പാലക്കാട്- ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ എ.ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവപ്രവര്‍ത്തകന്‍ മലപ്പുറം ഓമച്ചപ്പുഴ കരിങ്കപ്പാറ മാരക്കാട്ടില്‍ വീട്ടില്‍ സിറാജിനെ(38)യാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഗൂഢാലോചനയിലും പ്രതികളെ ഒളിവില്‍ പാര്‍പ്പിക്കുന്നതിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. മലപ്പുറം ജില്ലയിലെ 12 ആര്‍.എസ്.എസ്- ബി.െജ.പി നേതാക്കളുടെ പേരും ഫോട്ടോകളും ഇയാളില്‍ നിന്ന് കണ്ടെടുത്തു. ശ്രീനിവാസന്‍ വധക്കേസിലെ 38-ാം പ്രതിയാണ് സിറാജ്. കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ ഇയാള്‍ക്കെതിരേ പോലീസ് അന്വേഷണം തുടരുന്നതിനിടയില്‍ മലപ്പുറത്ത് വെച്ചാണ് അറസ്റ്റ്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ട്. ഇതിലെ മുഖ്യപ്രതിയായ പട്ടാമ്പി സ്വദേശി വിദേശത്തേക്ക് കടന്നു. ഇയാളെ തിരിച്ചെത്തിക്കാനാണ് പോലീസിന്റെ ശ്രമം. ഇക്കഴിഞ്ഞ ഏപ്രില്‍ 16ന് ഉച്ചക്ക് ഒരു മണിയോടെയാണ് പാലക്കാട് മേലാമുറിയില്‍ സ്വന്തം കടയിലിരിക്കുകയായിരുന്ന ശ്രീനിവാസനെ ആറംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്. തലേന്ന് എലപ്പുള്ളിയില്‍ എസ്.ഡി.പി.ഐ നേതാവ് സുബൈര്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണ് മേലാമുറിയിലെ കൊലപാതകം നടന്നതെന്ന് പോലീസ് കണ്ടെത്തി.






