ടുണ്ട്. പേഴ്‌സണൽ സ്റ്റാഫ് നിയമനം വഴി ഖജനാവിൽനിന്ന് കോടികൾ ചോരുന്നത് ഗവർണർ പറഞ്ഞതോടെയാണ് ദേശീയ മാധ്യമങ്ങളെല്ലാം ശ്രദ്ധിച്ചു തുടങ്ങിയത്. പണ്ട് അദ്ദേഹം കോൺഗ്രസുകാരനായിരുന്നു. രാജീവ് ഗാന്ധി മന്ത്രിസഭയിൽനിന്ന് രാജിവെച്ച് യു.പി പാർട്ടികൾ വഴിയാണ് കാലങ്ങൾക്ക് ശേഷം ബി.ജെ.പിയിലെത്തിയത്. ഭാര്യയ്ക്ക്് യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാതിരുന്നപ്പോൾ ബി.ജെ.പിയേയും വിമർശിച്ചിരുന്നുവെന്നത് വേറെ കാര്യം. കേരളത്തിന്റെ നികുതിപ്പണം ചോർത്തുന്ന മന്ത്രിമാരുടേയും മറ്റും പേഴ്‌സണൽ സ്റ്റാഫെന്ന കനത്ത ബാധ്യതയെ കുറിച്ചാണ് മാസങ്ങൾക്കപ്പുറം ഗവർണർ ഇന്ദ്രപ്രസ്ഥത്തിൽ ആഞ്ഞടിച്ചത്. ഇന്ത്യയിൽ പലേടത്തും പേഴ്‌സണൽ സ്റ്റാഫിനെ രാഷ്ട്രീയമായി നിയമിക്കുന്ന പതിവില്ലെന്നതാണ്് ദേശീയതലത്തിൽ ചർച്ചയായത്. മഹാരാഷ്ട്രയിലും തമിഴ്്‌നാട്ടിലുമൊക്കെ ഒന്നോ രണ്ടോ പേരെയാണ് രാഷ്ട്രീയ പശ്ചാത്തലത്തിലുള്ളവരെ നിയമിക്കുന്നത്. ബാക്കിയെല്ലാം സർക്കാർ സർവീസിലെ ഡെപ്യൂട്ടേഷനിൽനിന്ന്് വരുന്നവർ. ചുരുങ്ങിയത് ബിരുദധാരികളെങ്കിലുമായിരിക്കും ഇങ്ങിനെ എത്തുന്ന ജീവനക്കാരിൽ ഏറിയ പങ്കും. കേരളത്തിൽ പാർട്ടി വളർത്താനാണ് പേഴ്‌സണൽ സ്റ്റാഫെന്ന ബാധ്യത ഇത്രയേറെ വിപുലീകരിക്കപ്പെട്ടതെന്ന് മനസ്സിലാക്കാം. 
ഇവർക്ക് പെൻഷൻ നൽകാൻ കോടികളാണ് കേരളത്തിന്റെ ഖജനാവിൽനിന്ന്് ചോരുന്നത്. പത്ത്് വർഷം ജോലി ചെയ്യാതെ കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് മിനിമം പെൻഷന് അർഹതയില്ല. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേന്ദ്ര മന്ത്രിയായിരുന്നപ്പോൾ പതിമൂന്ന് പേഴ്‌സണൽ സ്റ്റാഫ് മാത്രമാണുണ്ടായിരുന്നത്. കേരളത്തിലെ മന്ത്രിമാരും ചീഫ് വിപ്പും പ്രതിപക്ഷ നേതാവും ധാരാളം രാഷ്ട്രീയ പ്രവർത്തകരെ പേഴ്‌സണൽ സ്റ്റാഫായി നിയമിക്കുന്നു. ചീഫ് വിപ്പ് എന്തിനെന്ന്് പോലും പലർക്കുമറിയില്ലെങ്കിലും അദ്ദേഹത്തിനുമുണ്ട്് 25 ജീവനക്കാർ. എന്നാൽ ഒരു മന്ത്രിയുടെ കാലാവധിയ്ക്കിടെ ഒരേ പോസ്റ്റിൽ രണ്ടു പേരെ നിയമിക്കുക വഴി കേരളത്തിലെ ഓരോ മന്ത്രിയുടേയും പേഴ്‌സണൽ സ്റ്റാഫിന്റെ എണ്ണം അമ്പതായി മാറുന്നു. രണ്ടു വർഷവും ഒരു ദിവസവും ജോലി ചെയ്താൽ കേരളത്തിൽ പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ അർഹതയായി. രണ്ടു വർഷം പൂർത്തിയാക്കി കോ-ടെർമിനസ് വ്യവസ്ഥയിൽ നിയമിക്കുന്ന പുതിയ സ്റ്റാഫിന് മറ്റൊരിടത്തും പെൻഷന് അർഹതയില്ല. കേരളത്തിൽ ഒരു കോടി ഇരുപത് ലക്ഷം രൂപയാണ് മന്ത്രിമാരുടേയും പ്രതിപക്ഷ നേതാവിന്റേയും ചീഫ് വിപ്പിന്റേയും സ്റ്റാഫിന് ശമ്പളമായി നൽകുന്നത്. ഇതിന് പുറമേ യാത്രാപ്പടി, ആരോഗ്യ സംരക്ഷണം എന്നിങ്ങനെയുള്ള ചെലവ് വേറെയും. 
ഗവർണർക്കെതിരെ കമ്യൂണിസ്റ്റ് പാർട്ടി മുഖപത്രങ്ങളായ ദേശാഭിമാനിയും ജനയുഗവും രൂക്ഷമായ വിമർശനങ്ങളാണുന്നയിച്ചത്. നിലപാട് വിറ്റ് ബി ജെ പിയിൽ എത്തിയ ആളാണ് ആരിഫ് മുഹമ്മദ് ഖാൻ എന്ന് ദേശാഭിമാനി പറയുന്നു. എന്നും പദവിക്ക് പിന്നാലെ പോയ വ്യക്തിയാണ് ഗവർണർ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജയിൻ ഹവാലയിലെ മുഖ്യപ്രതി ആണ്. ജയിൻ ഹവാല കേസിൽ കൂടുതൽ പണം പറ്റിയ രാഷ്ട്രീയ നേതാവാണ് ആരിഫ് മുഹമ്മദ് ഖാൻ. ബിജെപിയുടെ കൂലിപ്പടയാളിയായി ഗവർണർ അസംബന്ധ നാടകം കളിക്കുകയാണ്. വിലപേശി കിട്ടിയ സ്ഥാനങ്ങളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മതിമറന്നാടുന്നുവെന്നും ദേശാഭിമാനിയിലെ മുഖ പ്രസംഗവും ലേഖനവും പറയുന്നു. ഗവർണർ മനോനില തെറ്റിയ പോലെ പെരുമാറുന്നു എന്നാണ് സി.പി.ഐ മുഖപത്രമായ ജനയുഗത്തിന്റെ വിമർശനം. 
മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കം ഇടതുപക്ഷത്ത് നിന്ന് പ്രമുഖ നേതാക്കളെല്ലാം ഗവർണറെ രൂക്ഷമായി വിമർശിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഗവർണർ എന്തെങ്കിലും വിളിച്ച് പറയരുത് എന്നാണ് മുഖ്യമന്ത്രി തുറന്നടിച്ചത്. ഗവർണറുടെ കസേരയിലിരുന്ന് കോമാളിക്കളി തുടരാൻ അദ്ദേഹത്തെ അനുവദിച്ചു കൂടായെന്ന് മുൻ ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു. ഉപരാഷ്ട്രപതി സ്ഥാനം നഷ്ടപ്പെട്ടതിന്റെ നിരാശയും സങ്കടവുമാണ് അദ്ദേഹത്തിന്റെ സമനില തകർത്തതെങ്കിൽ ചികിത്സ വേറെ നൽകാൻ ബന്ധപ്പെട്ടവർ തയ്യാറാകണം- തോമസ് ഐസക് പറഞ്ഞു. 
പൗരത്വ വിഷയത്തിൽ ഗവർണർ സ്വീകരിച്ച നിലപാടിൽ എതിർപ്പ് പ്രകടിപ്പിച്ചവരാണ് കേരളത്തിലെ പ്രതിപക്ഷം. പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഇതു സംബന്ധിച്ച് പ്രമേയം അവതരിപ്പിക്കാൻ ശ്രമിച്ചതുമായിരുന്നു. കേരളത്തിലെ ഇടതുപക്ഷ സർക്കാരിലെ സ്പീക്കർ അവതരണാനുമതി നിഷേധിക്കുകയായിരുന്നു. ഏതായാലും ഗവർണറും മുഖ്യമന്ത്രിയും പോരടിക്കുന്ന അന്തരീക്ഷം അത്ര നല്ലതിനല്ല.


 

Latest News