Sorry, you need to enable JavaScript to visit this website.

ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതുമായി ഗവര്‍ണറുടെ കൂടിക്കാഴ്ച

തൃശൂര്‍- ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ഭാഗവതുമായി അരമണിക്കൂര്‍  കൂടിക്കാഴ്ച നടത്തി. ഒല്ലൂരിനു  സമീപം അവിണിശേരി ആനക്കല്ലില്‍ ആര്‍.എസ്.എസ് തൃശൂര്‍ മഹാനഗര്‍ കാര്യവാഹക് മണികണ്ഠന്റെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. സ്‌പെഷല്‍ ബ്രാഞ്ചിനുപോലും അവസാന നിമിഷമാണ് വിവരം ലഭിച്ചതെന്നാണു സൂചന. അതേസമയം കൂടിക്കാഴ്ച ആസൂത്രിതമായിരുന്നുവെന്നു ചൂണ്ടിക്കാട്ടുന്നു. രാത്രി 7.45ന് എത്തിയ ഗവര്‍ണര്‍ 8.15ഓടെ മടങ്ങി.
മോഹന്‍ഭാഗവത് രണ്ടുദിവസമായി ആര്‍.എസ്.എസ് നേതൃയോഗത്തില്‍ പങ്കെടുത്തുവരികയാണ്. ഇ.എന്‍.ടി ഡോക്ടര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് ഗവര്‍ണര്‍ എത്തിയത്.  മുഖ്യമന്ത്രിക്കെതിരേപോലും ആരോപണം ഉന്നയിച്ച ശേഷം ഗവര്‍ണര്‍ സ്വകാര്യ വസതിയില്‍ ആര്‍.എസ്.എസ് തലവനെ കണ്ടത് സര്‍ക്കാരും ഗൗരവത്തോടെയാണു കാണുന്നത്. ഗവര്‍ണര്‍ സ്വകാര്യ കൂടിക്കാഴ്ചക്ക് എത്തുന്നുണ്ടെന്നറിഞ്ഞ മാധ്യമങ്ങള്‍ പ്രതികരണത്തിനു ശ്രമിച്ചുവെങ്കിലും ഗവര്‍ണര്‍ ഒഴിഞ്ഞു മാറുകയായിരുന്നു. വസതിയില്‍നിന്നു നേരേ കാറില്‍ തൊഴുകൈയുമായി ഗവര്‍ണര്‍ മടങ്ങി.
ഡോക്ടര്‍മാരുടെ സമ്മേളനത്തിനു ശേഷം ഗസ്റ്റ്ഹൗസില്‍ വിശ്രമിച്ചശേഷമാണു ഗവര്‍ണര്‍ അവിണിശേരിയില്‍ എത്തിയത്. ഇതിനു മുമ്പായി തൃശൂരിലെ യോഗസ്ഥലത്തുനിന്ന് സര്‍സംഘചാലക് ഇവിടെ എത്തിയിരുന്നു. ആര്‍.എസ്.എസ് നേതാവിന്റെ വീട്ടില്‍നിന്നു അത്താഴം കഴിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്. ഗവര്‍ണര്‍ എറണാകുളത്തേക്കും മോഹന്‍ഭാഗവത്  ഗുരുവായൂരിലേക്കും മടങ്ങി.
എന്നാല്‍ ചര്‍ച്ചയില്‍ രാഷ്ട്രീയം ഉണ്ടായില്ലെന്നാണ് ഉന്നത ആര്‍.എസ്.എസ് നേതാക്കള്‍ പറയുന്നത്.
സംസ്ഥാന സര്‍ക്കാരുമായി കടുത്ത ഏറ്റുമുട്ടലില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍,  ആര്‍.എസ്.എസ് മേധാവിയുമായി നടത്തിയ കൂടിക്കാഴ്ച ഏറെ പ്രാധാന്യത്തോടെയാണ്  സംസ്ഥാന സര്‍ക്കാരും പാര്‍ട്ടിയും നോക്കി കാണുന്നത്. ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ നടത്തുന്ന വിമര്‍ശനത്തിനെതിരെ ബി.ജെ.പി നേതാക്കള്‍ രംഗത്ത് വന്നിരുന്നു. ഇതിനിടയിലാണ് ആര്‍.എസ്.എസ് മേധാവിയെ ഗവര്‍ണര്‍ സന്ദര്‍ശിച്ചത്. മുതിര്‍ന്ന പ്രചാരക് എസ്. സേതുമാധവന്‍, ആര്‍.എസ്.എസ് പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍, പ്രാന്ത പ്രചാരക് കെ.എസ്. സുദര്‍ശന്‍ ഒപ്പം ഉണ്ടായിരുന്നു.

 

Latest News