തിരുവനന്തപുരം- രാജ്ഭവനില്‍ വിളിച്ച അസാധാരണ വാര്‍ത്താ സമ്മേളനത്തിന് തൊട്ടുമുമ്പ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച ചീഫ് സെക്രട്ടറി വി.പി. ജോയിയെ മുഖ്യമന്ത്രി ശാസിച്ചു. ആലോചനയില്ലാതെ ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്ന് ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി പറഞ്ഞു. രാജ്ഭവനില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിന് മുമ്പ് ചീഫ് സെക്രട്ടറി ഗവര്‍ണറെ കണ്ടത് അനുനയ നീക്കത്തിനായിരുന്നു എന്നതരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ശകാരം.
കഴിഞ്ഞ ദിവസം രാവിലെ 11.45-നായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ വാര്‍ത്താ സമ്മേളനം. ഇതിന് തൊട്ടുമുമ്പ് 11 മണിക്ക് ചീഫ് സെക്രട്ടറി വി.പി. ജോയ് ഔദ്യോഗിക വാഹനത്തില്‍ രാജ്ഭവനില്‍ എത്തി ഗവര്‍ണറെ കണ്ടിരുന്നു. ഇത് സര്‍ക്കാരിന്റെ അവസാനത്തെ അനുനയ നീക്കമായി വ്യാഖ്യാനിക്കപ്പെട്ടു. ഇത്തരം ഒരു നീക്കത്തിന് പിന്നിലുള്ള കാരണം ഗവര്‍ണര്‍ ചോദിച്ചപ്പോള്‍ മകളുടെ കല്യാണം ക്ഷണിക്കാനാണ് വന്നത് എന്ന വിശദീകരണമായിരുന്നു ചീഫ് സെക്രട്ടറി നല്‍കിയത്.
ഈ കൂടിക്കാഴ്ചക്ക് ശേഷം മടങ്ങിയെത്തിയപ്പോഴായിരുന്നു ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍നിന്ന് ഫോണില്‍ വിളിച്ച് ശകാരിച്ചത്. തീരെ ആലോചനയില്ലാതെ ഇത്തരം കാര്യങ്ങള്‍ ചെയ്യരുത് എന്നായിരുന്നു മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് രൂക്ഷമായ ഭാഷയില്‍ പറഞ്ഞത്. ഇങ്ങനെ വാര്‍ത്താ സമ്മേളനം നടക്കുന്നതിന് മുമ്പ് ചീഫ് സെക്രട്ടറി അവിടെ പോകാന്‍ പാടില്ലായിരുന്നു എന്ന കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
എന്നാല്‍ രണ്ട് ദിവസം മുമ്പുള്ള അപ്പോയിന്‍മെന്റ് പ്രകാരമാണ് ഗവര്‍ണറെ കണ്ടത് എന്നായിരുന്നു വി.പി. ജോയ് മുഖ്യമന്ത്രിയോട് വിശദീകരിച്ചത്.