ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറി വിഷം കുത്തിവെച്ച് കൊന്നു, കൊലയാളി ഭാര്യയുടെ കാമുകനായ ഡോക്ടർ

ഹൈദരാബാദ്- ലിഫ്റ്റ് ചോദിച്ച് ഇരുചക്ര വാഹനത്തില്‍ കയറി ബൈക്ക് യാത്രികനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ ദുരൂഹത നീക്കി തെലങ്കാന പോലീസ്. കൊലപാതകവുമായി ബന്ധപ്പെട്ട് മരിച്ചയാളുടെ ഭാര്യക്കു പുറമെ, ഡോക്ടര്‍ ഉള്‍പ്പെടെ മൂന്ന് പേരെ ഖമ്മം പോലീസ് അറസ്റ്റ് ചെയ്തു.

വിവാഹേതര ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കൊല്ലപ്പെട്ടയാളുടെ ഭാര്യയുമായി അവിഹിത ബന്ധം പുലര്‍ത്തിയിരുന്നയാള്‍  രണ്ട് പേരുടെ സഹായത്തോടെ കര്‍ഷകനായ ശൈഖ് ജമാലിനെ (55) കൊലപ്പെടുത്തുകയായിരുന്നു.

ശൈഖ്  ജമാല്‍ ആന്ധ്രാപ്രദേശിലെ ഗുന്ദ്രായി ഗ്രാമത്തിലേക്ക് ബൈക്കില്‍ പോകുമ്പോഴായിരുന്നു സംഭവം.  കഴിഞ്ഞ 19 ന് വല്ലഭി ഗ്രാമത്തിന് സമീപം മങ്കി ക്യാപ് ധരിച്ച അപരിചിതന്‍ ലിഫ്റ്റ് ആവശ്യപ്പെടുകയായിരുന്നു. ബൈക്ക് നിര്‍ത്തി ലിഫ്റ്റ് കൊടുത്ത് കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ ജമാലിന്റെ തുടയില്‍ വിഷവസ്തു കുത്തിവെച്ചുവെന്ന് പോലീസ് പറഞ്ഞു.


തുടയ്ക്ക് വേദനയുണ്ടെന്ന് പരാതിപ്പെട്ടതോടെ ബൈക്ക് യാത്രികന്‍ ബൈക്കില്‍നിന്ന് ഇറങ്ങി രക്ഷപ്പെട്ടു. സമീപത്തെ വയലില്‍ ജോലി ചെയ്യുന്ന കര്‍ഷകരോട് ജമാല്‍  തനിക്ക് കുത്തിവെച്ച കാര്യം പറഞ്ഞു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.കേസന്വേഷിക്കാന്‍ ഖമ്മം പോലീസ് കമ്മീഷണര്‍ വിഷ്ണു വാര്യര്‍ നാല് സംഘങ്ങളെ നിയോഗിച്ചിരുന്നു.

അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെത്തുകയും ഓട്ടോറിക്ഷാ ഡ്രൈവര്‍ മോഹന്‍ റാവു, ട്രാക്ടര്‍ ഡ്രൈവര്‍ വെങ്കിടേഷ്, ആര്‍.എം.പി ഡോക്ടര്‍ വെങ്കട്ട് എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആര്‍.എം.പി ഡോക്ടറാണ് വിഷം കുത്തിവച്ചത്.
കൊലപാതകം ആസൂത്രണം ചെയ്ത ശൈഖ് ജമാലിന്റെ ഭാര്യ ഇമാം ബി ഏകദേശം രണ്ട് മാസം മുമ്പാണ് കുത്തിവെക്കാനുള്ള വിഷം വാങ്ങിയതെന്ന് പോലീസ് കണ്ടെത്തി. കുത്തിവെക്കാനുള്ള അവസരത്തിനായി കാത്തിരുന്നിട്ടും നടക്കാത്തതിനാല്‍  കാമുകനോട് ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് ബൈക്കില്‍ കയറിയ ശേഷം വിഷം കുത്തിവെച്ചത്.

 

Latest News