ദളിത് എന്ന വാക്ക് ഒഴിവാക്കാന്‍ ആര്‍.എസ്.എസ് നിര്‍ദേശം

ന്യൂദല്‍ഹി- ദളിത് എന്ന വാക്ക് ഉപയോഗിക്കരുതെന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആര്‍.എസ്.എസ് നിര്‍ദേശം. അപമാനകരമായ കോളോണിയല്‍ പ്രയോഗത്തിന്റെ തുടര്‍ച്ചയാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ എന്നു തന്നെ ഉപയോഗിക്കണമെന്ന നിര്‍ദേശം.  ഈ രണ്ടു വാക്കുകളും ഭരണഘടനാപരമായ പ്രയോഗങ്ങളാണെന്ന് വി.എച്ച്.പി ഇന്റര്‍നാഷണല്‍ വര്‍ക്കിംഗ് പ്രസിഡന്റ് അലോക് കുമാര്‍ പറഞ്ഞു. 
പട്ടിക ജാതി, പട്ടിക വര്‍ഗം എന്നീ വാക്കുകള്‍ ജാതിയെ സൂചിപ്പിക്കുന്നഅപമാനകരമായതോ ആയ പ്രയോഗങ്ങളല്ലെന്നും സംഘപരിവാര്‍ നേതാക്കള്‍ പറയുന്നു. കഴിഞ്ഞയാഴ്ച കേന്ദ്ര സാമൂഹ്യ ക്ഷേമ വകുപ്പ്  കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളിലെ വിവിധ വകുപ്പുകള്‍ക്ക് കേന്ദ്ര സാമൂഹിക നീതി വകുപ്പ് ഇതുസംബന്ധിച്ചു നിര്‍ദേശം നല്‍കിയിരുന്നു. 1982 ഫെബ്രുവരി പത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് ഉദ്ധരിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര മന്ത്രാലയങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്. പട്ടിക ജാതി (എസ്.സി) സര്‍ട്ടിഫിക്കറ്റില്‍ ഹരിജന്‍ എന്ന പദം ഉപയോഗിക്കരുതെന്ന ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര മന്ത്രാലയം പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും മന്ത്രാലയം ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഷെഡ്യൂള്‍ഡ് കാസ്റ്റ് എന്ന് ഇംഗ്ലീഷിലോ പ്രാദേശിക ഭാഷകളില്‍ സമാനമായ മറ്റു വാക്കുകളോ ഉപയോഗിക്കാനാണു നിര്‍ദേശം. ഇതു സംബന്ധിച്ച ഉത്തരവ് മാര്‍ച്ച് 15-നാണ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.
രാജ്യമെങ്ങും ദളിത് വിഭാഗങ്ങള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങളും അതിനു തുടര്‍ന്നു നടക്കുന്ന പ്രക്ഷോഭങ്ങളും ബി.ജെ.പിയുടെ വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്തുമെന്ന ആശങ്കയില്‍നിന്നാണ് ആര്‍.എസ.്എസും കേന്ദ്ര സര്‍ക്കാരും ദളിത് എന്ന വാക്കിന് വിലക്ക് കല്‍പ്പിച്ചതെന്നാണു വിലയിരുത്തല്‍. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ദളിത് മുന്നേറ്റങ്ങളുടെ പ്രതിഫലനം 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു പ്രതികൂലമായി ഭവിക്കുമെന്നും ആര്‍.എസ.്എസ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. 
സാമൂഹ്യ സാഹോദര്യം വളര്‍ത്തുന്നതിനായി ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും ആഭിമുഖ്യത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ വ്യാപകമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍നിന്നും പൂരോഹിതന്മാരെ ഉയര്‍ത്തിക്കൊണ്ടു വരാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍, കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ ബാലചന്ദ്ര മുംഗേക്കര്‍ ഈ നീക്കങ്ങളെ വോട്ട് രാഷ്ട്രീയം മുന്നില്‍ കണ്ടുള്ള കപട അനുഭാവം എന്നാണു പരിഹസിച്ചത്. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ മേഖലകളില്‍ ചൂഷണത്തിന് വിധേയരാകുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്നവരെ ലോകവ്യാപകമായി വിശേഷിപ്പിക്കുന്നത് ദളിത് വിഭാഗങ്ങള്‍ എന്നാണ്. ഈ പ്രയോഗം ഒഴിവാക്കാന്‍ ആര്‍.എസ്.എസും ബി.ജെ.പിയും നടത്തുന്ന ശ്രമങ്ങള്‍ രാജ്യമെങ്ങും നടക്കുന്ന ദളിത് മുന്നേറ്റങ്ങള്‍ക്കു തടയിടാനാണെന്നും അദ്ദേഹം പറഞ്ഞു.
 

Latest News