നടുറോഡില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ  പ്രതി വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം- തിരുവനന്തപുരത്ത് നടുറോഡില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി വീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍. കാട്ടായിക്കോണം മങ്ങാട്ടുകോണം രേഷ്മാ ഭവനില്‍ സെല്‍വരാജ്(46) ആണ് വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 31ന് ശാസ്തവട്ടം ജംഗ്ഷനില്‍ വച്ചാണ് സെല്‍വരാജ് ഭാര്യ പ്രഭയെ(ഷീബ37) കൊലപ്പെടുത്തിയത്.
കേസില്‍ മൂന്നുമാസം മുന്‍പാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. ഇയാളെ കാണാനില്ലെന്ന് അമ്മ നാട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീട്ടിലെ കിണറ്റില്‍ നിന്ന് കണ്ടെത്തി. തുടര്‍ന്ന് കഴക്കൂട്ടത്ത് നിന്നും അഗ്‌നിരക്ഷാ സേന എത്തി പുറത്തെടുത്തപ്പോഴേക്കും മരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടോടെ ഇയാള്‍ കിണറ്റില്‍ ചാടി എന്നാണ് വിവരം. പത്ത് വര്‍ഷം മുന്‍പ് വിവാഹിതരായ സെല്‍വരാജും പ്രഭയും തമ്മില്‍ കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് അകന്ന് കഴിയുകയായിരുന്നു. ഒപ്പം താമസിക്കാന്‍ ഭാര്യയെ വിളിച്ചിട്ടും തയ്യാറാകാത്തതിന്റെ പ്രകോപനത്തിലാണ് കൊല നടത്തിയത്. സെല്‍വരാജിന്റെ രണ്ടാമത്തെയും പ്രഭയുടെ മൂന്നാമത്തെയും വിവാഹമായിരുന്നു ഇത്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. സെല്‍വരാജിന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
 

Latest News