Sorry, you need to enable JavaScript to visit this website.

തരൂരും ഗെലോട്ടും ഏറ്റുമുട്ടലിനൊരുങ്ങുമ്പോൾ

പാർട്ടി ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരത്തിന് തയ്യാറായതു മുതൽ ശശി തരൂർ നിരവധി വിഷയങ്ങൾ പാർട്ടിക്കുള്ളിൽ ഉയർത്തിക്കൊണ്ടു വരുന്നുവെന്നത് ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക പരസ്യമാക്കാത്തതടക്കമുള്ള നടപടികൾ തരൂർ ചോദ്യം ചെയ്യുകയുണ്ടായി. പാർട്ടിയെ കുടുംബ സ്വത്തായി കാണുന്നതിനെ തുറന്നെതിർക്കുക എന്നത് തന്നെയാണ് അദ്ദേഹം തന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ ലക്ഷ്യം വെച്ചിട്ടുള്ളത്.

 

കോൺഗ്രസ് അധ്യക്ഷ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശശി തരൂരിന് സോണിയാ ഗാന്ധി പച്ചക്കൊടി കാട്ടിയതോടെ കുടുംബാധിപത്യത്തിൽനിന്ന് ജനാധിപത്യത്തിന്റെ വഴിയിലേക്ക് കോൺഗ്രസ് പാർട്ടി കൂടുമാറുകയാണ്. എന്നാൽ അധ്യക്ഷസ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയെ എത്തിക്കാനുള്ള ചില നീക്കങ്ങൾ അണിയറയിൽ നടക്കുന്നുണ്ട്. രാഹുൽ പാർട്ടി അധ്യക്ഷനാകണമെന്നാവശ്യപ്പെട്ട് സംസ്ഥാന കോൺഗ്രസ് കമ്മിറ്റികളെക്കൊണ്ട് പ്രമേയം പാസാക്കി അവസാനത്തെ സമ്മർദ്ദ തന്ത്രമാണ് നടന്നുകൊണ്ടിരിക്കുന്നത്.  ഇതിന് രാഹുൽ വഴങ്ങില്ലെന്ന് തന്നെയാണ് ഒടുവിലത്തെ സൂചന. ഇതോടെ കോൺഗ്രസിൽ ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പിന് വഴിയൊരുങ്ങുമെന്ന് ഉറപ്പാണ്.
തരൂർ മത്സരത്തിന് തയ്യാറായതോടെ രാജസ്ഥാൻ മുഖ്യമന്ത്രിയും നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനുമായ അശോക് ഗെലോട്ടായിരിക്കും എതിരാളിയെന്നാണ് കണക്കാക്കുന്നത്. എന്നാൽ പാർട്ടിക്കുള്ളിൽ ഇത്തരത്തിലുള്ള ഒരു തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത് സോണിയാ ഗാന്ധിയും അവർക്കൊപ്പമുള്ള മറ്റു നേതാക്കളും ഒട്ടും ആഗ്രഹിക്കുന്നില്ല. തരൂരും ഗെലോട്ടും തമ്മിലുള്ള മത്സരത്തിന് കളമൊരുങ്ങിയാൽ അത് പാർട്ടിയിൽ നെഹ്‌റു കുടംുബം പുലർത്തുന്ന അപ്രമാദിത്വത്തിന് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് സോണിയയും അവരുടെ വിശ്വസ്തരും കരുതുന്നുണ്ട്. 
തരൂരിന് ലഭിക്കുന്ന ഓരോ വോട്ടും നെഹ്‌റു കുടുംബത്തിന്റെ ആധിപത്യത്തിന് നേരെയുള്ള ചൂണ്ടുവിരലായിരിക്കുമെന്ന് അവർക്കറിയാം. അതുകൊണ്ട് തന്നെ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ആർക്കു വേണമെങ്കിലും മത്സരിക്കാമെന്ന് പുറത്ത് മേനി പറയുമ്പോഴും വലിയ ആത്മസംഘർഷങ്ങളാണ് പാർട്ടി ദേശീയ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇത് പരിഹരിക്കാൻ രാഹുൽ ഗാന്ധിക്ക് മാത്രമേ കഴിയൂ. പാർട്ടി അധ്യക്ഷസ്ഥാനത്തേക്കില്ലെന്ന് പറഞ്ഞ് നടക്കുന്ന രാഹുൽ മത്സരത്തിന് തയ്യാറായാൽ പിന്നെ എതിരാളികൾ ഉണ്ടാകില്ല. രാഹുലിനെതിരെ മത്സരത്തിനുണ്ടാകില്ലെന്ന് ശശി തരൂരും വ്യക്തമാക്കിയിട്ടുണ്ട്. 
തരൂരും ഗെലോട്ടും നേർക്കുനേരെ പോരിനെത്തിയാൽ എന്തായിരിക്കും സംഭവിക്കുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായിരിക്കും വിജയമെന്ന കാര്യത്തിൽ തർക്കത്തിന് ഇടയില്ല. കാരണം, സോണിയയും രാഹുലും നേരിട്ട് തന്നെ ഗെലോട്ടിന് വേണ്ടി രംഗത്തിറങ്ങും. തരൂരിന് കിട്ടുന്ന വോട്ടുകളുടെ എണ്ണം പരമാവധി കുറയേണ്ടത് നെഹ്‌റു കുടുംബത്തിന്റെ നിലനിൽപ്പിന്റെ ആവശ്യം കൂടിയാണ്.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഇതിന് മുൻപ് മത്സരമുണ്ടായിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ മത്സരം അന്നത്തേതുമായി താരതമ്യപ്പെടുത്താനാകില്ല. രണ്ടു ശക്തമായ ചേരികൾ തമ്മിലുള്ള മത്സരമാണ് ഇപ്പോൾ നടക്കാൻ പോകുന്നത്. ഒരു ഭാഗത്ത് സോണിയയും രാഹുലും അവരെ പിന്തുണയ്ക്കുന്ന നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തരും അണി നിരക്കുമ്പോൾ മറുഭാഗത്തെ നയിക്കുന്നത് ഗ്രൂപ്പ് 23 എന്നറിയപ്പെടുന്ന കോൺഗ്രസിലെ പരിഷ്‌കരണ വാദികളാണ്. ഇവരെ നിസ്സാരമായി തള്ളിക്കളയാൻ സാധിക്കില്ല. മത്സരത്തിൽ ജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരിഷ്‌കരണ വാദികൾ ഉയർത്തിക്കൊണ്ടുവരുന്ന ആശയങ്ങൾ കോൺഗ്രസ് പാർട്ടിയെ ആഴത്തിൽ സ്വാധീനിക്കുമെന്ന കാര്യം ഉറപ്പാണ്. 
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ തുടങ്ങേണ്ട സമയത്താണ് പാർട്ടി അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നതെന്നതാണ് ശ്രദ്ധേയമായ ഒരു കാര്യം. തെരഞ്ഞെടുപ്പിന്റെ പേരിൽ പാർട്ടിയിൽ ഏതെങ്കിലും തരത്തിലുള്ള വിള്ളലുണ്ടായാൽ അത് തെരഞ്ഞെടുപ്പിലുണ്ടാക്കുന്ന ക്ഷീണം ചെറുതായിരിക്കില്ല. മാത്രമല്ല, നെഹ്‌റു കുടുംബത്തിന് പുറത്തുള്ള അധ്യക്ഷന് ജനങ്ങളെ എത്രത്തോളം സ്വാധീനിക്കാൻ കഴിയുമെന്ന പ്രശ്‌നവും ഉയരും. 
തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ എക്കാലവും കലഹങ്ങൾ പൊട്ടിപ്പുറപ്പെടാറുണ്ട്. എന്നാൽ പാർട്ടി നേതാക്കൾ നെഹ്‌റു കുടുംബത്തോട് പുലർത്തുന്ന വിധേയത്വം മൂലമാണ് ഇത്തരം പ്രശ്‌നങ്ങൾ വലിയ പരിധി വരെ പരിഹരിക്കപ്പെടാറുള്ളത്. പുതിയ അധ്യക്ഷനെത്തിയാൽ അത്തരം വിധേയത്വം പാർട്ടി നേതാക്കൾ പുലർത്തിക്കൊള്ളണമെന്നില്ല. അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇത്തരം കാര്യങ്ങളെല്ലാം വലിയ കീറാമുട്ടിയായി തുടരും.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നെഹ്‌റു കുടുംബത്തിന് സ്ഥാനാർത്ഥികളില്ലെന്നും മത്സരിക്കുന്ന എല്ലാവരെയും ഒരുപോലെയാണ് കാണുന്നതെന്നുമാണ് സോണിയാ ഗാന്ധി പ്രസ്താവന പുറപ്പെടുവിച്ചിട്ടുള്ളത്. എന്നാൽ സോണിയയുടെയും അവരുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരായ നേതാക്കളുടെയും  നിർബന്ധം കൊണ്ട് മാത്രമാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് മത്സരത്തിന് മനസ്സില്ലാമനസോടെ തയ്യാറായിരുക്കുന്നത്. മുഖ്യമന്ത്രിപദം വിട്ട് കോൺഗ്രസ് ദേശീയ അധ്യക്ഷനാകാൻ താനില്ലെന്ന് ഗെലോട്ട് പല തവണ വ്യക്തമാക്കിയതാണ്. എന്നാൽ മത്സരിക്കാൻ അദ്ദേഹത്തിന്മേൽ വലിയ തോതിലുള്ള സമ്മർദ്ദമാണുണ്ടായതെന്ന് വ്യക്തം. 
അതേസമയം ജയത്തേക്കാളുപരി പാർട്ടിയിൽ ജനാധിപത്യ രീതിയുള്ള തെരഞ്ഞെടുപ്പാണ് ശശി തരൂരും അദ്ദേഹത്തോടൊപ്പമുള്ള പരിഷ്‌കരണവാദികളും ലക്ഷ്യം വെക്കുന്നത്. തന്റെ തട്ടകമായ കേരളത്തിലെ പാർട്ടി നേതൃത്വം പോലും നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായ സ്ഥാനാർത്ഥിക്ക് വേണ്ടി നിലകൊള്ളുമെന്ന് പ്രഖ്യാപിച്ചിട്ടും തരൂരിന് കുലുക്കമില്ലാത്തത് തന്റെ വഴി ശരിയാണെന്ന് അദ്ദേഹത്തിന് ബോധ്യമുള്ളതുകൊണ്ട് തന്നെയാണ്.
പാർട്ടി ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരത്തിന് തയ്യാറായതു മുതൽ ശശി തരൂർ നിരവധി വിഷയങ്ങൾ പാർട്ടിക്കുള്ളിൽ ഉയർത്തിക്കൊണ്ടു വരുന്നുവെന്നത് ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക പരസ്യമാക്കാത്തതടക്കമുള്ള നടപടികൾ തരൂർ ചോദ്യം ചെയ്യുകയുണ്ടായി. പാർട്ടിയെ കുടുംബ സ്വത്തായി കാണുന്നതിനെ തുറന്നെതിർക്കുക എന്നത് തന്നെയാണ് അദ്ദേഹം തന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ ലക്ഷ്യം വെച്ചിട്ടുള്ളത്. ഒരു കാര്യം ഉറപ്പാണ് ശശി തരൂർ വിജയിച്ചാലും പരാജയപ്പെട്ടാലും ആരുടെയും ബിനാമിയാകാതെ അദ്ദേഹം സ്വയം മത്സരരംഗത്തെത്തിയത് കോൺഗ്രസിൽ ആരോഗ്യകരമായ സംഘടനാ പ്രവർത്തനങ്ങൾക്ക് പ്രേരണയാകും.

Latest News