കൊല്ലം- രാജ്യത്ത് സംവരണം അവസാനിപ്പിക്കാനുള്ള ശ്രമത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. കൊല്ലം പ്രസ് ക്ലബ്ബില്‍ ശ്രീനാരായണ മൂവ്‌മെന്റ് കേന്ദ്രസമിതിയുടെ പത്രാധിപര്‍ കെ. സുകുമാരന്‍ പുരസ്‌കാരം മാതൃഭൂമി കൊല്ലം പ്രത്യേക ലേഖകന്‍ ജി. സജിത് കുമാറിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കശുവണ്ടിമേഖലയുടെ പ്രശ്‌നങ്ങളും വികസനവും സംബന്ധിച്ച വാര്‍ത്തകളാണ് സജിത് കുമാറിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതോടെ സംവരണം സ്വാഭാവികമായി ഇല്ലാതാകും. കേന്ദ്ര സര്‍ക്കാര്‍ ജോയിന്റ് സെക്രട്ടറി തലങ്ങളില്‍ 38 പേരെ സ്വകാര്യ മേഖലയില്‍നിന്ന് നേരിട്ട് നിയമിച്ചു. സംവരണ തത്വങ്ങള്‍ ഇവിടെ ലംഘിക്കപ്പെട്ടതായും ഇക്കാര്യത്തില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികമാഘോഷിക്കുന്ന സമയത്ത് പോലും രാജ്യത്ത് തൊട്ടുകൂടായ്മയുടെ പേരില്‍ ഒമ്പതു വയസ്സുകാരിയെ അധ്യാപകന്‍ അടിച്ചു കൊന്നത് അപമാനകരമാണെന്നും മന്ത്രി പറഞ്ഞു.
സാമൂഹിക അസമത്വത്തിനെതിരെ പത്രാധിപര്‍ കെ. സുകുമാരന്‍ തുടക്കം കുറിച്ച പ്രവര്‍ത്തനങ്ങള്‍ തുടരണമെന്ന സന്ദേശമാണ് ഈ സംഭവം നല്‍കുന്നതെന്നും മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു.
ശ്രീനാരായണ മൂവ്‌മെന്റ് പ്രസിഡന്റ് എസ്. സുവര്‍ണ്ണകുമാര്‍ അധ്യക്ഷനായിരുന്നു.