Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തിരുവനന്തപുരം വിമാനത്താവളത്തില്‍ കൊള്ള, അദാനി മറുപടി പറയണം- തോമസ് ഐസക്

തിരുവനന്തപുരം- കൊച്ചിയിലേയും തിരുവനന്തപുരത്തേയും വിമാന ടിക്കറ്റ് ചാര്‍ജിലുള്ള വലിയ അന്തരം ചൂണ്ടിക്കാണിച്ച് മുന്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. കൊച്ചിക്കാര്‍ ഭാഗ്യവാന്‍മാരാണെന്നും തിരുവനന്തപുരത്ത് കൊള്ളയാണെന്നും ഐസക് ആക്ഷേപിച്ചു. തിരുവനന്തപുരം വിമാനത്താവള ഉടമകളായ അദാനി ഗ്രൂപ്പ് ഇതിന് മറുപടി പറയണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.


തോമസ് ഐസകിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്:

കൊച്ചിക്കാര്‍ എത്ര ഭാഗ്യവാന്മാര്‍? കൊച്ചിയില്‍ നിന്നും ഹൈദരാബാദ് പോകാന്‍ ഇന്നത്തെ ടിക്കറ്റ് ചാര്‍ജ് 5171 രൂപയാണ്. തിരുവനന്തപുരത്തു നിന്ന് ഹൈദരാബാദ് പോകാന്‍ 9295 രൂപയാണ്. ഹൈദരാാബാദിലെ സൗത്ത് ഫെസ്റ്റ് ഫെഡറലിസം സെമിനാറില്‍ പങ്കെടുക്കാന്‍ ടിക്കറ്റ് വാങ്ങിയപ്പോഴാണ് ഈ അന്തരം ബോധ്യപ്പെട്ടത്. അന്വേഷിച്ചു നോക്കുമ്പോള്‍ തിരുവനന്തപുരത്തു നിന്നുള്ള എല്ലാ വിമാനങ്ങളുടെയും ചാര്‍ജ് കൊച്ചിയേക്കാള്‍ എത്രയോ ഉയര്‍ന്നതാണ്.
ഉദാഹരണത്തിന് കൊച്ചിയില്‍നിന്ന് ബാംഗ്ലൂര്‍ക്ക് ഇന്ന് 1496 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. തിരുവനന്തപുരത്തു നിന്നാണ് പോകുന്നതെങ്കില്‍ 5033 രൂപ നല്‍കണം. ചെന്നൈയിലേക്കാണെങ്കിലോ കൊച്ചിയില്‍ നിന്നു 2119 രൂപ മതി. തിരുവനന്തപുരത്തു നിന്നാണെങ്കില്‍ 4926 രൂപ നല്‍കണം. ഇനി ദല്‍ഹിയിലേക്കാണെങ്കിലോ? കൊച്ചിയില്‍നിന്ന് 8478 രൂപ. തിരുവനന്തപുരത്ത് നിന്നാണെങ്കില്‍ 12593 രൂപ.
ചെറിയൊരു വ്യത്യാസമല്ല. എയര്‍ലൈന്‍ കണക്കുകളെല്ലാം ഇന്‍ഡിഗോ എയര്‍ ലൈനിന്റേതാണ്. അതുകൊണ്ട് എയര്‍ ലൈന്‍ കൊള്ളയടിക്കുകയാണെന്നു പറയാന്‍ വയ്യ. കൊള്ളയടിക്കുന്നത് എയര്‍പോര്‍ട്ടാണ്. കൊച്ചിയില്‍ യൂസര്‍ ഫീ ഇല്ല. തിരുവനന്തപുരത്ത് ഡൊമസ്റ്റിക് ഫ്‌ളൈറ്റാണെങ്കില്‍ 598 രൂപയും ഇന്റര്‍നാഷണല്‍ ആണെങ്കില്‍ 1260 രൂപയുമാണ് യൂസര്‍ ഫീ. എന്നാലും ഈ വ്യത്യാസം പൂര്‍ണ്ണമായും വിശദീകരിക്കപ്പെടുന്നില്ല. ഒരുപക്ഷേ അത് വിമാനക്കമ്പനികളില്‍ നിന്നും എയര്‍പോര്‍ട്ട് ഈടാക്കുന്ന ഫീസിലുള്ള വ്യത്യാസമായിരിക്കാം.
കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കൊച്ചി എയര്‍പോര്‍ട്ടും കുത്തക കമ്പനിയുടെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം എയര്‍പോര്‍ട്ടിന്റെയും വ്യത്യാസം നല്ലൊരു കേസ് സ്റ്റഡിക്ക് വകയുണ്ട്.
എന്തൊക്കെയായിരുന്നു അദാനി വന്നാല്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ഉണ്ടാവുകയെന്ന് ശശി തരൂറിനെപ്പോലുള്ള പ്രമുഖരടക്കം വാദിച്ചുകൊണ്ടിരുന്നത്. എന്നിട്ട് ഇപ്പോള്‍ എന്തുണ്ടായി? അദാനി ഏറ്റെടുത്ത് ഒരു വര്‍ഷം കഴിയുമ്പോഴും എയര്‍പോര്‍ട്ടിലെ സൗകര്യങ്ങളില്‍ ഒരു വ്യത്യാസവും ഉണ്ടായിട്ടില്ല. എന്തിന് കോവിഡിനു മുമ്പുണ്ടായിരുന്ന ഫ്‌ളൈറ്റുകള്‍ പുനഃസ്ഥാപിക്കപ്പെട്ടിട്ടുപോലുമില്ല. തിരുവനന്തപുരത്തു നിന്നാണ് യാത്ര ചെയ്യുന്നതെങ്കില്‍ ചാര്‍ജ് ഇരട്ടി കൊടുക്കേണ്ടിവരും. ഡൊമസ്റ്റിക്ക് വിമാനയാത്രക്ക് ഇതാണെങ്കില്‍ ഇന്റര്‍നാഷണല്‍ ആകുമ്പോള്‍ എത്രയാകാം!
ഇത് ആരും ചോദ്യം ചെയ്യുന്നില്ലായെന്നത് വിസ്മയകരമാണ്. എന്തുകൊണ്ട് ഈ വ്യത്യാസമെന്ന് അദാനി എയര്‍പോര്‍ട്ട് കമ്പനി വിശദീകരിച്ചേ തീരൂ.

 

Latest News