ഫറോക്കില്‍ കൊലപാതകം നടത്തി തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ടയാള്‍ അവിടെയും ഒരാളെ കൊന്നു; പ്രതി അറസ്റ്റില്‍

കോഴിക്കോട്- ഫറോക്കിലും തമിഴ്‌നാട്ടിലെ ഈറോഡിലും രണ്ടു പേരെ കൊല ചെയ്ത കേസുകളിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി മോഷണക്കേസുകളിലും പ്രതിയായ ഫറോക്ക് നല്ലൂര്‍ ചെനക്കല്‍ മണ്ണെണ്ണ സുധി എന്ന സുധീഷ് കുമാര്‍ (39) ആണ് പിടിയിലായത്.
ഫറോക്ക് ചുങ്കം മീന്‍ മാര്‍ക്കറ്റിനടുത്ത് ഫറോക്ക് ചുള്ളിപറമ്പില്‍ മടവന്‍പാട്ടില്‍ അര്‍ജ്ജുനനെ കൊലചെയ്ത കേസിലെ പ്രതിയാണ് സുധീഷ്. ഈ വര്‍ഷം ജനുവരി പത്തിന് രാത്രിയാണ് കൊല നടന്നത്. മോഷണം ഉള്‍പ്പെടെ നിരവധി കേസിലെ പ്രതിയും ലഹരിമരുന്നിന് അടിമയുമായ സുധീഷ് ചുങ്കം ചുള്ളിപറമ്പ് റോഡിലെ മീന്‍ മാര്‍ക്കറ്റിനു സമീപത്തെ സ്ലാബില്‍ ഇരുന്ന് മദ്യപിക്കുന്നതിനിടെ അര്‍ജ്ജുനനുമായി  വാക്കേറ്റം നടത്തുകയും അര്‍ജുനനെ തള്ളുകയും നിലത്തിട്ട് ചവിട്ടുകയുമായിരുന്നു. തുടര്‍ന്ന് സുധീഷ്  ഓടി രക്ഷപ്പെട്ടു.
ഫറോക്ക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതി നേരെ തമിഴ് നാട്ടിലേക്ക് കടക്കുകയും വിവിധ സ്ഥലങ്ങളില്‍ ഒളിച്ചു താമസിക്കുകയുമായിരുന്നു.ഈറോഡില്‍ ഒളിച്ചു താമസിച്ചു വരുന്നതിനിടെ കൂടെ ജോലി ചെയ്തയാളെ മദ്യലഹരിയില്‍ അതിക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയും ചെയ്തു. പ്രതിയെ രാമനാട്ടുകരയില്‍ വെച്ച് ശനിയാഴ്ച രാത്രി കസ്സഡിയിലെടുക്കുകയായിരുന്നു.

 

Latest News