യുപിയില്‍ ട്രെയിനും സ്‌കൂള്‍ വാനും കൂട്ടിയിടിച്ച് 13 കുട്ടികള്‍ മരിച്ചു

ഗൊരഖ്പൂര്‍- ഉത്തര്‍ പ്രദേശിലെ കുഷിനഗറില്‍ ആളില്ലാ റെയില്‍വെ ക്രോസിലൂടെ കടന്നു പോകുകയായിരുന്ന സ്‌കൂള്‍ വാനില്‍ അതിവേഗത്തില്‍ വന്ന ട്രെയിന്‍ ഇടിച്ച് 13 വിദ്യാര്‍ത്ഥികള്‍ ദാരുണമായി കൊല്ലപ്പെട്ടു. ഏഴു കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സ്‌കൂള്‍ വാനില്‍ 25-ഓളം കുട്ടികളാണുണ്ടായിരുന്നത്. ഇവിരിലെറെ പേരും 10 വയസ്സില്‍ താഴെ മാത്രം പ്രായമുള്ളവരാണ്. മരണ സംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് പോലീസ് പറഞ്ഞു. 

വ്യാഴാഴ്ച രാവിലെ 7.10-നാണ്് ദുരന്തമുണ്ടായത്. സിവാനില്‍ നിന്നും ഗൊരഖ്പൂരിലേക്ക് പോകുകയായിരുന്ന പാസഞ്ചര്‍ ട്രെയിനാണ് കുഷിനഗറിലെ ബേപുര്‍വയില്‍ റെയില്‍വേ ക്രോസില്‍ വച്ച് വാനുമായി കൂട്ടിയിടിച്ചത്. ഇത് ആളില്ലാ റെയില്‍വേ ഗേറ്റ് ആയിരുന്നെങ്കിലും ഇവിടെ കാവല്‍കാരനെ നിയോഗിച്ചിരുന്നു. ദുരന്തം തടയാന്‍ ഇദ്ദേഹം ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നെന്ന് റെയില്‍വെ വക്താവ് പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് റെയില്‍വേയുടെ ദുരിതാശ്വാസ മെഡിക്കല്‍ ട്രെയ്ന്‍ റെയില്‍വേ ഇവിടെ എത്തിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ ബന്ധുക്കള്‍ക്ക് സഹായധനമായി രണ്ടു ലക്ഷം രൂപ വീതം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അപകട സ്ഥലം സന്ദര്‍ശിക്കാനായി ആദിത്യനാഥ് പുറപ്പെട്ടിട്ടുണ്ട്. 

Latest News