അമ്മയുടെ ഫോട്ടോ ലൗ ചിഹ്നങ്ങള്‍ ചേര്‍ത്ത് വൈറലാക്കി, വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി

റായ്ച്ചൂര്‍- അമ്മയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് പ്രണയ ചിഹ്നങ്ങള്‍ ചേര്‍ത്ത് വൈറലാക്കിയതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി.  കര്‍ണാടകയിലെ റായ്ച്ചൂര്‍ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള നവോദയ മെഡിക്കല്‍ കോളേജിലാണ് പാരാ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് ഏറ്റുമുട്ടിയത്.
സോഷ്യല്‍ മീഡിയ പോസ്റ്റ് ദുരുപയോഗം ചെയ്തതാണ് സംഭവത്തിന് കാരണമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇരുമ്പ് ദണ്ഡുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. അക്രമത്തില്‍ രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ക്ക് തലയ്ക്ക് 12 തുന്നലുകള്‍ ഇടേണ്ടി വന്നു. മറ്റൊരു വിദ്യാര്‍ത്ഥിയുടെ നെറ്റിയില്‍ പരിക്കേറ്റുവെന്നും പോലീസ് പറഞ്ഞു.
ശങ്കര്‍, ശംഭുലിംഗ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ നവോദയ ആശുപത്രിയില്‍ ചികിത്സയിലാണ്. ബി.എസ്‌സി നഴ്‌സിംഗ് കോഴ്‌സ് വിദ്യാര്‍ത്ഥിയായ രോഹിത് ആക്രമണത്തിനു നേതൃത്വം നല്‍കിയത്.
അമ്മയുടെ ജന്മദിനത്തില്‍ അമ്മയോടൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയത രോഹിതിന്റെ മൊബൈല്‍ സ്റ്റാറ്റസിന്റെ സ്‌ക്രീന്‍ഷോട്ട് ശങ്കറും ശംഭുലിംഗയും എടുത്ത് ദുരുപയോഗം ചെയ്തുവെന്ന് പോലീസ് പറഞ്ഞു.  
ശങ്കറും ശംഭുലിംഗയും ചേര്‍ന്ന് ഫോട്ടോ എഡിറ്റ് ചെയ്ത് പ്രണയ ചിഹ്നങ്ങള്‍ ചേര്‍ത്ത് കാമ്പസില്‍ വൈറലാക്ക. ഇതില്‍ പ്രകോപിതരായ രോഹിതും സുഹൃത്തുക്കളും ഇരുവരെയും ആക്രമിക്കുകയായിരുന്നു.
പ്രൊഫസര്‍മാരുടെ കണ്‍മുന്നിലാണ് അക്രമം നടന്നതെന്നും സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും നേതാജിനഗര്‍ പോലീസ് പറഞ്ഞു.

 

Latest News