വിഭാഗീയത രൂക്ഷം, മുസ്ലിം ലീഗിൽ കൂട്ടരാജി

കണ്ണൂർ- മുസ്ലിം ലീഗ് കൂത്തൂപറമ്പ് മണ്ഡലം കമ്മിറ്റിയിൽ കൂട്ടരാജി. കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന പൊട്ടങ്കണ്ടി അബ്ദുള്ള ഉൾപ്പെടെയുള്ളവരാണ് ഭാരവാഹിത്വം രാജിവെച്ചത്. രാജിക്കത്ത് സംസ്ഥാന നേതൃത്വത്തിന് കൈമാറി. പി.പി.എ സലാം, കാട്ടൂറ മുഹമ്മദ് എന്നിവർ ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞു. വിമതപ്രവർത്തനത്തിന് പാർട്ടിയിൽ നിന്ന് പുറത്താക്കിയവരുമായി സംസ്ഥാന സെക്രട്ടറി പി.എം.എ സലാം, ഇ.ടി മുഹമ്മദ് ബഷീർ എം.പി, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവർ വേദി പങ്കിട്ടിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് രാജി. എൻ എം കോളേജ് ഭരണ സമിതി തർക്കം പ്രാദേശിക നേതൃത്വത്തിനിടയിൽ വിഭാഗീയതക്ക് കാരണമായിരുന്നു. പരിഹരിക്കാനായി ജില്ലാ-സംസ്ഥാന നേതൃത്വങ്ങൾ നടത്തിയ ഇടപെടലുകൾ ഫലം കണ്ടില്ല. ഇതിന് പിന്നാലെയാണ് രാജി. മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവർ ഇപ്പോൾ കണ്ണൂരിലുണ്ട്. രാജിവെച്ച നേതാക്കളുമായി പി.കെ കുഞ്ഞാലിക്കുട്ടി ചർച്ച നടത്തിയേക്കും.
 

Latest News