Sorry, you need to enable JavaScript to visit this website.
Monday , October   03, 2022
Monday , October   03, 2022

മുറിക്കുള്ളിലെ വായുവിന്റെ ഗുണമേന്മ കൂട്ടുന്ന ഉപകരണം- ആഗോളതലത്തിൽ ചുവടുറപ്പിച്ച് മലയാളി സംരംഭം

കൊച്ചി - കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പ് സംരംഭമായ ഫ്രഷ്‌ക്രാഫ്റ്റ് ആഗോളതലത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി അവരുടെ ഏറ്റവും പുതിയ ഉൽപന്നമായ മുറിക്കുള്ളിലെ വായുവിന്റെ ഗുണമേന്മ   കൂട്ടുന്ന ഉപകരണം ടെൻഷീൽഡ് ദുബായിൽ അവതരിപ്പിച്ചു. ഫ്രഷ്‌ക്രാഫ്റ്റ് സിഇഒ വിനീത് കുമാർ മേട്ടയിൽ, ഏരീസ് ഗ്രൂപ്പ് സ്ഥാപകനും സിഇഒയുമായ ഡോ. സോഹൻ റോയ്, മദർസൺ-എസ്എംഎച്എസ് സിഒഒ വിമൽ മൻചന്ദ എന്നിവർ ചേർന്നാണ് ഔദ്യോഗികമായി ഉപകരണം പുറത്തിറക്കിയത്.
ആമസോൺ മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക പ്രൊക്യുർമെൻറ് മേധാവി സതീഷ് നായർ സന്നിഹിതനായിരുന്നു.

ലോകത്തെ ഏറ്റവും വലിയ ഓട്ടോമൊബൈൽ പാർട്‌സ് നിർമ്മാതാക്കളിലൊന്നായ മദർസൺ ഗ്രൂപ്പാണ്  ടെൻഷീൽഡ് നിർമ്മിക്കുന്നത്. ഇതാദ്യമായാണ് ഓട്ടോമൊബൈൽ ഉപകരണത്തിന് പുറമെയുള്ള ഉൽപന്നം അവർ പുറത്തിറക്കുന്നത്.

3000 ക്യുബിക് അടി മുതൽ 10,000 ക്യുബിക് അടി വരെയുള്ള മുറികൾക്കുള്ളിലെ വായു ശുദ്ധീകരിക്കുകയും രോഗാണുക്കളെ ഇല്ലാതാക്കുകയും ചെയ്യുന്ന ടെൻഷീൽഡ് ആറ്റം, ടെൻഷീൽഡ് സ്‌കൈ, ടെൻഷീൽഡ് ഗോ എന്നീ മോഡലുകളാണ് ഇതിനുള്ളത്.

വായുജന്യ രോഗങ്ങളെ ഇല്ലാതാക്കുന്ന പ്ലാസ്മ മീഡിയേറ്റഡ് ആയുള്ള അയോണുകൾ പുറത്തേക്ക് വിട്ടാണ് ഇത് സാധ്യമാക്കുന്നത്.സാധാരണ എയർ പ്യൂരിഫയറുകളെപ്പോലെ ഇത് വായു വലിച്ചെടുത്ത് ശുദ്ധീകരിക്കുകയല്ല ചെയ്യുന്നത്. അതിനാൽ തന്നെ കാലാകാലങ്ങളിൽ ഫിൽട്ടർ മാറ്റേണ്ട ആവശ്യമില്ല. ഐഒടി അടിസ്ഥാനമായി പ്രവർത്തിക്കുന്ന സ്മാർട്ട് ഉപകരണമാണിത്. സ്വന്തം മൊബൈൽ ഫോണിലൂടെ ഇതിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ സാധിക്കും.

കോവിഡാനന്തര ലോകത്തിൽ ഈ ഉപകരണത്തിന് വലിയ പങ്കാണ് വഹിക്കാനുള്ളതെന്ന് കമ്പനി സിഇഒ വിനീത് കുമാർ പറഞ്ഞു. മുറിക്കുള്ളിലെ വായുവിലുള്ള രോഗാണുവിനെ നെഗറ്റീവ് അയോണുകളിലൂടെ നശിപ്പിക്കുന്നതിനോടൊപ്പം പ്രതലത്തിലുള്ള രോഗാണുക്കളെക്കൂടി ഇത് ഇല്ലാതാക്കുന്നുണ്ട്. ഈ ഉപകരണം പുറത്തുവിടുന്ന നെഗറ്റീവ് അയോണുകൾ മനുഷ്യശരീരത്തിനും ഗുണകരമാണ്. അതിനാൽ ദീർഘകാല ആരോഗ്യസൗഖ്യത്തിന് ഈ ഉപകരണം സുപ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവിധ അന്താരാഷ്ട്ര ലബോറട്ടറികളിൽ പരിശോധനകൾ പൂർത്തിയാക്കിയതിനു ശേഷമാണ് ഈ ഉപകരണങ്ങളുടെ അന്താരാഷ്ട്ര അവതരണം നടത്തിയത്. ദുബായ് സെൻട്രൽ ലബോറട്ടി ഡിപ്പാർട്ട്‌മെന്റ്, ഇന്റർടെക് ഗ്രൂപ്പ്, ഹോങ് കോങ്, സിഎസ്‌ഐആറിനു കീഴിലുള്ള നാഷണൽ ഫിസിക്കൽ ലബോറട്ടറി, നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജ്യൂക്കേഷൻ ആൻഡ് റിസർച്ച്(എൻഐപിഇആർ) രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി, ശ്രീചിത്ര ബയോടെക്‌നോളജി ഗവേഷണ വിഭാഗം എന്നിവിടങ്ങളിലാണ് പരിശോധനകൾ നടത്തിയത്.പ്ലാസ്മ ശാസ്ത്രശാഖയിലെ ലോകപ്രശസ്ത ശാസ്ത്രജ്ഞനായ ഡോ. അരുൺകുമാർ ശർമ്മയുടെ മാർഗനിർദ്ദേശത്തിലാണ് ഈ ഉപകരണം വികസിപ്പിച്ചെടുത്തത്.

കേന്ദ്രസർക്കാരിന്റെ ഗവേഷണ സ്ഥാപനമായ നെക്ടറിന്റെ ഡയറക്ടർ ജനറൽ കൂടിയാണദ്ദേഹം. കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ കീഴിലുള്ള സ്റ്റാർട്ടപ്പ് ഇന്ത്യ, കേരള സ്റ്റാർട്ടപ്പ് മിഷൻ,മേക്കർ വില്ലേജ് എന്നിവിടങ്ങളിൽ ഫ്രഷ്‌ക്രാഫ്റ്റ് ഇൻകുബേറ്റ് ചെയ്തിട്ടുണ്ട്. ഈ ഉപകരണത്തിന്റെ പേറ്റന്റ് നേടുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്.

ആവേശകരമായ ഊർജ്ജമുള്ള യുവാക്കളെയാണ് ഫ്രഷ്‌ക്രാഫ്റ്റിലൂടെ കാണാൻ സാധിച്ചതെന്ന് വിമൽ മൻചന്ദ പറഞ്ഞു. പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് എല്ലായ്‌പ്പോഴും അവരുടെ പക്കൽ പരിഹാരമാർഗമുണ്ടാകും. സധൈര്യം മുന്നോട്ടു പോയാൽ വിജയം കൂടെ വരുമെന്ന ഹെൻറി ഫോർഡിന്റെ വാക്കുകൾ ഇവരുടെ കാര്യത്തിൽ ഏറെ ശരിയാണെന്നും അദ്ദേഹം പറഞ്ഞു.

ജോലിയിടങ്ങളിലെ അന്തരീക്ഷവായു സംരക്ഷിക്കുന്ന ഉൽപന്നങ്ങൾ ഇന്ന് മാർക്കറ്റിൽ അധികമില്ലെന്ന് സതീഷ് നായർ ചൂണ്ടിക്കാട്ടി. ആമസോണടക്കം നിരവധി കമ്പനികൾക്ക് സുരക്ഷിതമായ ജോലി അന്തരീക്ഷത്തിനായി ഈ ഉപകരണം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം വായുമലിനീകരണം നിമിത്തം 35 ലക്ഷം അകാലമരണങ്ങളാണ് ലോകത്തുണ്ടാകുന്നത്. ഇത് തടയുന്നതിനു വേണ്ടിയുള്ള ശാസ്ത്രീയമായ രീതിയാണ് ടെൻഷീൽഡ് അവലംബിക്കുന്നത്.

നിലവിൽ എറണാകുളത്തെ ഓഫീസിനു പുറമെ ദുബായ്, അമേരിക്ക എന്നിവിടങ്ങളിലും ഫ്രഷ്‌ക്രാഫ്റ്റിന് ഓഫീസുണ്ട്. നാൽപതിലധികം രാജ്യങ്ങളിൽ നിന്ന് ഈ ഉപകരണത്തിന് ഓർഡറുകൾ ലഭിച്ചിട്ടുണ്ടെന്ന് കമ്പനി അധികൃതർ പറഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കമ്പനിയുടെ ഉപഭോക്താക്കളും വ്യവസായ പ്രമുഖരും ലോഞ്ചിംഗ് പരിപാടിയിൽ പങ്കെടുത്തു.