ആലപ്പുഴ-പുന്നമടക്കായലിന്റെ ഓളപ്പരപ്പില്‍ സര്‍പ്പ സുന്ദരിയെപ്പോലെ തലയുയര്‍ത്തി നിന്ന ചുണ്ടന്വള്ളങ്ങളില് കുട്ടനാടിന്റെ കരിമാടിക്കുട്ടന്മാര് തുഴയെറിയുന്ന വിസ്മയക്കാഴ്ച കണ്ട്, അവരുടെ വള്ളത്തിലേക്ക് ഓടിക്കയറിയ പ്രപിതാമഹന് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഓര്‍മകള്‍ അയവിറക്കി, രാഹുല്‍ ഗാന്ധി.
ജവഹര്‍ലാല്‍ നെഹ്റുവിന്റെ പേരില്‍ ലോക പ്രസിദ്ധമായ വള്ളംകളി കഴിഞ്ഞ രണ്ടാഴ്ച മുമ്പ് നടന്നതിന്റെ ആവേശം അണയും മുമ്പ് നെഹ്റുവിന്റെ പിന്മുറക്കാരന് രാഹുല്‍ഗാന്ധി പുന്നമടയില്‍ വള്ളം തുഴഞ്ഞത് മറ്റൊരു ചരിത്രവും ആവേശവുമായി. ഭാരത്ജോഡോ യാത്രയുടെ ജില്ലാ പര്യടനത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രദര്‍ശന വള്ളംകളി നടത്തിയത്. കയ്യടിയും ആര്‍പ്പുവിളിയും വള്ളപ്പാട്ടും എല്ലാം ചേര്‍ന്ന ഊര്‍ജത്തിന്റെ പരകോടിയില്‍ തുഴച്ചിലുകാര്‍ക്കൊപ്പം അദ്ദേഹവും അലിഞ്ഞുചേര്‍ന്നു. ആര്‍പ്പോവിളികളോടെയാണ് രാഹുല്‍ ഗാന്ധിയെ വള്ളത്തിലേക്ക് ടീം അംഗങ്ങള്‍ സ്വീകരിച്ചത്. കേരള ടൂറിസം നേരിടുന്ന വെല്ലുവിളികളെയും പരിഹാരമാര്‍ഗങ്ങളെയും കുറിച്ച് ഹൗസ് ബോട്ട് ഓപ്പറേറ്റേഴ്സുമായി പങ്കുവെച്ചശേഷമാണ് രാഹുല്‍ ഗാന്ധി ചുണ്ടന് വള്ളം തുഴയാനെത്തിയത്. നടുവിലെപറമ്പന്‍,ആനാരി,വെള്ളംകുളങ്ങര എന്നീ മൂന്ന് ചുണ്ടന് വള്ളങ്ങളാണ് വള്ളംകളി മത്സരത്തില്‍ പങ്കെടുത്തത്. നെഹ്റുട്രോഫി വള്ളംകളി നടക്കുന്ന അതേ അകലത്തില്‍ സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ നിന്നാണ് വള്ളങ്ങള്‍ എത്തിയത്. കരുവാറ്റ സിബിഎല്‍ മത്സരത്തില്‍ ജേതാവായ എന്‍ സി ബി സി ബോട്ട് ക്ലബ്ബിനൊപ്പം നടുവിലെപ്പറമ്പന്‍ ചുണ്ടനിലാണ് രാഹുല്‍ തുഴയാന്‍ കയറിയത്. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും രാഹുലിനൊപ്പം വള്ളത്തില്‍ തുഴച്ചില്‍ക്കാരനായി കയറി. വെള്ളം കുളങ്ങരയും ആനാരി ചുണ്ടനും വള്ളംകളിയില്‍ പങ്കെടുത്തു. ഒരു തവണ വള്ളം തുഴയുകയും മത്സരത്തിന്റെ രണ്ട് റൗണ്ട് ബോട്ടിലിരുന്ന് വീക്ഷിക്കുകയും ചെയ്തു. യാത്രയുടെ ഇടവേളയില്‍ കുട്ടനാട് സന്ദര്‍ശനം നടത്തി ഡോക്ക് ചിറയ്ക്ക് സമീപം എത്തിയ രാഹുല്‍ ഗാന്ധിയെ ചുണ്ടന് വള്ളത്തിലെ തുഴക്കാര്‍ ആവേശപൂര്‍വ്വം സ്വീകരിച്ചു.പങ്കെടുത്ത മൂന്ന് ചുണ്ടന് വള്ളങ്ങള്‍ക്കും രാഹുല്‍ ഗാന്ധി ട്രോഫി വിതരണം ചെയ്തു. പ്രഥമ പ്രധാനമന്ത്രിയും രാഹുലിന്റെ മുത്തച്ഛനുമായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവില്‍ തുടങ്ങുന്നതാണ് ചുണ്ടന്‍വള്ളം കളിയുടെ പെരുമ. മുന്‍ എം എല്‍ എ കെ കെ ഷാജു, തോമസ് ജോസഫ്, അഡ്വ. റീഗോ രാജു, ആര് കെ കുറുപ്പ്, എസ് ഗോപാലകൃഷ്ണന്,സുനില്‍ ജോസഫ് വഞ്ചിക്കല്‍, സജി തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.






