വളരെ വലിയ ഒരു വിപത്ത് ഒഴിഞ്ഞുപോയി. മല പോലെ വന്നത് മലർ പോലെ പോയി എന്ന സാഹിത്യ ഭാഷ. 'കോൺഗ്രസ് ബന്ധ'ത്തെ സംബന്ധിച്ച്, മറ്റൊരു കോൺഗ്രസായ സി.പി.എം പാർട്ടി കോൺഗ്രസിൽ ഒരു വൻ പൊട്ടിത്തെറി എല്ലാവരും പ്രതീക്ഷിച്ചു. പടക്കശാലയിലേതുപോലെ പിന്നീടുണ്ടാകുന്ന ഭവിഷ്യത്ത് ഭയന്ന് പാർട്ടി പത്രം പോലും ചിലർ ഒരാഴ്ചത്തേക്ക് നിവർത്തിപ്പിടിച്ചില്ല.
കാരാട്ട്-യെച്ചൂരി അങ്കം കാണാൻ കോൺഗ്രസിനു പോയിരുന്നവരാവട്ടെ, കണ്ണുകൾ കൈകൊണ്ട് മറച്ച് വല്ലപ്പോഴുമാണ് രംഗം നിരീക്ഷിച്ചത്. ഏതായാലും അനിഷ്ട സംഭവമൊന്നുമുണ്ടായില്ല. കോൺഗ്രസുമായി ഒരു ധാരണയും വേണ്ടെന്ന ഭാഗം വെട്ടിയിട്ട് രാഷ്ട്രീയ സഖ്യം വേണ്ട എന്ന് എഴുതിച്ചേർത്തു. മറ്റെന്തും ആകാം. സഖാവും ഖദറും ഒന്നിച്ചു ചായ കുടിക്കാം. റമ്മി കളിക്കാം. രാത്രികാല സിനിമയ്ക്കു പോകാം. ബാറിൽ പോകുന്ന കാര്യം മിണ്ടണ്ട. അനുസരിക്കില്ല. കൊടിഞ്ഞി അഥവാ മൈഗ്രെയിൻ പോലെ കുറേക്കാലമായി അലട്ടിയിരുന്ന തലവേദനയാണ് ശമിച്ചത്.
മേൽപടി പ്രശ്നത്തിന് വോട്ടെടുപ്പ് വേണമെന്നു ശഠിച്ച കേരളവും ത്രിപുരയും മണ്ടന്മാരായി. മറിച്ചായിരുന്നുവെങ്കിൽ ത്രിപുരയ്ക്ക് 'ഇരട്ട മണ്ടൻ' ഖ്യാതി കിട്ടുമായിരുന്നു. ആദ്യത്തേത് ഭരണം കളഞ്ഞു കുളിച്ചതിന്റെ ഖ്യാതി തന്നെ!
അടവുനയം സംബന്ധിച്ചു തർക്കിച്ചുകളിച്ചത് പാർട്ടി സെന്ററിലെ പി.ബി അംഗങ്ങളുടെ കൂട്ടായ്മയെ ബാധിച്ചുവത്രേ! രാഷ്ട്രീയ - സംഘടനാ ഇടപെടലുകൾ നടത്തി ഓരോ പ്രശ്നത്തെയും വഷളാക്കുന്നതിനു പകരം, ടി.വി സീരിയലുകൾ കണ്ടിരിക്കുന്ന ശീലം വളർന്നു. മൊബൈൽ ഫോൺ എന്ന പ്രാണസഖിയെ എടുത്തുപിടിച്ച് 'ലൂസ് ടേക്ക്' നടത്തുന്നത് പതിവായി. തന്മൂലം സ്വന്തം കേന്ദ്ര ആപ്പീസിലെ കന്റീനിലെ ഓരോ ദിവസത്തെയും വിഭവങ്ങൾ ശത്രുപക്ഷം അറിയാനിട വരികയും, അവർ നേരത്തേ എത്തി ശാപ്പിട്ടു മടങ്ങുകയും ചെയ്യുന്നതു പതിവായി മാറി. ആസ്ഥാനത്തെയും പി.ബിയിലെയും വാർത്തകൾ ചൂടോടെ മാധ്യമങ്ങൾക്കു ചോർന്നു കിട്ടുന്ന രീതി ആരോ വികസിപ്പിച്ചെടുത്തു. ചോർച്ച അടക്കുന്നതിനു മുന്നോടിയായി എല്ലാ മുറികളിലും ആചാര്യന്മാരുടെ ഫോട്ടോകൾ തൂക്കിയിട്ട്, എയർ കണ്ടീഷൻ ചെയ്യുന്നതായിരിക്കും. പരസ്പര വിശ്വാസം വളർത്തുന്നതിനായി പഴയ മുറി ബീഡിക്കു പകരം ഉപയോഗിക്കുന്ന ഫിൽട്ടർ സിഗററ്റ് ഒരു സഖാവ് വലിച്ചു പുക വിട്ട ശേഷം അടുത്ത സഖാവിനു കൈമാറണം. എല്ലാവരും ഒരേ ബ്രാൻഡ് തന്നെ വലിക്കണമെന്നത് കർക്കശമാക്കും. അതിനായി പ്രത്യേക യോഗം വിളിക്കാനും മടിക്കില്ല. പാർട്ടി പിളരുമെന്ന് കരുതുന്നവർ നിരാശരാകുമെന്ന് സെക്രട്ടറി തന്നെ പ്രസ്താവിച്ചു. പിളർന്നാൽ പിന്നെ ബാക്കിയൊന്നും ഉണ്ടാകില്ലെന്ന് ആർക്കുമറിയാം. സംവിധാനം മാറണമെന്നും കോൺഗ്രസ് പാർട്ടിയെപ്പോലെ പ്രസിഡന്റും സെക്രട്ടറിമാരും മണ്ഡലവും ബ്ലോക്കും സംബന്ധക്കാരും വേണമെന്നും അഭിപ്രായപ്പെട്ട ജി. രാമുലുവെന്ന വയസ്സനെ സൂക്ഷിക്കണം. സഖാവ് കോൺഗ്രസുമായി രഹസ്യ ധാരണയിലെത്തിയെന്നു തോന്നുന്നു.
**** **** ****
ബി.ജെ.പിയെ നേരിടുന്നതിന് രാഷ്ട്രീയ ഫാസിസ്റ്റായ മാർക്സിസ്റ്റ് പാർട്ടിയുമായി ചേർന്നതുകൊണ്ട് കഴിയുകയില്ല എന്ന് കെ.പി.സി.സി താൽക്കാലിക സൂക്ഷിപ്പുകാരൻ ഹസൻജി തുറന്നടിച്ചതു ശരിയായില്ല. ഒരുവിധം അടുത്തുവന്നതാണ് അല്ലേലും, അദ്ദേഹം ഈയിടെയായി എല്ലാ കാര്യങ്ങളിലും ഒരു അവിശ്വാസിയായി മാറിക്കൊണ്ടിരിക്കുകയാണ്. സ്വന്തം പാർട്ടിയിൽനിന്നുള്ള അനുഭവങ്ങളാകാം.
അല്ലെങ്കിൽ തന്നെ ആരാണ് ഫാസ്റ്റില്ലാതെയുള്ളത്? 1975 ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കുറ്റത്തിന് ഇപ്പോഴും തരം കിട്ടുമ്പോഴൊക്കെ ഇന്ദിരാ കോൺഗ്രസുകാർ ഫസിസ്റ്റാണെന്ന് മേൽപടി സി.പി.എമ്മുകാർ വിളിച്ചുകൂവാറില്ലേ? പിന്നൊന്നുള്ളത്, മാർക്സിസ്റ്റുകാരോട് ചേർന്നവർ ആരുംതന്നെ നന്നായതായി ചരിത്രമില്ല. മാതൃസംഘടനയായ സി.പി.ഐ പോലും 'മണ്ഡരി' പിടിപെട്ട തെങ്ങു പോലെയായി. പിണങ്ങിപ്പോയവർക്കാകട്ടെ സ്വന്തം പാർട്ടിയായാലും ശരി, അമ്പത്തിഒന്നു വെട്ടുകൾ വരെ ലഭിച്ച ചരിത്രവുമുണ്ട്. ഇളനീർ ചെത്തുന്ന ലാഘവത്തോടെയും ഉത്സാഹത്തോടെയുമാണ് എതിരാളികളെ ഒടുക്കുന്നത്! പശ്ചിമ ബംഗാളിൽ, പക്ഷേ, അക്കാര്യം തൃണമൂൽ ദീദിയും ബ്രദേഴ്സും പകർത്തിയെടുത്ത് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ നടപ്പാക്കി വരുന്നു. ഇത്തരം മാർക്സിസ്റ്റുകാരെക്കൊണ്ട് തൽക്കാലം ബി.ജെ.പിയെ നേരിടാൻ കഴിയില്ലെന്നു ഹസൻജിക്കറിയാം. അദ്ദേഹം സത്യം പറഞ്ഞു, ഒരു പ്രയോജനവുമില്ലെങ്കിലും!
**** **** ****
യശ്വന്ത് സിൻഹ എന്ന സീനിയർ സിറ്റിസൺ നേതാവ് ബി.ജെ.പി വിട്ടു. പണ്ട് വാജ്പേയി സർക്കാരിൽ സേവിച്ചിരുന്നു. പിന്നീട് ഓട്ടപ്പാത്രമായി മൂലയിൽ കിടന്നു. ആരും തിരിഞ്ഞു നോക്കില്ലെന്നായപ്പോൾ, അദ്ദേഹത്തിനു ജനാധിപത്യ ബോധമുണ്ടായി. 'രാഷ്ട്ര മഞ്ച്' രൂപീകരിച്ചത് മഞ്ചലിൽ കിടന്നുറങ്ങാനല്ലെന്ന് പട്നയിൽ പ്രഖ്യാപിക്കുമ്പോൾ മറ്റൊരു സിൻഹ അടുത്തുണ്ടായിരുന്നു -കഴുത്തിനു ചുറ്റും നാവുണ്ടെങ്കിലും ശത്രുഘ്നൻ സിൻഹ തൽക്കാലം മൗനം. പാർട്ടിയിൽ അങ്ങൊട്ടൊന്നും മിണ്ടാൻ നിവൃത്തിയില്ലെന്നും മുകളിൽനിന്നുമുള്ള കൽപനകൾ മാത്രമേയുള്ളൂവെന്നും യശ്വന്ത്ജി കണ്ടുപിടിച്ചു. നമ്മുടെ പാർട്ടി ജന്മനാ അങ്ങനെയാണെന്ന് വൈകിയാണ് അദ്ദേഹം തിരിച്ചറിഞ്ഞത്. എങ്കിലും അദ്ദേഹം ത്യാഗസമ്പനാണെന്നു പറയാതെ വയ്യ. സ്വന്തം മകൻ ജയന്ത് സിൻഹ കേന്ദ്രത്തിൽ സഹമന്ത്രിയാണ്. പുത്രന്റെ കസേരക്ക് പിതാവ് 'ആപ്പായി' മാറുകയാണെങ്കിൽ അദ്ദേഹത്തിന് പെരുന്തച്ചൻ രണ്ടാമൻ എന്ന സ്ഥാനപ്പേര് ലഭിക്കും. കേരളത്തിൽ ആ സ്ഥാനം അൽപം നേരത്തെ തന്നെ വെള്ളാപ്പള്ളി സീനിയർ കരസ്ഥമാക്കിയാൽ സിൻഹ പെരുന്തച്ചൻ മൂന്നാമനായി മാത്രം അറിയപ്പെട്ടേക്കാം. ഏതായാലും ഘടക കക്ഷികൾ ഒന്നൊന്നായി വിട പറയുന്ന കാലത്ത് സിൻഹാജിയുടെ 'വിട'യും കൂടിയാകുമ്പോൾ കേന്ദ്ര ഭരണം അടുത്ത തവണ ചെറുപ്പക്കാർ ആരെങ്കിലും ബി.ജെ.പിയുടെ കൈയിൽ നിന്നും തട്ടിപ്പറിക്കാനാണ് സാധ്യത.
**** **** ****
പഴയ 'നീലത്തിമിംഗല' ഗെയിമും അടുത്ത കാലത്ത് ഒരു വിദ്യാർഥി ബാംഗ്ലൂരിൽ ടിപ്പറിനടയിൽപെട്ട 'അപകട ഗെയിമും' എല്ലാം നിസ്സാരമായി പിന്തള്ളിക്കൊണ്ടാണ് പുതിയ ഒരുവന്റെ രംഗപ്രവേശം. ഹർത്താൽ വാട്സ്ആപ്പ് വഴി! ന്യൂജെൻ പിള്ളേർ പിള്ളേരല്ല. നാട്ടുകാരെ സംബന്ധിച്ചിടത്തോളം 'ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്ന അവസ്ഥ! ആഴ്ചയിലൊരു ഹർത്താൽ എന്ന അലംഘനീയ വിധിക്കു മര്യാദയ്ക്കു കീഴടങ്ങി കഴിഞ്ഞുപോന്നിരുന്ന കേരള ജനതയെയാണ് കഴിഞ്ഞയാഴ്ച അച്ചാറു ന്യൂജെൻ വംശക്കാർ ചേർന്നു പരീക്ഷിച്ചു പരവശരാക്കിയത്. മുൻകൂർ നോട്ടീസില്ല, വാൾ പോസ്റ്ററില്ല, കവല പ്രസംഗമില്ല, പക്ഷേ ഒരു നിശ്ശബ്ദ ഹർത്താൽ പ്രസവം നടന്നു. റോഡു നീളെ യുവാക്കൾ. സാമൂതിരിയുടെയും സുമോ ഗുസ്തിക്കാരുടെയും ഹെയർ സ്റ്റൈലുകൾ, റൊണാൾഡോയുടെയും മറഡോണയുടെയും തലവടിവുകൾ എല്ലാം ചേർന്ന് റോഡ് കുളംകോരി. പണ്ടേ ദുർബല, പോരാഞ്ഞിട്ട് ഗർഭിണിയും എന്ന നിലയിലുള്ള ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസുകൾ എറിഞ്ഞു പൊട്ടിച്ചു. ഇനി അഞ്ചു കൊല്ലം കൂടി നഷ്ടത്തിൽ ഓടിക്കൊള്ളുമെന്ന കാര്യം അതോടെ ഉറപ്പായി. ഹർത്താൽ ദിനത്തിന്റെ വെയിൽ മങ്ങിയതോടെ, പിറ്റേ ദിവസത്തെ 'അറ്റാക്കിനുള്ള പരിപാടികളും പ്ലാനിട്ടുവത്രേ!
മതത്തെയും ജാതിയെയയുമൊക്കെ സംശയിപ്പിച്ച് ഇളക്കിവിട്ട് കേരളത്തെ കൂടി നടുക്കത്തിലാഴ്ത്താനായിരുന്നുവത്രേ പരിപാടി! ശ്ശെടാ സൈബർ ഗെയിമേ! ഈ തലച്ചൊറൊക്കെ നാടിനു നന്മ ചെയ്യാനായിരുന്നുവെങ്കിലോ? ഓ! അതിന് ആർക്കാണ് സമയം?