യോഗി ആദിത്യനാഥ് ദൈവമായി; ക്ഷേത്രവും വിഗ്രഹവും സ്ഥാപിച്ചു, ഭജന സി.ഡികള്‍ ഉടന്‍

അയോധ്യ- ഉത്തര്‍പ്രദേശ്  മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പൂജിക്കാനും ആരാധിക്കാനും ക്ഷേത്രം. യോഗിയെ പൂജിക്കുന്നുവെന്ന് പറയുന്നത് ആലങ്കാരികമായല്ല, അക്ഷരാര്‍ത്ഥത്തില്‍ തന്നെ അദ്ദേഹത്തിനുവേണ്ടി ക്ഷേത്രം സ്ഥാപിച്ചിരിക്കുന്നു. അയോധ്യയിലെ ഭരത്കുണ്ഡിലെ ക്ഷേത്രത്തിലാണ് മുഖ്യമന്ത്രിയുടെ വിഗ്രഹമുള്ളത്.  അദ്ദേഹത്തെ ശ്രീരാമന്റെ അവതാരമായി ചിത്രീകരിച്ചാണ് പ്രാര്‍ഥന.
ആരതി സമയത്ത് മുഖ്യമന്ത്രിയെ സ്തുതിക്കുന്ന ഭജനകള്‍ ആലപിക്കും. ക്ഷേത്രം പണികഴിപ്പിച്ച 2014 മുതല്‍ യോഗി പ്രചാരകായ പ്രഭാകര്‍ മൗര്യയാണ്  ഈ കീര്‍ത്തനങ്ങള്‍ എഴുതിയത്. ക്ഷേത്രവും പ്രാര്‍ഥനയും  പ്രോത്സാഹിപ്പിക്കുന്നതിനായി ഭജനകളുടെ ഓഡിയോ, വീഡിയോ സി.ഡികള്‍ തയ്യാറാക്കി വരികയാണ്.

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം പുരോഗമിക്കുന്ന സമയത്തു തന്നെയാണ്  അയോധ്യയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ പ്രഭാകര്‍ മൗര്യ യോഗി ക്ഷേത്രം നിര്‍മ്മിച്ചത്  അയോധ്യ-ഗോരഖ്പൂര്‍ ഹൈവേയില്‍ ഭരത്കുണ്ഡിനടുത്താണ് യോഗി ആദിത്യ നാഥിന്റെ ക്ഷേത്രം.
രാമന്റെ സഹോദരന്‍ ഭരതന്‍ 14 വര്‍ഷം അയോധ്യയുടെ ഭരണം ഏറ്റെടുത്തതായി വിശ്വസിക്കപ്പെടുന്ന സ്ഥലത്താണ് യോഗി ക്ഷേത്രം സ്ഥാപിച്ചിരിക്കുന്നത്.  അയോധ്യയില്‍ ശ്രീരാമന് ക്ഷേത്രം പണിയുന്ന വ്യക്തിയുടെ പേരില്‍ താന്‍ ക്ഷേത്രം പണിയുമെന്നത് തന്റെ ദൃഢനിശ്ചയമായിരുന്നുവെന്ന് മൗര്യ പറയുന്നു.  മഹത്തായ രാമക്ഷേത്രം നിര്‍മ്മിക്കപ്പെടുകയാണെന്നും  അതില്‍ യോഗി ആദിത്യനാഥ് വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും  മൗര്യ കൂട്ടിച്ചേര്‍ത്തു.
യോഗി മഹാരാജിന്റെ ഉയരം 5.4 അടിയാണെന്നും അതിനാല്‍ പ്രതിഷ്ഠിച്ച വിഗ്രഹം വലുതാണെന്നും വിഗ്രഹത്തിലെ വസ്ത്രങ്ങളിലും ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്നും മൗര്യ പറഞ്ഞു.
യു.പിയിലെ ബരാബങ്കി ജില്ലയില്‍ നിന്നുള്ള മൗര്യയുടെ സുഹൃത്താണ് വിഗ്രഹം കൊത്തിയെടുത്തത്. ഏകദേശം രണ്ട് മാസമെടുത്താണ് വിഗ്രഹം പൂര്‍ത്തിയാക്കിയത്.

 

Latest News