ഭുവനേശ്വര്‍- വിവാഹ സമ്മാനമായി അയച്ച ബോംബ് പൊട്ടി നവവരന്‍ കൊല്ലപ്പെടുകയും വധുവിന് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍. ഒഡീഷയില്‍ കഴിഞ്ഞ ഫെബ്രുവരി 23-നുണ്ടായ സ്‌ഫോടനത്തില്‍ വരന്‍ സൗമ്യ ശേഖര്‍ സാഹു(26) വിനോടൊപ്പം ബന്ധു 85 വയസ്സുകാരി ജെമാമണി സാഹുവും കൊല്ലപ്പെട്ടിരുന്നു.
സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിരുന്ന സൗമ്യശേഖറിന്റെ അമ്മയോടൊപ്പം ജോലി ചെയ്യുന്ന അധ്യാപകന്‍ പുഞ്ചിലാല്‍ മെഹറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള കോളേജില്‍ സാഹുവിന്റെ അമ്മയ്ക്ക് പ്രിന്‍സിപ്പലായി സ്ഥാനക്കയറ്റം നല്‍കിയതിലുള്ള വിദ്വേഷമാണ് പ്രതിയെ വിവാഹ സമ്മാനമായി ബോംബയക്കാന്‍ പ്രേരിപ്പിച്ചത്.
ദമ്പതികളുടെ ബന്ധുക്കളും സുഹൃത്തുക്കളുമായി നൂറിലേറെ പേരെ ചോദ്യം ചെയ്തിട്ടും പോലീസിന് തുമ്പൊന്നും ലഭിച്ചിരുന്നില്ല. സമ്മാനമായി ലഭിച്ച പൊതി വിവാഹം കഴിഞ്ഞ് അഞ്ചാംദിവസം തുറന്നപ്പോഴാണ് പൊട്ടിത്തെറിച്ച് യുവാവ് മരിക്കുകയും ഭാര്യ 22 കാരി റീമക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തത്.
ബോംബ് നിര്‍മിക്കാനുള്ള വിദ്യ ഇന്റര്‍നെറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് വീട്ടില്‍വെച്ച് പ്രതിതന്നെ നിര്‍മിച്ച ബോംബാണ് സമ്മാനമായി അയച്ചതെന്ന് ഒഡീഷ പോലീസ് മേധാവി ആര്‍.കെ. ശര്‍മ പറഞ്ഞു. 230 കി.മീ ട്രെയിന്‍ വഴി സഞ്ചരിച്ച് റായ്പൂരിലെത്തി അവിടെനിന്നാണ് പ്രതി കൊറിയര്‍ വഴി പാര്‍സല്‍ അയച്ചത്. മൂന്ന് ബസുകളില്‍ 650 കി.മീ പിന്നീട്ട് നാല് കൈമാറ്റത്തിനുശേഷമാണ് ബോംബ് പൊതി ഫെബ്രുവരി 20 ന് പതന്‍ഗഢിലെ വീട്ടിലെത്തിയത്. റായ്പൂരില്‍നിന്ന് എസ്.കെ ശര്‍മ എന്നയാള്‍ അയക്കുന്നതായാണ് കൊറിയര്‍ കമ്പനി രേഖപ്പെടുത്തിയിരുന്നത്. വിവാഹ സമ്മാനമാണെന്ന് തോന്നുന്നുവെന്ന് പറഞ്ഞ് സൗമ്യശേഖര്‍ പൊതി തുറക്കുന്നതിനു മുമ്പ് തനിക്കാരും റായ്പൂരില്‍ പരിചയക്കാരില്ലെന്നും പറഞ്ഞിരുന്നു.






