ജിദ്ദ - വൻതുകയുടെ സമ്മാനം അടിച്ചതായി എസ്.എം.എസ് വഴി അറിയിച്ച് സൗദി പൗരന്മാരെ കബളിപ്പിച്ച് അക്കൗണ്ടുകളിൽനിന്ന് പണം കവർന്ന പതിനൊന്നംഗ പാക്കിസ്ഥാനി സംഘത്തെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തു. അൽറബ്‌വ ഡിസ്ട്രിക്ടിലെ ഫഌറ്റ് കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നത്. വൻകിട കമ്പനിയിൽ നിന്നോ വ്യാപാര സ്ഥാപനത്തിൽ നിന്നോ ഭീമമായ തുകയുടെ സമ്മാനം അടിച്ചതായി അറിയിച്ച് ഫോണിൽ ബന്ധപ്പെട്ടും എസ്.എം.എസുകൾ അയച്ചും വാട്‌സ് ആപ്പ് സന്ദേശങ്ങൾ അയച്ചുമാണ് സംഘം തട്ടിപ്പിന് കളമൊരുക്കിയിരുന്നത്. കെണിയിൽ കുടുങ്ങുന്നവരുടെ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ തന്ത്രപൂർവം ചോർത്തിയെടുത്ത ശേഷം അക്കൗണ്ടുകളിൽ നിന്ന് പണം ട്രാൻസ്ഫർ ചെയ്യുകയും പിൻവലിക്കുകയുമാണ് സംഘം ചെയ്തിരുന്നത്. പത്തൊമ്പതു മൊബൈൽ ഫോണുകളും 36 സിം കാർഡുകളും പ്രതികളുടെ പക്കൽ കണ്ടെത്തി. ഈ രീതിയിൽ ഏതാനും തട്ടിപ്പുകൾ നടത്തിയതായി ചോദ്യം ചെയ്യലിൽ സംഘം സമ്മതിച്ചു.






