Sorry, you need to enable JavaScript to visit this website.

തീപ്പിടുത്ത സാധ്യത; ഓഡി ലോകത്തൊട്ടാകെ 11.6 ലക്ഷം കാറുകള്‍ തിരിച്ചുവിളിച്ചു

ന്യൂയോര്‍ക്ക്- നിര്‍മ്മാണത്തിലെ അപാകത കണ്ടെത്തിയതിനെ തുടര്‍ന്ന് ജര്‍മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഓഡി ലോകത്തൊട്ടാകെ വിറ്റഴിച്ച 11.6 ലക്ഷം കാറുകള്‍ തിരിച്ചുവിളിച്ചു. എഞ്ചിനിലെ ഇലക്ട്രിക് കൂളെന്റ് പമ്പ് അമിതമായി ചൂടാകാനോ ഉള്ളിലെ നനവ് മൂലം ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകാനോ ഇടയുണ്ടെന്നും ഇതു തീപ്പിടിത്തത്തിനു കാരണമായേക്കാമെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് കാറുകള്‍ തിരിച്ചു വിളിച്ചിരിക്കുന്നത്. ടര്‍ബോ എഫ്എസ്‌ഐ എഞ്ചിനുള്ള 2013 മുതല്‍ 2017 വരെ വിറ്റഴിച്ച ഓഡി എ5 കാബ്രിയോലെ, എ5 സെഡാന്‍, ക്യു5, 2012-2015 കാലയളവില്‍ ഇറക്കിയ ഓഡി എ6, 2013-2016 കാലയളവില്‍ വിറ്റഴിച്ച ഓഡി എ4 സെഡാന്‍, എ4 ഓള്‍റോഡ് എന്നീ മോഡലുകളാണ് തിരിച്ചു വിളിച്ചിരിക്കുന്നത്.

അതതു രാജ്യങ്ങളിലെ ഡീലര്‍മാര്‍ അപകടസാധ്യതയുള്ള പമ്പ് മാറ്റി നല്‍കും. എന്നാല്‍ ഇത് എന്നു മുതലാണ് ലഭ്യമാകുക എന്ന കാര്യം കമ്പനി അറിയിച്ചിട്ടില്ല. യുഎസില്‍ മാത്രം 3.42 ലക്ഷം ഔഡി കാറുകള്‍ക്കാണ് ഈ പ്രശ്‌നമുള്ളത്. ബാക്കിയുള്ള വാഹനങ്ങള്‍ ഏതൊക്കെ രാജ്യങ്ങളില്‍ വിറ്റഴിച്ചതാണെന്ന കൃത്യമായ കണക്കുകള്‍ കമ്പനിയുടെ പക്കലില്ല. പമ്പിലുണ്ടായ പ്രശ്‌നം മൂലം ഇതു രണ്ടാം തവണയാണ് ഓഡി കാറുകള്‍ തിരിച്ചു വിളിക്കുന്നത്. 2017 ജനുവരിയില്‍ ഇതേ മോഡലുകള്‍ തന്നെ കൂളെന്റ് പമ്പുമായി ബന്ധപ്പെട്ട സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് തിരിച്ചു വിളിച്ചിരുന്നു. ജര്‍മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗന്‍ എജിയുടെ ആഡംബര കാര്‍ യൂണിറ്റാണ് ഓഡി.

Latest News