Sorry, you need to enable JavaScript to visit this website.

'ജന്മദിനാശംസകള്‍ മോഡി ജീ, നിങ്ങള്‍ കാരണം ജീവനൊടുക്കുന്നു'  -ഉള്ളി കര്‍ഷകന്റെ ആത്മഹത്യ കുറിപ്പ് വൈറലായി 

മുംബൈ- മഹാരാഷ്ട്രയില്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കര്‍ഷകന്‍ ജീവനൊടുക്കി. ഉള്ളി കൃഷി ചെയ്തിരുന്ന ദശരഥ് കേദാരി (42) ആണ് മരിച്ചത്. കീടനാശിനി കഴിച്ച ശേഷം കുളത്തിലേക്ക് ചാടുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 17നാണ് ആത്മഹത്യ. മരിക്കുന്നതിന് മുമ്പ് കര്‍ഷകന്‍ എഴുതിയ ആത്മഹത്യാക്കുറിപ്പ് ഞെട്ടിക്കുന്നതാണ്.
പൂനെയിലെ ജുന്നാറില്‍ വഡ്ഗാവ് ആനന്ദ് ഗ്രാമത്തിലാണ് സംഭവം. സഹകരണ സംഘത്തില്‍ നിന്നും വായ്പ എടുത്ത് ദശരഥ് കൃഷി ഇറക്കി. ഇത്തവണ മികച്ച വില ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും നടന്നില്ല. കനത്ത മഴയില്‍ ഒന്നരലക്ഷം മുതല്‍ രണ്ടുലക്ഷം രൂപവരെയുള്ള കാര്‍ഷികോല്‍പ്പന്നങ്ങള്‍ നശിച്ചു. സോയാബീന്‍, തക്കാളി കൃഷികള്‍ക്കും നാശം സംഭവിച്ചു. ഇതോടെ വായ്പ തിരിച്ചടവ് മുടങ്ങി.
വായ്പ മുടങ്ങിയതോടെ സഹകരണ സംഘം ഉദ്യോഗസ്ഥര്‍ കര്‍ഷകരോട് മോശമായി പെരുമാറി. അസഭ്യം പറഞ്ഞും, ഭീഷണിപ്പെടുത്തിയും ദശരഥിനെ സമ്മര്‍ദ്ദത്തിലാക്കി. പണം നല്‍കാന്‍ മറ്റ് വഴികള്‍ ഇല്ലാത്തതിനാല്‍ ദശരഥ് ജീവനൊടുക്കാന്‍ തീരുമാനിച്ചു. പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിക്കുന്ന ആത്മഹത്യാ കുറിപ്പും തയ്യാറാക്കി.
'ജന്മദിനാശംസകള്‍ മോഡി ജീ' എന്ന് തുടങ്ങുന്ന കുറിപ്പില്‍ ഉള്ളിക്കും മറ്റ് വിളകള്‍ക്കും താങ്ങുവില ലഭിക്കാത്തതില്‍ വിഷമമുണ്ടെന്ന് കര്‍ഷകന്‍ കുറിച്ചു. 'വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ നിഷ്‌ക്രിയത്വം കാരണം ഇന്ന് ഞാന്‍ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതനാണ്. ഞങ്ങളുടെ വിളകള്‍ക്കുള്ള ന്യായമായ ഗ്യാരണ്ടീഡ് മാര്‍ക്കറ്റ് വില തരൂ.' - മറാത്തി ഭാഷയില്‍ എഴുതിയ കുറിപ്പില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആത്മഹത്യാ കുറിപ്പ് കേദാരിയുടെ ബന്ധുവാണ് പോലീസിന് കൈമാറിയത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ കുറിപ്പില്‍, കടം കൊടുക്കുന്നവരുടെ ഭീഷണിയും സഹകരണ സംഘം ഉപയോഗിക്കുന്ന അധിക്ഷേപ വാക്കുകളും കര്‍ഷകന്‍ പരാമര്‍ശിക്കുന്നുണ്ട്.
 

Latest News