Sorry, you need to enable JavaScript to visit this website.

യാത്രയുടെ ഭാഗ്യനിർഭാഗ്യങ്ങൾ

ഉണ്ടവന് കിടക്കാൻ മോഹം, ഉണ്ണാത്തവന് പശിയടക്കാൻ മോഹം. പോരാഞ്ഞ് യൂറോപ്പിലേക്കൊരു ടൂർ പോയാലേ മന്ത്രിമാർക്കു വയർ നിറയൂ. ഫിൻലന്റിലേക്ക് മുഖ്യനു താങ്ങായി ശിവൻകുട്ടി സഖാവുണ്ടാകും. മന്ത്രിമാർക്കു വിദേശത്തു നിന്നും പലതും പഠിക്കാനുണ്ടെന്ന് ഇടതുമുന്നണി കൺവീനർ അർഥം വച്ചു പറഞ്ഞതാകും. നാട്ടിലെ കാര്യങ്ങൾ പഠിച്ചിട്ടുമതിയായിരുന്നു ഉപരി പഠനം. സ്‌കൂൾ സന്ദർശനവും സർവകലാശാല സഹകരണ ശൃംഖലയും നിർബന്ധിതം. പണ്ട് വിദ്യാർഥി സംഘടനയുടെ പ്രസിഡന്റും സെക്രട്ടറിയുമൊക്കെ ആയിരുന്ന ദേഹമാണ് ശിവൻകുട്ടി. ഫിൻലാന്റിലെ സ്‌കൂൾ സന്ദർശനത്തിനിടയിൽ 'ഇവിടെ എസ്.എഫ്.ഐ യൂനിറ്റുണ്ടോ' എന്നു ചോദിക്കാതെ ശ്രദ്ധിക്കണം. പേഴ്‌സണൽ സ്റ്റാഫിനും പെണ്ണുമ്പിള്ളയ്ക്കും അതൊക്കെയാണ് ഡ്യൂട്ടി. 'നോർവെ'യിൽ നിക്ഷേപകരെയും വ്യവസായ വികസന ഏജൻസികളെയുമാണ് നോട്ടം. കിറ്റെക്‌സ് - അന്നാ അലൂമിനിയം കമ്പനിക്കാർ അറിയാതെ നോക്കണം. തീക്കൊള്ളികൊണ്ടു തല്ലുകൊണ്ടവർ വേദന മറക്കില്ല. വ്യവസായശാലകളുടെ മുന്നിൽ ഉയർത്തിക്കെട്ടാനുള്ളതല്ല ചെങ്കൊടി എന്ന് ഓഗസ്റ്റു മാസത്തിൽ വിശ്വവിഖ്യാതമായിത്തീർന്ന ഒരു പ്രസ്താവനയുണ്ട്. ഭാഗ്യം. അതിന്റെ നൂറുകോപ്പികൾ പോക്കറ്റിൽ കരുതുവാൻ വ്യവസായമന്ത്രി രാജീവ് സഖാവ് മറക്കരുത്. ചർച്ചകൾക്കിടയിൽ മുഖം ചുളിക്കുന്നവരുണ്ടാകും. ശ്ശടേന്ന് ഒരെണ്ണം എടുത്തങ്ങു വീശണം; അതിനാണല്ലോ പ്രസ്താവനകൾ! നോർവേയിൽ രാജീവും അബ്ദുൽ റഹിമാനുമാണ് ദേശാടനക്കിളികൾ. ഫിൻലന്റുപോലെ ജന്യസംഖ്യ അവിടെയും താഴേക്കു തന്നെ. അതുകൊണ്ട് പഠിക്കാനും പകർത്താനും എളുപ്പം പുതിയ കുടുംബാസൂത്രണ വിദ്യകളാണെന്നതിൽ തെല്ലും സംശയിച്ചു നിർക്കാനില്ല. 
ഗാന്ധി ജയന്തി ദിനത്തിലാണ് ദേശാടനത്തിന്റെ തുടക്കം. എട്ടിന് ബ്രിട്ടനിലെത്തുമ്പോൾ ആരോഗ്യമന്ത്രി വീണാ ജോർജും ടീമിൽ ചേരും. ആരോഗ്യമേഖലയിൽ പട്ടി കടിയുടെ ഭീഷണി നല്ലൊരു ചർച്ചാവിഷയമാക്കണം. റോഡിലിറങ്ങി നടക്കാനും മടിക്കണ്ട. സായ്പിന്റെ നായ ഇന്ത്യക്കാരനെ കടിക്കില്ല; പേടിയാണ്. ആയുർവേദ പങ്കാളിത്തതിന്റെ സാധ്യത തേടി അത്രടം വരെ പോകണമായിരുന്നോ? ഇവിടത്തന്നെ ധാരാളം മസാജ് പാർലറുകളും ബ്യൂട്ടി സലൂണുകളുമുണ്ടല്ലോ. പോരാഞ്ഞിട്ട്, സംസ്ഥാനമൊട്ടാകെ കഞ്ചാവും! പണ്ടൊക്കെ മിടുക്കരായ കുട്ടികൾ എം.എയ്ക്കും എം.ഡിക്കുമൊക്കെ ചേർന്നിരുന്നു. ഇന്നിതാ എം.ഡി.എം.എ കൊറിയർ സർവീസ് മാർഗേണ വീട്ടിലുമെത്തും. ഇക്കാര്യം വെള്ളക്കാരോടു ഒന്നു സൂചിപ്പിച്ചാൽ മതി. കേരളത്തിൽ പിന്നെ ഉത്സവമേളമാകാൻ അമാന്തമുണ്ടാകില്ല. യാത്രപുറപ്പെടാൻ ഗാന്ധി ജയന്തി വരെ കാത്തിരിക്കുക എന്നതു മാത്രമാണ് അസഹനീയം.

 

****                                 ****                          ****

 

'കൊല്ലം കണ്ടവന് ഇല്ലം വേണ്ട' എന്ന ചൊല്ല് കേട്ടിട്ടില്ലാത്ത രാഹുലൻ ആലപ്പുഴയ്ക്കു കടന്നു. ജോഡോ യാത്രയ്ക്ക് രുചി പകരാൻ ജയറാം രമേശൻ ദില്ലിയിലിരുന്നു 'പുട്ടിനു തേങ്ങ ചേർക്കുന്നുണ്ട്. മറ്റൊരു റിമോട്ട് കൺട്രോളർ ചിദംബരജി പുത്രനു മൊത്ത് ദില്ലിയിലിരുന്നു ടെലിസ്‌കോപ്പിലൂടെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നു; നിരീക്ഷണം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഗേറ്റിലേക്കാണെന്നു മാത്രം! ഖദർ വേഷമണിഞ്ഞ് കൈമനം കുട്ടപ്പനും നന്ദികേശവൻ നായരും വടക്കേപ്പുറത്തു വർക്കിച്ചനും വരെ ചാനലുകളിൽ 'വക്താക്ക'ളായി നടിച്ചു തകർക്കുന്നു. പ്രതിദിനം അമ്പതു കിലോ മീറ്റർ നടക്കാനും ഓടാനും മടിക്കാത്ത രാഹുലന്റെ കൂടെ ചേരുന്നതിനെക്കാൾ ഭേദമാണ് 'ചാനൽ'വാസം! റിമോട്ട് കൺട്രോളും വക്താവുമൊക്കെ ആകാൻ ഈ ദുരിതകാലത്ത് ആരാണസ്സേ, രണ്ടും കൽപിച്ച് ഇറങ്ങുക?
'മുണ്ടുമോഡി' യെന്ന് ഒന്നാം റിമോട്ട് ജയരാമൻ മുഖ്യമന്ത്രിയെ പരിഹസിച്ചു മണ്ടനായി. എം. സ്വരാജ് ഒന്നും കുലുങ്ങി. പക്ഷേ എം.വി. ഗോവിന്ദൻ അനങ്ങിയില്ല. രാഹുലന്റേത് 'കണ്ടൈനർ യാത്ര' എന്നു സ്വരാജ് തിരിച്ചടിച്ചു. 'മുണ്ടി'ലും 'കണ്ടൈനറിലും' രണ്ടാമത്തെ അക്ഷരം 'ണ്ട' ആയതിനാൽ തുടർന്നുള്ള സംവാദം 'ദ്വിതീയാക്ഷര പ്രാസ'ത്തിൽ തന്നെയാകാം എന്നായി ഇരു കൂട്ടരും. പക്ഷേ അതു 'മുണ്ടുരിയുന്ന' വിധത്തിലാകരുതെന്ന് സംസ്ഥാന സെക്രട്ടറി. ഇങ്ങോട്ട് ആക്രമിച്ചാൽ മാത്രം തിരിച്ചടിക്കുക എന്ന പഞ്ചശീലതത്വമാണ് സഖാവിനു പ്രിയം. കോൺഗ്രസിനെ 'വന്ദ്യവയോധികൻ' എന്നു വിളിച്ച് ബഹുമാനപൂർവമാണ് അദ്ദേഹം പരിഹസിച്ചത്. കേരളത്തിൽ ടി വയോധികന് സ്വാധീനമുള്ളതുകൊണ്ടാണ് 18 ദിവസത്തെ 'രാഹുൽ യാത്ര' എന്ന സഖാവിന്റെ പ്രസ്താവന കേട്ടു ഞെട്ടിയതു പക്ഷേ,കോൺഗ്രസുകാരാണ്. പാർട്ടിക്ക് അറിഞ്ഞോ അറിയാതോ 1952 മുതൽ അങ്ങനെയൊരു സ്വാധീനം ഉള്ളതായി അവർക്കു തോന്നിയിട്ടേയില്ല. പി.എസ്.പി, ആറെസ്പി, സി.പി.ഐ, കേരളാ കോൺഗ്രസ്, ഇവയ്‌ക്കെല്ലാം ഉപരി മുസ്‌ലിം ലീഗ് എന്നിവയുടെ പാകത്തിലുള്ള ചേരുവ കഴിച്ചാണ് ഇക്കണ്ട കാലമത്രയും ആരോഗ്യം കാത്തുപോന്നത്.
'ഭാരത് ജോഡോ' കടന്നുപോകുന്ന പത്തനംതിട്ടയിലെ തിരുവല്ലയിൽ ഫ്‌ളക്‌സ് ബോർഡുകളിൽ ഒന്നിലും 'ഐ' ഗ്രൂപ്പുകാരുടെ ചിത്രമില്ല. ജീവികൾക്കു പ്രാണവായു പോലെയാണ് നേതാക്കൾക്ക് ഫ്‌ള്ക്‌സ് ബോർഡ്. വിവരം മിന്നൽ വേഗത്തിൽ പരന്നു. ഗോവയോ പഞ്ചാബോ ആകണോ എന്ന് അരിശം മൂത്തവർ ഒരു നിമിഷം ചിന്തിച്ചു. വരട്ടെ, നഷ്ടപ്പെടാൻ ഒന്നുമില്ല. കിട്ടാനും ഒന്നുമില്ല; ഒരു വാഗ്ദാനത്തിന്റെയും മന്ദമാരുതൻ പോലുമില്ല. വെയ്‌ററ് ആന്റ് സീ......
രാഹുൽ യാത്രയുടെ ലക്ഷ്യമെന്താ? ഇതുവരെയുള്ള നേട്ടമെന്താണ്?- ചില ദുഷ്ട ബുദ്ധികൾ വിലയിരുത്താൻ തുടങ്ങിയിട്ടുണ്ട്. ഇതുവരെയുള്ള നേട്ടം, ഗാന്ധിയുടെ ഇഷ്ട വിഭവങ്ങൾ അവശേഷിക്കുന്ന കോൺഗ്രസുകാർ തിരിച്ചറിഞ്ഞു എന്നതുതന്നെ. റൊട്ടി, പൂരി, ചോറ്, സലാഡ്, മീൻകറി, ചിക്കൻ ഉലത്തിയത്, ബർഗർ. ഇതിനെക്കാൾ ഉന്മേഷം പകരുന്ന സന്ദേശം ജനങ്ങൾക്കു ലഭിക്കാനുണ്ടോ? (ഉണ്ടെങ്കിൽ പറയണം അതുകൂടി ചേർക്കാം)...

 

****                           ****               ****

 

ഗോഡ്‌സ് ഓൺകൺട്രിയെന്നു വിളിച്ച് സ്വന്തം ദേശത്തെ അപമാനിക്കുന്നതിൽ നായ്ക്കൾക്കു പ്രതിഷേധമുണ്ട്. ഇപ്പോൾ ദിനംപ്രതി പതിനഞ്ചു പേരെയെങ്കിലും പട്ടി കടിക്കുന്നുണ്ട് എന്നതും ഒരു തെളിവായി കരുതണം. ഏതൊരു പ്രതിസന്ധി ഘട്ടത്തിലും കടന്നുവന്ന് നാലുതവണ കുരയ്ക്കാനും ലാത്തി ഇല്ലാതെ തന്നെ പൊതുജനത്തെ പിരിച്ചുവിടാനും കഴിവുള്ള വർഗമാണ്. നായ കടിക്കാതിരിക്കാനുള്ള പരിശീലനവും പ്രതിരോധവും ഇനി 'നായ് മാർഗം' തന്നെയാകുമോ എന്നാണ് അറിയേണ്ടത്.
ജഗജില്ലിയായ 'ജാക്' റസൽസ് ഇനം അഞ്ചെണ്ണത്തെയാണ് പിണറായി സർക്കാർ ഇംഗ്ലണ്ടിൽനിന്നു വരുത്തി പോലീസിനു സമ്മാനിച്ചത്. പണ്ട് 
'തനിനിറം' ദിനപത്രത്തിൽ പി.കെ. മന്ത്രി എന്ന കാർട്ടൂണിസ്റ്റ് 'പോലീസ് നായ്ക്കൾക്കും സംഘടന' എന്ന ആശയത്തെ ഒന്നു കൈകാര്യം ചെയ്തു. പോലീസ് നായേഴ്‌സ് അസോസിയേഷൻ എന്നു ചിത്രീകരിച്ച് തിരുവനന്തപുരം മുതൽ പെരുന്ന വരെ ഇളക്കി മറിച്ചു. ഏതായാലും ഏതു പട്ടിക്കും ഒരു ദിവസം വരും എന്ന ചൊല്ല് നടപ്പിലായിക്കഴിഞ്ഞു. കവലകൾ ഇപ്പോൾ സംഘടിത നായ വർഗം ഭരിക്കുന്നു. 2001ലെ നിയമമനുസരിച്ച് 'നായ വധം' നരവധത്തിന് ഏതാണ്ട് അടുത്തുനിൽക്കും. നമ്മുടെ നാട് 'ഡോഗ്‌സ് ഓൺ കൺട്രി' എന്ന പദവി നേടാൻ ഇനി വൈകില്ല. നായകളെ എന്തു ചെയ്യണമെന്ന ചർച്ചകൾ നടന്നോട്ടെ; ചായയും ബിസ്‌കറ്റും കഴിക്കാനുള്ള അവസരം എന്തിനു പാഴാക്കണം?

 

****                                      ****                          ****

 

ആറുവർഷം മുമ്പു നടന്ന നിയമസഭാക്രമണത്തിൽ യു.ഡി.എഫുകാരുടെ മർദനത്തിൽ ശിവൻകുട്ടി ബോധം കെട്ടുവീണു എന്ന് കൺവീനർ ജയരാജൻ സഖാവ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നു. തനിക്ക് അതറിയില്ലെന്നും ജയരാജനോടു തന്നെ ചോദിച്ചാൽ മതിയെന്നും ശിവൻകുട്ടി. അതിനു ശേഷം ശിവൻകുട്ടി സഖാവിന്റെ പെരുമാറ്റത്തിൽ എന്തോ ഒരു മാറ്റം കാണുന്നുണ്ട്. ഇല്ലേ? ഓ, മറവി, മറവി!
 

Latest News