കൊച്ചി- രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാത്രി എറണാകുളം ജില്ലയില്‍ പ്രവേശിച്ചു. ആലപ്പുഴ ജില്ലയുടെ വടക്കേ അതിര്‍ത്തിയായ അരൂരില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അദ്ദേഹത്തിന് വന്‍ വരവേല്‍പ് നല്‍കി. കുമ്പളം ഫിഷറീസ് യൂണിവേഴ്‌സിറ്റി ക്യാമ്പസിലാണ് രാഹുല്‍ഗാന്ധിയും പദയാത്രികരും രാത്രി തങ്ങുന്നത്.
രാവിലെ 6.30ന് കുമ്പളം ടോള്‍ പ്ലാസയുടെ മുമ്പില്‍ നിന്നും ആരംഭിക്കുന്ന പദയാത്രയിലും രാഹുല്‍ഗാന്ധിക്ക് വര്‍ണാഭമായ വരവേല്‍പാണ് ഒരുക്കിയിരിക്കുന്നത്. തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും 142 മണ്ഡലങ്ങളില്‍ നിന്നുള്ള 10 സ്ഥിരം പദയാത്രികരും വിവിധ പോഷക സംഘടനകളുടെ നേതാക്കളും പദയാത്രയോടൊപ്പം ചേരും. സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകരും യാത്രയുടെ ഭാഗമാകും. 10.30ന് ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളി പാരിഷ് ഹാളില്‍ പദയാത്ര എത്തിച്ചേരും. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍, ജനപ്രതിനിധികള്‍, പദയാത്രികര്‍ ഉള്‍പ്പെടെയുള്ളവരുടെ വിശ്രമവും ഭക്ഷണവും ഇവിടെയായിരിക്കും.
ഉച്ചക്ക് 1 മണിക്ക് കളമശ്ശേരി ഞാലകം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജില്ലയിലെ സാമൂഹിക സാംസ്‌ക്കാരിക ആത്മീയ നേതാക്കള്‍ക്കൊപ്പം രാഹുല്‍ ഗാന്ധി ഉച്ചഭക്ഷണം കഴിക്കും. 2മുതല്‍ 2.30 വരെ സ്റ്റാര്‍ട്ടപ്പ് , ഐ ടി മേഖലയിലെ പ്രൊഫഷണലുകളുമായി കൂടിക്കാഴ്ച്ച. 2.30 മുതല്‍ 3 വരെ ട്രാന്‍സ്ജെന്‍ഡര്‍ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും.
4 മണിക്ക് ഇടപ്പള്ളി ടോള്‍ ജംഗ്ഷനില്‍ നിന്ന് പദയാത്ര പുനരാരംഭിക്കും. 7 ന് ആലുവ സെമിനാരിപ്പടിയില്‍ എത്തിച്ചേരുമ്പോള്‍ രാഹുല്‍ഗാന്ധി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. അമ്പതിനായിരത്തിലധികം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആദ്യദിനത്തിലെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് യു.സി കോളേജില്‍ ഒരുക്കിയിരിക്കുന്ന താമസസ്ഥലത്തേക്ക് രാഹുല്‍ഗാന്ധിയും ദേശീയ പദയാത്രികരും നീങ്ങും. ഉച്ചക്ക് ഒരു മണിക്ക് അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ രാഹുല്‍ഗാന്ധി മാധ്യമ പ്രവര്‍ത്തകരെ കാണും.