Sorry, you need to enable JavaScript to visit this website.

ഒടുവിലവര്‍ തിരിച്ചറിഞ്ഞു; അത് ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ്

മെല്‍ബണ്‍- ബ്രിട്ടനില്‍ പുതിയ പ്രധാനമന്ത്രി വന്നത് സാമന്ത രാജ്യമായ ഓസ്‌ട്രേലിയ തിരിച്ചറിഞ്ഞില്ലെന്ന് തോന്നുന്നു. എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌ക്കാരച്ചടങ്ങിനെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിനെയാണ് ഓസ്‌ട്രേലിയന്‍ ചാനല്‍ തിരിച്ചറിയാതെ പോയത്. 

വെസ്റ്റ് മിനിസ്റ്റര്‍ അബെയിലെ തത്സമയ സംപ്രേഷണത്തിലാണ് ഓസ്‌ട്രേലിയന്‍ ചാനലായ ചാനല്‍ 9ലെ പീറ്റര്‍ ഓവര്‍ടണും ട്രേസി ഗ്രിംഷോയ്ക്കും അബദ്ധം പിണഞ്ഞതും. ഇരുവരും ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയെ തിരിച്ചറിഞ്ഞില്ലെന്ന് മാത്രമല്ല രാജകുടുംബത്തിലെ പ്രായപൂര്‍ത്തിയാകാത്ത ഏതെങ്കിലുമൊരു അംഗമായിരിക്കുമെന്ന വിഡ്ഡിത്തം അവതരിപ്പിക്കുകയും ചെയ്തു. 

ഭര്‍ത്താവ് ഹഗ് ഓലിയറിക്കൊപ്പമായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് കാറില്‍ നിന്നും ഇറങ്ങിയത്. എലിസബത്ത് രാജ്ഞി മരിക്കുന്നതിന്റെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സെപ്തംബര്‍ ആറിനായിരുന്നു ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ലിസ് ട്രസ് അധികാരമേറ്റത്. 

ആദ്യം അബദ്ധം സംഭവിച്ചെങ്കിലും അവതാരകര്‍ക്ക് ആളെ മനസ്സിലായതോടെ അവര്‍ തന്നെ തങ്ങളുടെ വന്‍ അബദ്ധവുമായി സാമൂഹ്യ മാധ്യമങ്ങളിലെത്തി. തങ്ങളുടെ വീഡിയോ അവതാരകര്‍ തന്നെയാണ് പുറത്തുവിട്ടത്. ഇതോടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ആ നിഗൂഢ അതിഥി യഥാര്‍ഥത്തില്‍ യു. കെയുടെ പ്രധാനമന്ത്രി ലിസ് ട്രസ് തന്നെയായിരുന്നുവെന്നു പറഞ്ഞാണ് പീറ്റര്‍ ഓവര്‍ടണ്‍ രംഗത്തെത്തിയത്.

Latest News