മുഫീദയുടെ മരണം: രണ്ടാം ഭര്‍ത്താവിന്റെ മകന്‍ അറസ്റ്റില്‍

കല്‍പ്പറ്റ- വയനാട് തരുവണ്ണയിലെ മുഫീദയുടെ മരണത്തില്‍ രണ്ടാം ഭര്‍ത്താവ് ഹമീദിന്റെ മകന്‍ ജാബിര്‍ അറസ്റ്റിലായി. ഈ മാസം ആദ്യമാണ് മുഫീദ ആത്മഹത്യ ചെയ്തത്. രണ്ടാം ഭര്‍ത്താവിന്റെ മക്കളും ബന്ധുക്കളും വിവാഹമോചനം ആവശ്യപ്പെട്ട് മുഫീദയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു പരാതി. രണ്ടുമാസം മുമ്പാണ് തരുവണ  സ്വദേശി മുഫീദയ്ക്ക് ആത്മഹത്യാശ്രമത്തിനിടെ ഗുരുതരമായി പൊള്ളലേറ്റത്. ഈ മാസം രണ്ടിനാണ് ചികിത്സയിലിരിക്കെ മുഫീദ മരിക്കുന്നത്. പിന്നാലെ മുഫീദയുടെ മക്കള്‍ വെള്ളമുണ്ട പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസിന്റെ അന്വേഷണ ചുമതല ജില്ലാ പോലീസ് മേധാവി മാനന്തവാടി സിഐക്ക് കൈമാറി.
രണ്ടാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് മുഫീദയുടെ മരണത്തില്‍ ജാബിറിനെപോലീസ് അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്‌ഐ പുലിക്കാട് യുണിറ്റ് സെക്രട്ടറിയാണ് ജാബിര്‍. മുഫീദ ആത്മഹത്യ ചെയ്യുന്ന വേളയില്‍ എടുത്ത വീഡിയോയില്‍ ജാബിറിനെയും കാണാമായിരുന്നു. ആത്മഹത്യാപ്രേരണ, വീട്ടില്‍ അതിക്രമിച്ച്ു കയറല്‍ തുടങ്ങിയ കുറ്റങ്ങളാണ് ജാബിറിനെതിരെ ചുമത്തിയിട്ടുള്ളത്.
 

Latest News