Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ സംഘ പ്രവര്‍ത്തനത്തില്‍ വലിയ മുന്നേറ്റമെന്ന് മോഹന്‍ ഭാഗവത്

തൃശൂര്‍-കേരളത്തില്‍ സംഘ പ്രവര്‍ത്തനത്തില്‍ വലിയ മുന്നേറ്റമുണ്ടായതായി ആര്‍.എസ്.എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്.
എതിര്‍ക്കുന്നവര്‍ പോലും സംഘത്തെ അനുകരിക്കാന്‍ ശ്രമിക്കുകയാണെന്ന്  അദ്ദേഹംചൂണ്ടിക്കാട്ടി. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടില്‍ ചേര്‍ന്ന ആര്‍ എസ് എസ് ഗുരുവായൂര്‍ സംഘ ജില്ലാ ഗണവേഷ് സാംഘിക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍ എസ് എസിന് പ്രവര്‍ത്തനം പരിപാടിയല്ല തപസ്യയാണ്. സമൂഹത്തെ ശക്തിപ്പെടുത്തുകയെന്നതാണ് സംഘപ്രവര്‍ത്തനത്തിന്റെ ലക്ഷ്യം- സര്‍സംഘചാലക് പറഞ്ഞു. യഥാര്‍ത്ഥ ശക്തിയെന്നത് ഗുണ്ടായിസമോ തീവ്രവാദമോ അല്ല. അത് ഗുണപരവും സമൂഹത്തിന് നന്മ ചെയ്യുന്നതുമാകണം.
ഹിന്ദുത്വം ഇത്തരം  ദൈവിക ഗുണസമ്പത്തിന്റെ പേരാണെന്നും  സര്‍സംഘചാലക് പറഞ്ഞു .അത് ഏതെങ്കിലും വംശത്തിന്റെയോ ജാതിയുടെയോ സമ്പ്രദായത്തിന്റെയോ ഭാഷയുടെയോ പ്രദേശത്തിന്റെയോ പേരല്ല, എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്ന ദര്‍ശനമാണ്.
വിശ്വത്തിനാകെ മാര്‍ഗദര്‍ശനമേകാനാകും വിധം ഭാരതത്തെ പരംവൈഭത്തിലെത്തിക്കാന്‍ സമാജത്തെ പ്രാപ്തമാക്കുക എന്ന പ്രവര്‍ത്തനമാണ് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ചെയ്യുന്നത്. അടുത്ത രണ്ട് പതിറ്റാണ്ടിനുള്ളില്‍ ഭാരതം പരമ വൈഭവശാലിയാകും. അതിന് ഹിന്ദു സമാജത്തെ ശക്തമാക്കണം. ലോകം  ശക്തിയെയാണ് അംഗീകരിക്കുന്നത്. ലോകത്തിന് വേണ്ടി നന്മ ചെയ്യണമെങ്കിലും സമാജം ശക്തി ശാലിയാകണം-അദ്ദേഹം പറഞ്ഞു.
ആര്‍ എസ് എസ് ദക്ഷിണ ക്ഷേത്രീയ സംഘചാലക് ഡോ.എ.ആര്‍. വന്നിരാജന്‍, പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം, തൃശ്ശൂര്‍ വിഭാഗ് സംഘചാലക് കെ.എസ്. പദ്മനാഭന്‍ , ഗുരുവായൂര്‍ ജില്ലാ സംഘചാലക് റിട്ട.കേണല്‍ വി. വേണുഗോപാല്‍, പ്രാന്ത സമ്പര്‍ക്ക പ്രമുഖ് കെ.ബി. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

Latest News