Sorry, you need to enable JavaScript to visit this website.

രാജ്യത്തെ ഒന്നിപ്പിക്കാനിറങ്ങിയ രാഹുലിനെ ചേര്‍ത്തു പിടിച്ച് ആലപ്പുഴ

ആലപ്പുഴ-നാലുനാള്‍ നീണ്ടു നിന്ന പദയാത്ര കഴിഞ്ഞ് രാഹുല്‍ഗാന്ധി മടങ്ങുമ്പോള്‍ ആലപ്പുഴക്കാര്‍ നല്‍കിയ സ്‌നേഹവായ്പുകള്‍ക്ക് രാഹുല്‍ഗാന്ധിയുടെ നന്ദിപ്രകടനം. രാജ്യത്തെ ഒന്നിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച നേതാവിനെ അക്ഷരാര്‍ഥത്തില്‍ നാലുദിവസവും ആലപ്പുഴ ചേര്‍ത്തുപിടിച്ചു. കശ്മീര്‍ വരെ ആലപ്പുഴയുടെ മനസ് കൂടെയുണ്ടാകുമെന്ന ഉറപ്പും രാഹുലിന് നല്‍കി.
 കോണ്‍ഗ്രസിന്റെ താഴെത്തട്ടുമുതലുള്ള പ്രവര്‍ത്തകരുടെ ഹൃദയങ്ങളെ ഉഴുതുമറിച്ചാണ് രാഹുല്‍ഗാന്ധി കടന്നുപോയത്. അകറ്റി നിര്‍ത്തുന്നതല്ല, ചേര്‍ത്തുപിടിക്കലിന്റെ സിദ്ധാന്തമാണ് തന്റെ കയ്യിലുള്ളത് തെളിയിക്കുക കൂടിയായിരുന്നു യാത്രയിലുട നീളം രാഹുല്‍. രാജ്യത്തെ ഒരുമിപ്പിക്കാന്‍ വെമ്പല്‍ കൊള്ളുന്ന, അതിനായി എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറാണെന്ന് വിളിച്ചു പറയാതെ ഇറങ്ങിത്തിരിച്ചയാളുടെ പിന്നില്‍ ഒരു ജനത എങ്ങനെ പിന്‍ചെല്ലാതിരിക്കും. അത്തരമൊരു ആള്‍ക്കൂട്ടക്കാഴ്ചയാണ് ഭാരത് ജോഡോ യാത്രയിലെങ്ങും കാണാന്‍ കഴിയുന്നത്. ആലപ്പുഴയിലെ പര്യടനത്തിന്റെ സമാപന ദിവസമായ ഇന്നലെ ചേര്‍ത്തല എക്സറേ ജംഗ്ഷനില്‍ നിന്നുമാണ് യാത്ര തുടങ്ങിയത്. പുലര്‍ച്ചെ മുതല്‍ തന്നെ പ്രദേശം സജീവമായി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രവാക്യം വിളിച്ചു കൊണ്ട് ചെറുസംഘങ്ങളായി ഇവിടേയ്ക്കെത്തി. രാഹുല്‍ഗാന്ധിയെത്തി നടന്നു തുടങ്ങിയതോടെ പ്രവര്‍ത്തകര്‍ ആവേശത്തിലായി. ജില്ലയില്‍ പര്യടനം നടത്തുന്ന 90 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ഇനിയും അകലമുണ്ട്. പിന്നിട്ട വഴികളില്‍ ജനങ്ങള്‍ നല്‍കി ഊര്‍ജ്ജം ഇന്ധനമാക്കിയാണീ യാത്ര. അതിരാവിലെ മുതല്‍ റോഡരികില്‍ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിനിടയിലെ വാര്‍ദ്ധക്യത്തിന്റെ തിളങ്ങുന്ന കണ്ണുകള്‍ രാഹുലിന്റെ കണ്ണുകളില്‍ ഉടക്കുന്നുണ്ട്. കൈ നീട്ടി അവരെ വിളിച്ച് ചേര്‍ത്ത് നിര്‍ത്തി ആശ്ലേഷിച്ചാണ് മുന്നോട്ടുള്ള പോക്ക്. സൈനിക വേഷത്തില്‍ സല്യൂട്ട് അടിച്ച് സ്വീകരിക്കുന്ന കുരുന്നുകള്‍, കേരളീയവേഷത്തില്‍ പൂക്കളെറിഞ്ഞ് അഭിവാദ്യമര്‍പ്പിക്കുന്നവര്‍.. അങ്ങനെ ചേര്‍ത്തല മുതലുള്ള യാത്രകളിലെല്ലാം നിറക്കാഴ്ചകളായിരുന്നു. തുറവൂര്‍ ക്ഷേത്രത്തിന് സമീപത്ത് യാത്രയെത്തിയപ്പോള്‍ കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ കൊട്ടിക്കയറുകയായിരുന്നു പെരുവനം കുട്ടന്‍മാരാരുടെ തായമ്പക. ഇവിടേയ്ക്ക് കയറിയ രാഹുല്‍ ഏറെ നേരം ചെണ്ടമേളം ആസ്വദിച്ചു. ചെണ്ടക്കോല്‍ വാങ്ങി തായമ്പകയില്‍ കൊട്ടുകയും ചെയ്തത് പ്രവര്‍ത്തകരെ ആവേശഭരിതരാക്കി. കുത്തിയതോട് ജംഗ്ഷനില്‍ രാവിലെ 10.30 ഓടെ ഒന്നാംഘട്ടം അവസാനിച്ചു. വൈകുന്നേരം അഞ്ചിന് യാത്ര പുനാരാരംഭിക്കുമ്പോള്‍ ജില്ലയില്‍ നിന്നും രാഹുലിനെ രാജകീയമായി യാത്രയാക്കുന്നതിന്റെ ആവേശത്തിലായിരുന്നു ജനങ്ങള്‍. യാത്ര കടന്നു ചെല്ലാത്ത ഇടുക്കി ജില്ലയിലെ ജനങ്ങള്‍ അരൂരിലേയ്ക്ക് ഒഴുകിയെത്തുക കൂടി ചെയ്തപ്പോള്‍ സമാപന സ്ഥലമായ അരൂര്‍ ജംഗ്ഷന്‍ ആലപ്പുഴ-ഇടുക്കി ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സംഗമഭൂമിയായി മാറുകയായിരുന്നു. വിവിധ ഭാഷകള്‍ സംസാരിക്കുന്ന വിവിധ വേഷങ്ങള്‍ ധരിക്കുന്ന പല സംസ്‌ക്കാരങ്ങള്‍ ചേര്‍ന്ന പല സംസ്ഥാനങ്ങളിലെ ജനങ്ങളാണ് രാഹുല്‍ ഗാന്ധിയോടൊപ്പം യാത്രയില്‍ അണിനിരക്കുന്നത്. ദേശീയപാതയില്‍ 90 കിലോ മീറ്റര്‍ നടന്ന്  പോകേണ്ടതിനാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ദിവസം രാഹുല്‍ തങ്ങിയ ജില്ലയാണ് ആലപ്പുഴ. കന്യാകുമാരിയില്‍ നിന്നും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകള്‍ കടന്ന് ഇന്നുമുതല്‍ എറുണാകുളം ജില്ലയിലാണ് പര്യടനം.  രാഹുലിനൊപ്പം പദയാത്രയില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജോഡോ യാത്ര സംസ്ഥാന കോര്‍ഡിനേറ്റര്‍ കൊടിക്കുന്നില്‍ സുരേഷ് എംപി, കെ മുരളീധരന്‍ എം പി,  ഡീന്‍ കുര്യാക്കോസ് എം പി, ഹൈബി ഈഡന്‍ എം പി,  എ ഐ സി സി സെക്രട്ടറിമാരായ പി സി വിഷ്ണുനാഥ്, വിശ്വനാഥ പെരുമാള്‍, നേതാക്കളായ കെ സി ജോസഫ്,  ഷാഫി പറമ്പില്‍, റോജി എം ജോണ്‍, വി ടി ബല്‍റാം, വി പി സജീന്ദ്രന്‍, നെയ്യാറ്റിന്‍കര സനല്‍,ജെയ്സണ്‍ജോസഫ്,  ഐ കെ രാജു, എം എം നസീര്‍, പി എ സലീം, എസ് അശോകന്‍, പഴകുളം മധു, നാട്ടകം സുരേഷ്, ടോമി കല്ലാനി, പി എം നിയാസ്,ദീപ്തി മേരി വര്‍ഗ്ഗീസ്, ഇടുക്കി ജില്ലാ ഡിസിസി പ്രസിഡന്റ് സി പി മാത്യു എന്നിവര്‍ പങ്കെടുത്തു.ആലപ്പുഴ ഡി സി സി പ്രസിഡന്റ് ബി ബാബുപ്രസാദ്, കെ പി സി സി രാഷ്ട്രീയകാര്യസമിതിയംഗം അഡ്വ. എം ലിജു, അഡ്വ. ഷാനിമോള്‍ ഉസ്മാന്‍,  കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ എ എ ഷുക്കൂര്‍, എം ജെ ജോബ്, കെ പി ശ്രീകുമാര്‍, കെ പി സി സി നിര്‍വ്വാഹക സമിതിയംഗങ്ങളായ അഡ്വ. ഡി.സുഗതന്‍, എം.മുരളി, അഡ്വ.ജോണ്‍സണ്‍ എബ്രഹാം എന്നിവര്‍ ജാഥയ്ക്ക് നേതൃത്വം നല്‍കി.

 

 

Latest News