ഖത്തീഫിൽ റോഡ് മുറിച്ചുകടന്ന വിദ്യാര്‍ഥിനി രക്ഷപ്പെട്ടത് തലനാരിഴക്ക്

റിയാദ് - സ്‌കൂള്‍ ബസ് ഇറങ്ങി വീട്ടിലേക്ക് റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിനി തലനാരിഴക്ക് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. ബസ് ഇറങ്ങി ധിറുതിയില്‍ വീട്ടിലേക്ക് റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിനിയെ ഡ്രൈവര്‍ കൈയില്‍ പിടിച്ച് നിയന്ത്രിക്കുകയും ഇതിനിടെ ബസിന്റെ മറുഭാഗത്തു കൂടി ഡെലിവറി കമ്പനി വാഹനം അമിത വേഗതയില്‍ മറികടക്കുകയുമായിരുന്നു. മറുവശത്തു കൂടി അമിത വേഗതയില്‍ വാഹനം വരുന്നത് ശ്രദ്ധയില്‍ പെട്ട ബസ് ഡ്രൈവര്‍ പെട്ടെന്ന് നില്‍ക്കുകയും വിദ്യാര്‍ഥിനിയെ പിടിച്ചുവെക്കുകയുമായിരുന്നു. ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ വിദ്യാര്‍ഥിനിയെയും സ്‌കൂള്‍ ബസ് ഡ്രൈവറെയും ഡെലിവറി കമ്പനി വാഹനം ഇടിച്ചുതെറിപ്പിക്കുമായിരുന്നു. ഡ്രൈവറുടെ ജാഗ്രതയാണ് വിദ്യാര്‍ഥിനിയുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ വീട്ടില്‍ സ്ഥാപിച്ച സി.സി.ടി.വി ചിത്രീകരിച്ചു. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നിയമ ലംഘനം നടത്തിയ ഡെലിവറി കമ്പനി ഡ്രൈവര്‍ക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് സാമൂഹികമാധ്യമ ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ വിദ്യാര്‍ഥിനിയോടും കുടുംബത്തോടും ഡെലിവറി കമ്പനി ക്ഷമാപണം നടത്തി. സംഭവവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കമ്പനി അഡ്മിനിസ്‌ട്രേഷന് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഡ്രൈവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും കമ്പനി പറഞ്ഞു. വിദ്യാര്‍ഥികളെ കയറ്റാനും ഇറക്കാനും വേണ്ടി നിര്‍ത്തുന്ന സമയത്ത് സ്‌കൂള്‍ ബസുകളെ മറികടക്കുന്നത് ഗതാഗത നിയമ ലംഘനമാണെന്നും ഇതിന് 3,000 റിയാല്‍ മുതല്‍ 6,000 റിയാല്‍ വരെ പിഴ ലഭിക്കുമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി ഡ്രൈവര്‍മാര്‍ ഗതാഗത നിര്‍ദേശങ്ങളും നിയമങ്ങളും പാലിക്കണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

 

Latest News