ആരോഗ്യരംഗത്തെ വീഴ്ചക്കെതിരെ അനിശ്ചിതകാല നിരാഹാരവുമായി ദയാബായി

കാസര്‍കോട് - ആരോഗ്യരംഗത്ത് ഉള്‍പ്പെടെ പാവപെട്ട ജനങ്ങളോട് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ് ഭരണകൂടം നടത്തുന്നതെന്നും ഇത് തുടര്‍ന്നാല്‍ സമീപിക്കാന്‍ ഉന്നത നീതിപീഠങ്ങളും ലോകാരോഗ്യ സംഘടനയും ഉണ്ടെന്ന് സാമൂഹ്യ പ്രവര്‍ത്തക ദയാബായി. അധികാരികള്‍ മനഃപൂര്‍വ്വം കള്ളം പറയുകയും വടക്കന്‍ ജില്ലയിലെ ജനങ്ങളെ അവഹേളിക്കുകയുമാണ് ചെയ്യുന്നത്. 2013 ല്‍ തുടക്കം കുറിച്ച കാസര്‍കോട് മെഡിക്കല്‍ കോളേജ് ഇതുവരെ യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചിട്ടില്ല. പേരിനൊരു ഒ.പി തുടങ്ങി ന്യുറോളജിസ്റ്റിനെ നിയമിച്ചിട്ട് എന്ത് കാര്യം. സ്‌കാനിംഗ് നടത്താന്‍ രോഗികള്‍ക്ക് നൂറു കിലോമീറ്റര്‍ അകലെയുള്ള പരിയാരം മെഡിക്കല്‍ കോളേജിലേക്ക് പോകേണ്ട ഗതികേടാണുള്ളത്. മുമ്പ് നിരാഹാരം നടത്തിയപ്പോള്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകളെ തുടര്‍ന്നാണ് പിന്‍വലിച്ചത്. എന്നാല്‍ അവയില്‍ പലതും പ്രവര്‍ത്തികമാക്കിയിട്ടില്ല. വ്യക്തിപരമായ ബന്ധമുണ്ടായിരുന്ന മന്ത്രി വീണ ജോര്‍ജുമായി സംസാരിച്ചത് പ്രകാരമാണ് ന്യൂറോളജിസ്റ്റിനെ അടക്കം നിയമിച്ചത്. അത്‌കൊണ്ടെന്ത് കാര്യം. മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെ ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുമോ, ദയാബായി ചോദിച്ചു.
പ്രബുദ്ധ കേരളത്തില്‍ എത്ര സമരങ്ങളാണ് നടക്കുന്നത്. ഇതെല്ലം കണ്ടില്ലെന്ന് നടിക്കാന്‍ ജനാധിപത്യ സര്‍ക്കാരിന് കഴിയില്ല. ഇനി അതിന് അനുവദിക്കാനും കഴിയില്ല. മരണം വരെ പോരാടുമെന്നും ദയാബായി പറഞ്ഞു. ജില്ലയിലെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനാണ് ദയാബായി ഒക്ടോബര്‍ രണ്ടു മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരം കിടക്കുന്നതെന്ന് വാര്‍ത്ത സമ്മേളനത്തില്‍ ഒപ്പമുണ്ടായിരുന്ന അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. എയിംസ് പ്രപ്പോസലില്‍ കാസര്‍കോടിനെ ഉള്‍പ്പെടുത്തുക, മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമാക്കുക, എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരത്തില്‍ മുന്നോട്ടുവെക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ സുബൈര്‍ പടുപ്പ്, കരീം ചൗക്കി, ഹമീദ് ചേരങ്കൈ, മുനീര്‍ കൊവ്വല്‍പ്പള്ളി, ഷാഫി കല്ലുവളപ്പില്‍, താജുദ്ദീന്‍ പടിഞ്ഞാര്‍, കൃപ എറണാകുളം, സ്‌നേഹ, മിസ്രിയ തുടങ്ങിയവരും സംബന്ധിച്ചു.

 

 

Latest News