മകളുടെ മൃതദേഹം 44 ദിവസം ഉപ്പുകുഴിയിലിട്ട് പിതാവ്, ഒടുവില്‍ വിജയിച്ചു

മുംബൈ- മകളെ ബലാത്സംഗം ചെയ്ത ശേഷമാണ് അക്രമികള്‍ കൊലപ്പെടുത്തിയതെന്നും വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നും ആവശ്യപ്പെട്ട് യുവതിയുടെ മൃതദേഹം പിതാവ് ഉപ്പുകുഴിയില്‍ സൂക്ഷിച്ചത് 44 ദിവസം.
മഹാരാഷ്ട്രയിലെ നന്ദുര്‍ബാര്‍ ജില്ലയിലാണ് ആദിവാസി യുവതിയുടെ മൃതദേഹം 44 ദിവസം സൂക്ഷിച്ചത്. വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന പിതാവിന്റെ ആവശ്യത്തിനു വഴങ്ങി രണ്ടാമത്തെ പോസ്റ്റ്‌മോര്‍ട്ടം വെള്ളിയാഴ്ച മുംബൈയിലെ ആശുപത്രിയില്‍ നടത്തി. ഫലം ലഭിക്കാനായി കാത്തിരിക്കയാണ് അധികൃതര്‍.
ആഗസ്റ്റ് ഒന്നിന് നന്ദുര്‍ബാറിലെ ധഡ്ഗാവ് താലൂക്കിലെ വാവിയില്‍ 21 കാരിയായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ നാല് പേര്‍ ചേര്‍ന്ന് മകളെ ബലാത്സംഗം ചെയ്തതായി പിതാവ് ആരോപിച്ചു.
മഹാരാഷ്ട്രയുടെ വടക്കുപടിഞ്ഞാറന്‍ കോണിലുള്ള നന്ദുര്‍ബാര്‍ ജില്ലയില്‍നിന്ന് യുവതിയുടെ മൃതദേഹം വ്യാഴാഴ്ചയാണ് മുംബൈയിലെ  ജെ.ജെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.
വെള്ളിയാഴ്ച പുലര്‍ച്ചെ പോസ്റ്റ്‌മോര്‍ട്ടം നടത്തി. അഴുകുന്നതിന്റെ വക്കിലെത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയതായി പോലീസ് അറിയിച്ചു.  
ചില അവയവങ്ങള്‍ രാസ വിശകലനത്തിനായി അയച്ചിട്ടുണ്ടെന്നും ഇത് കേസില്‍ അന്തിമ അഭിപ്രായം നേടാന്‍ പോലീസിനെ സഹായിക്കുമെന്നും  ഉദ്യോഗസ്ഥര്‍ പറഞ്ഞു. നേരത്തെ നന്ദുര്‍ബാറിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം  ആത്മഹത്യയാണെന്നായിരുന്നു പോലീസ് നിഗമനം.
എന്നാല്‍, അന്വേഷണത്തില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് യുവതിയുടെ പിതാവും മറ്റ് ബന്ധുക്കളും മൃതദേഹം സംസ്‌കരിക്കുന്നതിന് പകരം സംരക്ഷിക്കുകയായിരുന്നു.

 

Latest News