Sorry, you need to enable JavaScript to visit this website.

കോവിഡാനന്തര തല്ലുമാല

കോവിഡ് മഹാമാരിയിൽനിന്ന് മലയാളി ഒന്നും പഠിച്ചിട്ടില്ലെന്ന് ഏറെ കുറെ വ്യക്തമായി കഴിഞ്ഞു.മാസങ്ങൾ നീണ്ടുനിന്ന ലോക്ഡൗണിൽ പൂച്ചകളെ പോലെ പതുങ്ങിയിരുന്നവർ ഇപ്പോൾ ആറാടുകയാണ്.വാഹനമോടിക്കുന്നതിലായാലും ആഘോഷങ്ങളിലായാലും.കോവിഡ് മാറിയതോടെ വാഹനാപകടങ്ങളുടെയും മരിക്കുന്നവരുടെയും എണ്ണം വർധിച്ചു.ആഘോഷങ്ങളെല്ലാം പഴയപടിയായി.കടം വാങ്ങിയും കല്യാണം ആഘോഷമാക്കുന്ന മലയാളി തിരിച്ചെത്തി.കോവിഡ് കാലത്ത് അമ്പത് പേരെ വെച്ച് കല്യാണം നടത്തിയ നാട്ടിലാണ് ഇപ്പോൾ ആയിരം പേരെ ക്ഷണിച്ച് ചടങ്ങുകൾ സംഘടിപ്പിക്കപ്പെടുന്നത്.അമ്പത് പേരെ വച്ച് നടത്തിയതും കല്യാണമാണ് ആയിരം പേരെ വച്ച് നടത്തുന്നതും കല്യാണമാണ്.അന്നും പരാതികളുണ്ടായിരുന്നു, ഇന്നുമുണ്ട്.
 

 

വടക്കൻ കേരളത്തിൽ നിന്ന് വീണ്ടും കല്യാണത്തല്ലിന്റെ വാർത്തകൾ വരുന്നു.സന്തോഷം ഉയരേണ്ട കല്യാണപ്പന്തലുകൾ അടിപിടിയും ചോരക്കളവുമായി ഭീതിയുടെ വേദികളായി മാറുന്നു.കല്യാണനാളുകളിലെ അക്രമങ്ങൾ കാരണം കാസർകോട് ജില്ലയിൽ പോലീസിന് വീണ്ടും ഇടപെടേണ്ടി വന്നിരിക്കുന്നു.വിവാഹവുമായി ബന്ധപ്പെട്ട ആഘോഷപരിപാടികൾക്ക് പോലീസ് നിയന്ത്രണം കൊണ്ടു വന്നു.നല്ല പാട്ടുകേൾക്കാവുന്ന ഗാനമേളകൾ പോലും ആഭാസൻമാരുടെ ചെയ്തികൾ കൊണ്ട് നടത്താൻ പറ്റാതായിരിക്കുന്നു.
കോവിഡ് കാലത്ത് നിയന്ത്രണത്തിലായിരുന്ന ആഘോഷങ്ങൾ തിരിച്ചെത്തിയപ്പോൾ മുൻകാല പ്രാബല്യത്തോടെയാണ് ആഭാസങ്ങളും തിരിച്ചെത്തിയിരിക്കുന്നത്.ചടങ്ങിന് ചേരാത്ത വേഷമിട്ട്,ആഘോഷത്തിന്റെ പേരിൽ അക്രമങ്ങൾ നടത്തി സായൂജ്യമടയുന്ന സംഘങ്ങൾ വീണ്ടും തിരിച്ചെത്തിയിരിക്കുന്നു.കല്യാണത്തലേന്ന് സ്റ്റേജ് പ്രോഗ്രാമിൽ തുടങ്ങി ആദ്യരാത്രിയിൽ മണിയറയിലേക്ക് പടക്കമെറിയുന്നതുവരെയുള്ള അക്രമങ്ങളാണ് സന്തോഷ പൂർവ്വം നടത്തികൊണ്ടിരിക്കുന്നത്.ഇതിനിടയിൽ മദ്യവും മയക്കുമരുന്നും ചിലയിടങ്ങളിലെല്ലാം വില്ലനാകുന്നു.പല സംഘങ്ങളും പഴയ പക തീർക്കുന്നത് കല്ല്യാണവീടുകളിലാണ്.ഒരു പാട്ടിനെ ചൊല്ലിയുണ്ടാകുന്ന തർക്കങ്ങൾ അക്രമങ്ങളിലേക്കും ബോംബേറിലേക്കും വരെ എത്തുന്നു.കണ്ണൂരിൽ അടുത്ത കാലത്താണ് കല്യാണവീട്ടിലേക്ക് ബോംബെറിഞ്ഞ് ഒരാൾ മരിച്ചത്.മനസ്സിൽ പക കാത്തു സൂക്ഷിച്ച സംഘങ്ങൾ തമ്മിലുണ്ടായ അക്രമത്തിന്റെ ദുരന്തഫലം.
പുത്തൻ സാങ്കേതിക വിദ്യാക്കൊപ്പം ന്യുജൻമാർ കുതിക്കുമ്പോൾ,അവർക്കിടയിൽ പുഴുക്കുത്തുകളായി ചിലരുണ്ടെന്നാണ് ഈ അക്രമങ്ങൾ കാണിക്കുന്നത്.പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെട്ടേ അടങ്ങുവെന്ന ശപഥവുമായി നടക്കുന്നവർ.ആത്മമിത്രങ്ങളുടെ കൂട്ടങ്ങളാണെന്നാണ് പൊതുവെ നാട്ടിൽ അറിയപ്പെടാറുള്ളതെങ്കിലും അക്രമത്തിലേക്ക് വഴിതെറ്റാനുള്ള എല്ലാ തയ്യാറെടുപ്പുകളോടും കൂടിയാണ് ഇവരുടെ നടപ്പ്.കല്യാണ വീടെന്നോ അങ്ങാടിയെന്നോ വ്യത്യസമില്ലാതെ അടിപിടിയിൽ അഭിരമിക്കുന്നവരാണിവർ.
മലബാറിൽ വിവാഹവുമായി ബന്ധപ്പെട്ട അക്രമങ്ങൾ തുടങ്ങിയിട്ട് കാലങ്ങളായി.കല്യാണം മുടക്കൽ മുതൽ വധൂവരൻമാരെ റാഗ് ചെയ്യുന്നവർ വരെ ഓരോ തലമുറയിലും ഉണ്ടായിട്ടുണ്ട്. ഒരു കാലത്ത് കല്യാണപന്തലിൽ ഷൈൻ ചെയ്യാനെത്തുന്ന ഏതാനും പേരാണുണ്ടായിരുന്നത്.എന്നാൽ ഇന്ന് പുഷ്പിക്കാനെത്തുന്നവരുടെ എണ്ണം കൂടി.ആരാണ് കൂടുതൽ ശോഭിക്കുകയെന്നാണ് നോക്കുന്നത്.ആൾകൂട്ടങ്ങൾക്കിടയിൽ ആളാകാനുള്ള ഈ മൽസരം പലപ്പോഴും ഈഗോ പ്രശ്‌നങ്ങളിലേക്കും വഴിയെ അടിപിടിയിലേക്ക് എത്തും.കല്യാണം കഴിഞ്ഞാൽ ഇവരൊക്കെ ചങ്ങാതിമാരുമാകും.കല്യാണ വീട്ടുകാർക്കുണ്ടായ നഷ്ടവും മാനഹാനിയും മിച്ചം.
വധൂവരൻമാർ എങ്ങിനെ അണിഞ്ഞൊരുങ്ങണമെന്നും എന്ത് വാഹനത്തിൽ സഞ്ചരിക്കണമെന്നും തീരുമാനിക്കുന്നതും ഈ സംഘങ്ങളായി.ഇവർ പറയുന്ന ഡ്രസ് കോഡിൽ കുതിരപ്പുറത്തോ പോത്തിൻ പുറത്തോ ബൈക്കിലോ വധൂവരൻമാരെ കയറ്റി വിടും.കല്യാണ വീട്ടുകാർക്കൊന്നും ഇതിൽ യാതൊരു റോളുമില്ല.സദ്യകഴിക്കുമ്പോൾ പല തരത്തിലുള്ള ആഭാസങ്ങൾ.കല്യാണമൊക്കെ കഴിഞ്ഞ് വധൂവരൻമാർ മണിയറയിലേക്ക് കടക്കുമ്പോൾ പുറത്തു നിന്ന് പടക്കമേറ്.മണിയറക്കകത്തും പല തരത്തിലുള്ള സൂത്രപ്പണികൾ.ആദ്യകാലങ്ങളിൽ ഇതെല്ലാം കുട്ടികളുടെ തമാശയായി കണ്ട് കണ്ണടച്ചിരുന്ന മുതിർന്നവർക്ക് ഇപ്പോൾ ഇതെല്ലാം അസഹനീയമായി മാറിയിരിക്കുന്നു.കല്യാണവീടുകളിൽ ആവർത്തിച്ചുണ്ടാകുന്ന അക്രമങ്ങളും നാശനഷ്ടങ്ങളും വലിയ തലവേദനയായി മാറുന്നു.ഓരോ കല്യാണവീട്ടിൽ നിന്നും ഏറിയ പകയുമായാണ് ഇപ്പോൾ അക്രമി സംഘങ്ങൾ പിരിഞ്ഞു പോകുന്നത്.അടുത്ത കല്യാണദിവസത്തിനായി അവർ കാത്തിരിക്കുന്നു.
കോവിഡ് മഹാമാരിയിൽ നിന്ന് മലയാളി ഒന്നും പഠിച്ചിട്ടില്ലെന്ന് ഏറെ കുറെ വ്യക്തമായി കഴിഞ്ഞു.മാസങ്ങൾ നീണ്ടു നിന്ന ലോക്ഡൗണിൽ പൂച്ചകളെ പോലെ പതുങ്ങിയിരുന്നവർ ഇപ്പോൾ ആറാടുകയാണ്.വാഹനമോടിക്കുന്നതിലായാലും ആഘോഷങ്ങളിലായാലും.കോവിഡ് മാറിയതോടെ വാഹനാപകങ്ങളുടെയും മരിക്കുന്നവരുടെയും എണ്ണം വർധിച്ചു. ആഘോഷങ്ങളെല്ലാം പഴയപടിയായി.കടം വാങ്ങിയും കല്യാണം ആഘോഷമാക്കുന്ന മലയാളി തിരിച്ചെത്തി.കോവിഡ് കാലത്ത് അമ്പത് പേരെ വെച്ച് കല്യാണം നടത്തിയ നാട്ടിലാണ് ഇപ്പോൾ ആയിരം പേരെ ക്ഷണിച്ച് ചടങ്ങുകൾ സംഘടിപ്പിക്കപ്പെടുന്നത്. അമ്പത് പേരെ വച്ച് നടത്തിയതും കല്യാണമാണ് ആയിരം പേരെ വച്ച് നടത്തുന്നതും കല്യാണമാണ്.അന്നും പരാതികളുണ്ടായിരുന്നു, ഇന്നുമുണ്ട്.
കുടുംബാംഗങ്ങൾക്കിടയിലെ സ്‌നേഹവും സന്തോഷവും ഊട്ടിയുറപ്പിക്കുന്നതിനാണ് വിവാഹങ്ങൾ ആളെകൂട്ടി നടത്തുന്നത്.വരനും വധുവും വീട്ടുകാരും പുരോഹിതനും ചേർന്നാലും വിവാഹം നടക്കും.എന്നാൽ വീട്ടിലെ സന്തോഷത്തിൽ ബന്ധുക്കളെയും നാട്ടുകാരെയും പങ്കെടുപ്പിക്കുകയെന്നതാണല്ലോ വിവാഹസൽക്കാരത്തിന്റെ പൊരുൾ. ഈ സ്‌നേഹവും സന്തോഷവും തകർക്കാനാണ് തല്ലുമാല സംഘങ്ങൾ എത്തുന്നത്.അടിച്ചടിച്ച്,ജയിച്ചെന്ന് വീമ്പു പറഞ്ഞ് ഓരോ സംഘങ്ങളും പടിയിറങ്ങുമ്പോൾ, വിവാഹസൽക്കാരമെന്നത് ആഭാസമായി മാറുന്നു.ഓരോ നാട്ടിലുമുണ്ട് ഇത്തരം സംഘങ്ങൾ.ഇവരെ ചാപ്പയടിച്ച്,വിവാഹ വേദികളിൽ നിന്ന് മാറ്റി നിർത്തലാണ് ആവശ്യം.കല്യാണം കഴിക്കാനൊരുങ്ങുന്ന യുവാക്കൾക്കും ഇതൊരു പാഠമാണ്. മറ്റുള്ളവന്റെ കല്യാണത്തിന് പോയി അലമ്പുണ്ടാക്കിയിട്ടുണ്ടെങ്കിൽ അവന്റെ കല്യാണത്തിനും അലമ്പൻമാർ എത്തും.അതു കൊണ്ട് തല്ലുമാല സംഘങ്ങൾ സ്വയം അച്ചടക്കത്തിലേക്ക് വരണം.അല്ലെങ്കിൽ നാട്ടുകാരും പോലീസും ചേർന്ന് ഇവരെ അച്ചടക്കം പഠിപ്പിക്കണം.

 

Latest News