ഗവർണർ - മുഖ്യമന്ത്രി വാക്‌പോര് മുറുകുമ്പോൾ

ഇ.കെ നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്തും വി.എസിന്റെ ആദ്യകാലത്തുമൊക്കെ ഫെഡറലിസം തകർക്കുന്ന കേന്ദ്രസർക്കാരിന്റെ പല നടപടികൾക്കും കേരളത്തെ അവഗണിക്കുന്നതിനുമെതിരെ നിരവധി പ്രക്ഷോഭങ്ങൾ നടന്നിട്ടുണ്ട്. ഭരണവും സമരവും ഒന്നിച്ച് എന്ന മുദ്രാവാക്യം തന്നെ അന്നുണ്ടായിരുന്നു. പ്രതിപക്ഷവും പല സമരങ്ങളിലും പങ്കെടുത്തിരുന്നു. എന്നാൽ അടുത്തകാലത്തായി അത്തരം നീക്കങ്ങളൊന്നും നടക്കുന്നതേയില്ല. ഫെഡറലിസം തകർക്കുന്ന എത്രയോ നടപടികൾ കേന്ദ്രം സ്വീകരിക്കുമ്പോഴും പല സംസ്ഥാനങ്ങളും അതിനെതിരെ പ്രതികരിക്കുമ്പോഴും കേരളം പൊതുവിൽ നിശബ്ദമാണ്. 

 

വൈകിയാണെങ്കിലും അനിവാര്യമായ പൊട്ടിത്തെറിയാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലാണത്. പരോക്ഷമായി അത് കേന്ദ്രസർക്കാരും കേരളസർക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ തന്നെയാണ്. കൂടാതെ ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഏറ്റുമുട്ടലും. ബിജെപിയിതര സർക്കാരുകൾ ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും കൂടിയോ കുറഞ്ഞോ അളവിൽ ഈ പ്രശ്‌നം നിലനിൽക്കുന്നുണ്ട്. ബംഗാളും തമിഴ് നാടും പോലുള്ള സർക്കാരുകൾ എന്നേ ഗവർണർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചു. സർവ്വകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നുപോലും ഗവർണറെ ഒഴിവാക്കി. പക്ഷെ ഇവിടെ ഇതുവരെ സമവായത്തിന്റെ പാതയായിരുന്നു സർക്കാർ സ്വീകരിച്ചത്. സമവായം സ്വീകരിക്കേണ്ടവരോടല്ല സ്വീകരിക്കുന്നതെന്ന് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എത്രയോ പേർ ചൂണ്ടിക്കാട്ടിയിട്ടും അതുതന്നെയായിരുന്നു സർക്കാരും മുഖ്യമന്ത്രിയും തുടർന്നത്. ഗവർണറാകട്ടെ വിട്ടുവീഴ്ചയില്ലാതെ അക്രമം തുടരുകയും ചെയ്തു. നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകാനും അദ്ദേഹം തയ്യാറായിട്ടില്ല. അങ്ങനെയാണിത് പൊട്ടിത്തെറിയിലെത്തിയത്. ഇപ്പോഴിതാ സർക്കാർ മാത്രമല്ല, പാർട്ടിയും ശക്തമായി രംഗത്തിറങ്ങിയിരിക്കുന്നു.  

ഈ പംക്തിയിൽ തന്നെ പലപ്പോഴും എഴുതിയപോലെ ജനാധിപത്യപരമായ മാർഗത്തിലൂടെയാണ് മുഖ്യമന്ത്രി അധികാരത്തിലെത്തിയിട്ടുള്ളത്. ഗവർണർ പദവിയാകട്ടെ അങ്ങനെയല്ല. മിക്കപ്പോഴും കേന്ദ്രം ഭരിക്കുന്ന പാർട്ടി തങ്ങൾക്ക് ഇനിയും ആവശ്യമില്ലാത്തവരെ പ്രതിഷ്ഠിക്കുന്ന ഒന്നാണ് ഈ പദവി. ഭരണതലവൻ എന്നൊക്കെ പറയുമ്പോഴും അതൊരു ആലങ്കാരികപദവി മാത്രമാണെന്ന് എല്ലാവർക്കുമറിയാം. അതിനാൽ സ്വാഭാവികമായും ഇപ്പോഴത്തെ വിവാദത്തിൽ മുഖ്യമന്ത്രിക്കൊപ്പം നിൽക്കാനാണ് ജനാധിപത്യവാദികൾ തയ്യാറാകേണ്ടത്. എന്നാൽ ചില തർക്കവിഷയങ്ങൾ സങ്കീർണ്ണമാണെന്നു പറയാതിരിക്കാനാവില്ല. ഉദാഹരണം ലോക്പാൽ ഭേദഗതി ബിൽ തന്നെ. പൊതുപ്രവർത്തകരുടേയും ഭരണാധികാരികളുടേയും അഴിമതിക്കു തടയിടുക എന്നതാണല്ലോ ലോക്പാലിന്റെ ലക്ഷ്യം. ആ ലക്ഷ്യത്തോടെയാണ് അതിനു ജുഡീഷ്യൽ അധികാരവും നൽകിയിരിക്കുന്നത്. അതിൽ വെള്ളം ചേർക്കുന്നതാണ് ഭേദഗതി. ജനാധിപത്യപരമായ രീതിയിൽ നിയമസഭ പാസാക്കിയതാണെങ്കിലും അത് അഴിമതിമുക്ത ഭരണമെന്ന ലക്ഷ്യത്തെ അട്ടിമറിക്കുന്നതാണെന്ന വിമർശനം ശക്തമാണ്. ബില്ലിൽ ഒപ്പുവെക്കാതിരിക്കുന്ന ഗവർണറുടെ വാദവും അതുതന്നെ. ഈ സാഹചര്യത്തിൽ ജനാധിപത്യവാദികൾ ത്രിശങ്കുസ്വർഗ്ഗത്തിലാണെന്നു പറയുന്നതിൽ തെറ്റില്ല. തീർച്ചയായും കുറ്റാരോപിതർക്ക് തങ്ങളുടെ ഭാഗം വാദിക്കാൻ അവസരം വേണം എന്ന വാദം ശരിയാണ്. പക്ഷെ അപ്പോഴും താക്കോൽ കൊടുക്കേണ്ടത് കള്ളന്റെ കൈവശമല്ലല്ലോ.

മുഖ്യമന്ത്രിയുടെ സ്റ്റാഫംഗമായ കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാവർഗ്ഗീസിന് സർവ്വകലാശാലയിൽ ജോലികൊടുത്ത വിഷയത്തിലും ഇതേ പ്രശ്‌നമുണ്ട്. മുഖ്യമന്ത്രിയുടെ സ്റ്റാഫിൽ പെട്ടവർക്കെന്താ ജോലിക്ക് അപേക്ഷിച്ചുകൂടെ എന്ന മുഖ്യമന്ത്രിയുടെ ചോദ്യം ശരിയാണ്. എന്നാൽ അതല്ലല്ലോ തർക്കവിഷയം. എങ്ങനെ പരിശോധിച്ചാലും അവരേക്കാൾ യോഗ്യതയുള്ളവരെ തഴഞ്ഞാണ് ജോലി കൊടുത്തതെന്നതാണ്. അവിടേയും ഗവർണറെ കുറ്റപ്പെടുത്താനാവുമോ എന്ന ചോദ്യം പ്രസക്തമാണ്. അതേസമയം ചാൻസലറുടെ അധികാരങ്ങൾ വെട്ടിക്കുറക്കാനുള്ള ബിൽ അനാവശ്യമായിരുന്നു എന്നതാണ് വസ്തുത. തമിഴ്‌നാട്, ബംഗാൾ സർക്കാരുകളെ പോലെ പ്രസ്തുതപദവിയിൽനിന്ന് ഗവർണറെ മാറ്റുകയായിരുന്നു വേണ്ടിയിരുന്നത്. അത് സാധ്യവുമാണ്. മറ്റൊരു സജീവപ്രശ്‌നം ഗവർണർ ഉന്നയിച്ചിരിക്കുന്നത് പ്രശസ്തചരിത്രകാരനും വന്ദ്യവയോധികനുമായ ഇർഫാൻ ഹബീബിന്റെ നേതൃത്വത്തിൽ തനിക്കെതിരെ വധശ്രമം നടന്നുവെന്നാണ്. സാമാന്യബുദ്ധിയുള്ള ആർക്കും അതംഗീകരിക്കാനാവില്ല. രണ്ട് യൂത്ത് കോൺഗ്രസുകാർ വിമാനത്തിൽ പ്രതിഷേധം എന്നു പറഞ്ഞത് മുഖ്യമന്ത്രിക്കെതിരായ വധശ്രമമാണ് എന്നു പറയുന്നതുപോലുള്ള ഒരാരോപണം മാത്രമാണിത്. അർഹിക്കുന്ന അവഗണനയോടെ അതു തള്ളിക്കളയുകയാണ് വേണ്ടത്. അതേസമയം കേരളത്തിലെ ഉന്നതവിദ്യാഭ്യാസം നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാടുകളിൽ കുറെ ശരിയുമുണ്ട്. 

ഈ വിഷയങ്ങളെല്ലാം നിലനിൽക്കുമ്പോഴും പ്രധാന പ്രശ്‌നം രാഷ്ട്രീയമാണ്. ഇതിനുള്ള ആത്യന്തിക മറുപടി സിപിഐ നേരത്തെ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം എൽഡിഎഫ് കൺവീനറായ ഇ.പി ജയരാജനും അതാവർത്തിച്ചു. മറ്റൊന്നുമല്ല, ഗവർണർ പദവി ജനാധിപത്യസംവിധാനത്തിൽ അനാവശ്യമാണ് എന്നതുതന്നെ. കോളനി ഭരണകാലത്ത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി പോലുള്ള ചാർട്ടേർഡ് കമ്പനികളുടെ ചുമതല വഹിച്ചിരുന്നവരെയാണ് ഗവർണർ എന്നു വിളിച്ചിരുന്നത്. കേന്ദ്രഗവൺമെന്റിൽ രാഷ്ട്രപതിക്ക് സമാനമായ അധികാരങ്ങൾ സംസ്ഥാന തലത്തിൽ കൈയ്യാളുന്നതിന് ഇന്ത്യൻ ഭരണഘടന പ്രകാരം നിശ്ചയിക്കപ്പെട്ടിട്ടുള്ള പദവിയാണ് ഗവർണർ എന്നാണ് വെപ്പ്. സംസ്ഥാനത്തിന്റെ യഥാർത്ഥ ഭരണനിർവ്വഹണം നടത്തുന്നത് മുഖ്യമന്ത്രിയും അദ്ദേഹം നയിക്കുന്ന മന്ത്രിസഭയുമാണെങ്കിലും നാമമാത്ര ഭരണത്തലവനായി ഗവർണറെ നിശ്ചയിച്ചിരിക്കുന്നു. സംസ്ഥാന ഭരണത്തിലെ എല്ലാ നടപടികളും ഗവർണറുടെ പേരിലാണ് നടക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും ഭരണകാര്യങ്ങളിൽ ഗവർണറെ സഹായിക്കുന്നു എന്നാണ് വിശേഷിപ്പിക്കുന്നത്, സത്യം മറിച്ചാണെങ്കിലും. കേവലം ആലങ്കാരികപദവി മാത്രമാണിത്.

ജനാധിപത്യ ഭരണ സംവിധാനത്തിൽ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്നവരാണ് ഭരിക്കേണ്ടത്. അല്ലാത്ത എന്തും രാജഭരണത്തിന്റെ അവശിഷ്ടം മാത്രമായേ കാണാനാകൂ. തുടക്കത്തിൽ പറഞ്ഞപോലെ തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുന്ന, പാർട്ടിക്കുപോലും വേണ്ടാതാകുന്നവരെയാണ് തികച്ചും ജനാധിപത്യവിരുദ്ധമായി ഗവർണറാക്കുന്നത്്. ഇന്ത്യയെപോലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരിടത്ത് അത് ഒഴിവാക്കപ്പെടേണ്ടതാണ്. ഗവർണർ പദവി കക്ഷിരാഷ്ട്രീയത്തിന് അതീതമാണെന്നു പറയുമ്പോഴും കേന്ദ്രസർക്കാരിന്റേയും അതിനെ നിയന്ത്രിക്കുന്ന പാർട്ടിയുടേയും ചട്ടുകമായാണ് ഗവർണർ മാറുന്നത്. കഴിഞ്ഞ ദിവസം തന്നെ സംഭവിച്ചത് നോക്കൂ. ഈ വിവാദമെല്ലാം നടക്കുമ്പോഴും ഗവർണർ ഒരു ആർ എസ് എസ് പ്രവർത്തകന്റെ വസതിയിൽ പോയി മോഹൻ ഭാഗവതിനെ സന്ദർശിച്ചല്ലോ. കൊട്ടിഘോഷിക്കുന്നപോലെ ഉന്നതപദവിയാണ് ഗവർണറെങ്കിൽ അതു ചെയ്യാമോ? ഫെഡറലിസം എന്നു പേരിനെങ്കിലും വിളിക്കപ്പെടുന്ന നമ്മുടെ ഭരണസംവിധാനത്തിനും ഒട്ടും അനുയോജ്യമല്ല, മുകളിൽ നിന്ന് അടിച്ചേൽപ്പിക്കുന്ന ഈ പദവി എന്നതാണ് പച്ചയായ യാഥാർത്ഥ്യം.  

ഇന്ത്യയിൽ എത്രയോ തവണ തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യസർക്കാരുകളെ പിരിച്ചുവിടുന്നതിൽ ഗവർണർമാർ പങ്കു വഹിച്ചിട്ടുണ്ട്. ഇനിയും അതാവർത്തിക്കുമെന്നുറപ്പ്. പൗരത്വ ഭേദഗതി നിയമത്തിൽ സർക്കാരിൽനിന്നു വ്യത്യസ്തമായ നിലപാടെടുത്ത ഗവർണർ അതു പരസ്യമായി പറയുകയും നിയമസഭാപ്രമേയത്തെ തള്ളിപ്പറയുകയും ചെയ്തത് മറക്കാറായിട്ടില്ലല്ലോ. പല സംസ്ഥാനങ്ങളിലും ചെയ്യുന്നപോലെ പണമിറക്കി എം എൽ എമാരെ പിടിച്ച് കേരള സർക്കാരിനെ തകർക്കാനാവില്ല എന്ന ബോധ്യത്തിൽ നിന്നാണ് ഇവിടെ ഗവർണറെ ഇറക്കി കളിക്കുന്നതെന്ന് വ്യക്തം.  അതിനാൽ തന്നെ ഇതിനു ശക്തമായ തിരിച്ചടി നൽകാനാണ് സർക്കാർ ശ്രമിക്കേണ്ടത്. ഗവർണറെ തിരിച്ചുവിളിക്കാനാവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭയിൽ അവതരിപ്പിക്കാനാണ് സർക്കാർ തയ്യാറാകേണ്ടത്.  ഇന്നത്തെ സാഹചര്യത്തിൽ അത്തരമൊരു പ്രമേയം രാജ്യത്തെ ഒരു നിയമസഭ ചർച്ച ചെയ്യുന്നത് ഗുണകരമാണ്. താമസിയാതെ അത് ഈ പദവിയുടെ ആവശ്യകതയെ കുറിച്ചുള്ള ചർച്ചയായി വികസിക്കും. ഗവർണർ - മുഖ്യമന്ത്രി തർക്കത്തിൽ പക്ഷം പിടിക്കാത്ത പ്രതിപക്ഷം ഇക്കാര്യത്തിലും നിഷ്പക്ഷമാകാനാണ് സാധ്യത. അപ്പോഴും പ്രമേയം പാസാകുമല്ലോ. ഫലത്തിൽ നമ്മുടെ ജനാധിപത്യ സംവിധാനത്തിനു ഗുണകരമായേ അതു മാറുകയുള്ളു. അതിനുള്ള ആർജ്ജവമാണ് സർക്കാർ കാണിക്കേണ്ടത്. ഒപ്പം ഗവർണർ വിമർശിച്ചതും അല്ലാത്തതുമായ നടപടികളിൽ ജനാധിപത്യവിരുദ്ധതയും അഴിമതിയുമുണ്ടെങ്കിൽ തിരുത്താനുള്ള ആർജ്ജവവും കാണിക്കണം.

മറ്റൊരു പ്രധാന പ്രശ്‌നം കൂടി. ഇ. കെ നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്തും വി. എസിന്റെ ആദ്യകാലത്തുമൊക്കെ ഫെഡറലിസം തകർക്കുന്ന കേന്ദ്രസർക്കാരിന്റെ പല നടപടികൾക്കും കേരളത്തെ അവഗണിക്കുന്നതിനുമെതിരെ നിരവധി പ്രക്ഷോഭങ്ങൾ നടന്നിട്ടുണ്ട്. ഭരണവും സമരവും ഒന്നിച്ച് എന്ന മുദ്രാവാക്യം തന്നെ അന്നുണ്ടായിരുന്നു. പ്രതിപക്ഷവും പല സമരങ്ങളിലും പങ്കെടുത്തിരുന്നു. എന്നാൽ അടുത്തകാലത്തായി അത്തരം നീക്കങ്ങളൊന്നും നടക്കുന്നതേയില്ല. ഫെഡറലിസം തകർക്കുന്ന എത്രയോ നടപടികൾ കേന്ദ്രം സ്വീകരിക്കുമ്പോഴും പല സംസ്ഥാനങ്ങളും അതിനെതിരെ പ്രതികരിക്കുമ്പോഴും കേരളം പൊതുവിൽ നിശബ്ദമാണ്. അക്കാര്യത്തിലും ഒരു പുനഃപരിശോധന ആവശ്യമാണ്. മതേതരത്വവും ജനാധിപത്യവും പോലെ പ്രധാനമാണ് ഫെഡറലിസവും എന്നു തിരിച്ചറിഞ്ഞ് അതിനെതിരായ നീക്കങ്ങളിൽ എല്ലാ പ്രസ്ഥാനങ്ങളേയും ഐക്യപ്പെടുത്തി പോരാടാനും സർക്കാർ മുൻകൈ എടുക്കേണ്ടത്. അല്ലെങ്കിൽ ഇപ്പോഴത്തെ വാക് പോര് അങ്ങനെതന്നെ അവസാനിക്കുകയേ ഉള്ളു.

Latest News