ആഗ്ര- അമേരിക്കയില്‍ 2006 ല്‍ ബാലികയെ പീഡിപ്പിച്ച ശേഷം ഇന്ത്യയിലേക്ക് രക്ഷപ്പെട്ടയാളെ ഉത്തര്‍പ്രദേശ് പോലീസിന്റെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) അറസ്റ്റ് ചെയ്തു.
കുറ്റാരോപിതനായ ഭൂട്ടാനി ഗാസിയാബാദിലെ ഗോവിന്ദ്പുരി കോളനിയില്‍ നിന്നുള്ളയാളാണെന്നും കുടുംബത്തോടൊപ്പം യു.എസിലെ കാലിഫോര്‍ണിയയില്‍ താമസമായിരുന്നുവെന്നും എസ്ടിഎഫ് വൃത്തങ്ങള്‍ പറഞ്ഞു.
ഇയാളുടെ സഹോദരന് ഉള്‍പ്പെടെ നിരവധി ബന്ധുക്കള്‍ ഇന്ത്യയിലുണ്ട്. സഹോദരനെയും പ്രശസ്ത നടിയെയും താരങ്ങളാക്കി ഒരു സിനിമ പോലും ഇയാള്‍ നിര്‍മിച്ചിട്ടുണ്ട്. നിരവധി ക്രിമിനല്‍ ബന്ധങ്ങളുണ്ടെന്നും പോലീസ് പറഞ്ഞു.
2006ല്‍ ഭൂട്ടാനിക്കെതിരെ യു.എസില്‍ ലൈംഗികചൂഷണം ആരോപിക്കപ്പെട്ടത്. ഒളിച്ചോടി ഇന്ത്യയിലെത്തിയ ഇയാളുടെ അറസ്റ്റിന് ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെ ആഗ്രയിലെ ഹരിപര്‍വത്ത് മേഖലയിലാണ് എസ്ടിഎഫ് ഇയാളെ കണ്ടെത്തിയത്.
ചോദ്യം ചെയ്യലില്‍, തന്റെ അമ്മാവനും മറ്റും അമേരിക്കയില്‍ താമസിക്കുന്നുണ്ടെന്ന് ഭൂട്ടാനി എസ്ടിഎഫിനോട് പറഞ്ഞു.
1996ല്‍ താന്‍ കൈസര്‍ ലാബില്‍ ജോലിക്കായി പോയിരുന്നുവെന്നും 2006ല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന കുറ്റം ചുമത്തിയിട്ടുണ്ടെന്നും ഇയാള്‍ സമ്മതിച്ചു.
അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ആദ്യം ലണ്ടനിലേക്ക് വിമാനം കയറി. പിന്നീട് മുംബൈയില്‍ തന്റെ സഹോദരന് ഋഷി ഭൂട്ടാനിക്കൊപ്പം താമസിക്കാന്‍ ഇന്ത്യയിലെത്തി. പിന്നീട് കേശവ് ഫിലിംസ് എന്ന സിനിമാ നിര്‍മ്മാണ സ്ഥാപനം രൂപീകരിച്ച് 'ബോലോ റാം' എന്ന സിനിമ നിര്‍മ്മിച്ചു.
2014ല്‍ ഇയാള്‍ക്കെതിരെ അമേരിക്കയില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തതോടെ ഒളിവില്‍ പോകേണ്ടി വന്നു. മുംബൈയില്‍ നിന്ന് മീറത്തിലേക്കും തുടര്‍ന്ന് ഗുരുഗ്രാമിലേക്കും ആഗ്രയിലേക്കും മാറി. മീറത്തില്‍ ഒരു ഹോട്ടലും റിസോര്‍ട്ടും നടത്തി. കുറച്ചുകാലത്തിനുശേഷം ദല്‍ഹി ആസ്ഥാനമായുള്ള ഒരു വ്യവസായിക്ക് പാട്ടത്തിന് നല്കി. ലോക്ക്ഡൗണ്‍ കാലത്ത് ആ വ്യവസായിയുമായി വഴക്കുണ്ടായി. കഴിഞ്ഞ 16 വര്‍ഷമായി ഇയാള്‍ ഏതൊക്കെ നഗരങ്ങളിലാണ് താമസിച്ചിരുന്നതെന്നും ഏതൊക്കെ കുറ്റവാളികളെയാണ് കണ്ടുമുട്ടിയതെന്നും കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.






